Quantcast

യോഗിയെ നേരിടാമോ? സീറ്റ് നൽകാം; ബിജെപി എംഎൽഎയ്ക്ക് ഓഫറുമായി അഖിലേഷ് യാദവ്

യോഗി ആദിത്യനാഥ് മത്സരിക്കുന്ന ഗൊരക്പൂർ(അർബൻ) മണ്ഡലത്തിലെ സിറ്റിങ് എംഎൽഎ രാധാമോഹൻ അഗർവാളിനാണ് എസ്പി നേതാവ് അഖിലേഷ് യാദവ് സീറ്റ് വാഗ്ദാനം ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2022-01-17 15:08:34.0

Published:

17 Jan 2022 3:06 PM GMT

യോഗിയെ നേരിടാമോ? സീറ്റ് നൽകാം; ബിജെപി എംഎൽഎയ്ക്ക് ഓഫറുമായി അഖിലേഷ് യാദവ്
X

അയോധ്യയ്ക്ക് പകരം സ്വന്തം തട്ടകമായ ഗൊരക്പൂർ തിരഞ്ഞെടുത്ത യോഗിയെ നേരിടാൻ ബിജെപി എംഎൽഎയെ സ്വാഗതം ചെയ്ത് സമാജ്‌വാദി പാർട്ടി(എസ്പി) നേതാവ് അഖിലേഷ് യാദവ്. ഗൊരക്പൂർ(അർബൻ) സിറ്റിങ് എംഎൽഎ രാധാമോഹൻ അഗർവാളിനാണ് അഖിലേഷ് സീറ്റ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ലഖ്‌നൗവിൽ പാർട്ടി ആസ്ഥാനത്ത് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയിൽനിന്ന് ഇനി മന്ത്രിമാരെയും എംഎൽഎമാരെയും സ്വീകരിക്കുന്നില്ലെന്നും ബിജെപിക്ക് ഇനി എത്രപേർക്കും ടിക്കറ്റ് നിഷേധിച്ച് മുന്നോട്ടുപോകാമെന്നും ഇന്നലെ അഖിലേഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇന്ന് അഗർവാളിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു അഖിലേഷിന്റെ സീറ്റ് വാഗ്ദാനം. നിങ്ങൾക്ക് അദ്ദേഹവുമായി ബന്ധം സ്ഥാപിക്കാനും സംസാരിക്കാനുമാകുമെങ്കിൽ അദ്ദേഹത്തിന് ടിക്കറ്റ് നൽകുമെന്ന് അഖിലേഷ് പറഞ്ഞു. 2002 മുതൽ ഗൊരക്പൂർ അർബൻ എംഎൽഎയാണ് അഗർവാൾ.

മുഖ്യമന്ത്രിയുടെ(യോഗി ആദിത്യനാഥ്) സത്യപ്രതിജ്ഞാ ചടങ്ങ് ഞാൻ ഓർക്കുന്നുണ്ട്. അന്ന് ഞാൻ രാധാമോഹൻ അഗർവാളിനെ കണ്ടതാണ്. ഒരു ഇരിപ്പിടം കണ്ടെത്താനാകാതെ നിൽക്കുകയായിരുന്നു അദ്ദേഹം. ബിജെപി സർക്കാരിൽ ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ടയാളാണ് അഗർവാൾ-അഖിലേഷ് യാദവ് പറഞ്ഞു.

ബിജെപി വിട്ടുവരുന്ന എല്ലാവർക്കും സീറ്റ് നൽകാനാകില്ലെന്ന് ഇന്നും അഖിലേഷ് ആവർത്തിച്ചിരുന്നു. ബിജെപിക്ക് തന്നെ അവരുടെ ടിക്കറ്റ് വിതരണം ചെയ്യാമെന്നും എസ്പിയിലേക്ക് ഇപ്പോൾ എല്ലാവരെയും എടുക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, അഗർവാളിന്റെ പേര് മാധ്യമപ്രവർത്തകർ എടുത്തിട്ടപ്പോഴാണ് അദ്ദേഹത്തിന് ടിക്കറ്റ് നൽകാൻ തയാറാണെന്ന് അഖിലേഷ് അറിയിച്ചത്.

മൂന്നു മന്ത്രിമാരടക്കം നിരവധി എംഎൽഎമാരാണ് ബി.ജെ.പി പാളയത്തിൽനിന്ന് രാജിവച്ച് കഴിഞ്ഞ ദിവസങ്ങളിലായി സമാജ്‌വാദി പാർട്ടിയിൽ ചേർന്നത്. മന്ത്രിമാരായിരുന്ന സ്വാമി പ്രസാദ് മൗര്യയ്ക്കും ധരം സിങ് സൈനിക്കും ദാരാസിങ് ചൗഹാനും പുറമെ എംഎൽഎമാരായ ഭഗവതി സാഗർ, വിനയ് ശാക്യ, മുകേഷ് വർമ, റോഷൻലാൽ വർമ എന്നിവരാണ് ബിജെപിയിൽനിന്ന് എസ്പിയിലേക്ക് കൂടുമാറിയത്. തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് യു.പി ബിജെപിയിൽ വൻ പ്രതിസന്ധി സൃഷ്ടിച്ച് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളുടെ കൂട്ടരാജിയും കൂടുമാറ്റവും.

സ്വാമി പ്രസാദ് മൗര്യയാണ് രാജിപരമ്പരയ്ക്ക് തുടക്കമിട്ടത്. പിന്നാലെ തിന്ദ്വാരിയിൽനിന്നുള്ള ബ്രജേഷ് കുമാർ പ്രജാപതി, ബിധുനയിൽനിന്നുള്ള ശാക്യ, തിഹാറിലെ റോഷൻ ലാൽ വർമ, ഷികോഹാബാദിലെ മുകേഷ് വർമ എന്നീ എംഎൽമാരും രാജിപ്രഖ്യാപിച്ചു. ധാരാസിങ് ചൗഹാനും രാജിപ്രഖ്യാപിച്ചതോടെ കടുത്ത ഞെട്ടലിലാണ് ബിജെപി ക്യാംപ്. രാജിവച്ച എംഎൽഎമാർ പിന്നാക്ക വിഭാഗത്തിൽനിന്നുള്ളവരാണെന്നത് തിരിച്ചടിയുടെ ആഘാതം കൂട്ടുന്നു. ദലിത് പിന്നാക്ക വിഭാഗങ്ങളോട് ബിജെപി അവഗണന കാട്ടുന്നുവെന്ന് ആരോപിച്ചായിരുന്നു എല്ലാവരുടെയും രാജി.

Summary: Akhilesh Yadav offers seat To BJP MLA Radha Mohan Aggarwal to fight against Yogi Adityanath

TAGS :

Next Story