ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കേന്ദ്രം നിഷേധിക്കുന്നു: അഖിലേഷ് യാദവ്
സാമൂഹ്യനീതിയെ എക്കാലവും നിഷേധിച്ച ചരിത്രമാണ് ബി.ജെ.പിയുടേത് എന്ന് അഖിലേഷ് യാദവ്
ജാതി സെന്‍സസിനെ എതിര്‍ക്കുന്നത് വഴി ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ കേന്ദ്രം നിഷേധിക്കുകയാണെന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷനുമായ അഖിലേഷ് യാദവ്. ജാതിതിരിച്ചുള്ള സെന്‍സസ് പ്രായോഗികമല്ല എന്ന് കഴിഞ്ഞദിവസം കേന്ദ്രം സുപ്രീംകോടതിയില്‍ പറഞ്ഞിരുന്നു. കേന്ദ്രം എക്കാലവും സാമൂഹ്യനീതിയെ നിഷേധിച്ചിരുന്നു എന്ന് അഖിലേഷ് യാദവ് പറഞ്ഞു.
'ഒ.ബി.സി വിഭാഗങ്ങളുടെ ഒരുപാട് കാലമായുള്ള ആവശ്യമായ ജാതിസെന്‍സസിനെ എതിര്‍ക്കുന്നത് വഴി ജനസംഖ്യാനുപാതികമായി ഒ.ബി.സി വിഭാഗങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെ എതിര്‍ക്കുകയാണ് ബി.ജെ.പി. പണവും അധികാരവുമാണ് ബി.ജെ.പിയുടെ ആയുധങ്ങള്‍.സാമൂഹ്യ നീതിയെ എക്കാലവും നിഷേധിച്ച ചരിത്രമാണവരുടേത്'. അഖിലേഷ് യാദവ് പറഞ്ഞു.
നേരത്തെ ബിഹാര്‍ പ്രതിപക്ഷനേതാവ് തേജസ്വി യാദവും കേന്ദ്രനിലപാടിനെ വിമര്‍ശിച്ച് രംഗത്ത് വന്നിരുന്നു. ജാതി തിരിച്ചുള്ള സെന്‍സസിന് ഭരണപരമായ പ്രതിസന്ധികളുണ്ട് എന്നാണ് കേന്ദ്രം സുപ്രീം കോടതിയില്‍ പറഞ്ഞത്. അടുത്ത വര്‍ഷം ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് പ്രചാരണായുധമാക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷ കക്ഷികള്‍.
Adjust Story Font
16