Quantcast

എം.എൽ.എ സ്ഥാനം രാജിവെച്ച് അഖിലേഷ് യാദവ്: യു.പിയിൽ പുതിയ പ്രതിപക്ഷ നേതാവ് വരും

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശിലെ 37 സീറ്റും നേടി ഉജ്വല പ്രകടനമാണ് സമാജ്‌വാദി പാർട്ടി കാഴ്ചവെച്ചത്

MediaOne Logo

Web Desk

  • Updated:

    2024-06-12 10:44:01.0

Published:

12 Jun 2024 10:42 AM GMT

Akhilesh Yadav
X

ലക്‌നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കനൗജിൽ നിന്നും നിന്ന് വിജയിച്ച സമാജ്‌വാദി പാർട്ടി തലവൻ അഖിലേഷ് യാദവ് കര്‍ഹാല്‍ നിയോജക മണ്ഡലം എം.എൽ.എ സ്ഥാനം രാജിവെച്ചു. ഫൈസാബാദ് ലോക്‌സഭാ സീറ്റിൽ നിന്ന് വിജയിച്ചതിന് പിന്നാലെ പാർട്ടിയുടെ മുതിർന്ന നേതാവ് അവധേഷ് പ്രസാദും എം.എൽ.എ സ്ഥാനം രാജിവെച്ചു.

ഇരുവരുടെയും രാജി സംബന്ധിച്ച കത്ത് നിയമസഭാ പ്രിൻസിപ്പൽ സെക്രട്ടറി പ്രദീപ് ദുബെയുടെ ഓഫീസിൽ ലഭിച്ചു. 2022ലായിരുന്നു ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ്. കര്‍ഹാലിലെ വിജയത്തിന് പിന്നാലെ അദ്ദേഹത്തെ പ്രതിപക്ഷ നേതാവായും തെരഞ്ഞെടുത്തിരുന്നു. കര്‍ഹാലിന് പുറമെ മെയിന്‍പുരിയില്‍ നിന്നും അദ്ദേഹം ജനവിധി തേടിയിരുന്നു. ഒടുവില്‍ മെയിന്‍പുരി ഒഴിവാക്കിയ അഖിലേഷ്, കര്‍ഹാല്‍ നിലനിര്‍ത്തുകയായിരുന്നു.

അതേസമയം എം.എൽ.എ സ്ഥാനം രാജിവെക്കുന്നതോടെ പുതിയൊരു പ്രതിപക്ഷ നേതാവിനെയും തെരഞ്ഞെടുക്കേണ്ടിവരും. ഇതു സംബന്ധിച്ച ചോദ്യത്തിന് പാർട്ടിക്ക് മുതൽക്കൂട്ടാവുന്നൊരാളെ ആലോചിച്ച് പ്രഖ്യാപിക്കുമെന്നായിരുന്നു മറുപടി. എസ്പി നേതാവ് അവധേഷ് പ്രസാദും ബുധനാഴ്ച നിയമസഭാംഗത്വത്തിൽ നിന്ന് രാജിവച്ചിരുന്നു. മിൽകിപൂർ നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയായ പ്രസാദ്, അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ലോക്‌സഭാ സീറ്റിൽ നിന്നാണ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്.

രണ്ട് തവണ എം.പിയായിരുന്ന ലല്ലു സിംഗിനെ പരാജയപ്പെടുത്തിയായിരുന്നു അവധേഷ് പ്രസാദിന്റെ ലോക്സഭാ പ്രവേശം. അതേസമയം അഖിലേഷ് യാദവ് ലോക്‌സഭയിലെ പാർട്ടി നേതാവായിരിക്കുമെന്ന് സമാജ്‌വാദി പാർട്ടി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 37 സീറ്റും നേടി ഉജ്വല പ്രകടനമാണ് സമാജ്‌വാദി പാർട്ടി കാഴ്ചവെച്ചത്.

പാർട്ടിയുടെ ശക്തികേന്ദ്രമായ കനൗജിൽ ബി.ജെ.പി സ്ഥാനാർത്ഥി സുബ്രത് പഥക്കിനെ 1,70,922 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് അഖിലേഷ് ലോക്സഭയിലേക്ക് എത്തുന്നത്. ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി 37 സീറ്റ് നേടിയപ്പോള്‍ ബി.ജെ.പി 33 സീറ്റും കോൺഗ്രസ് 6 സീറ്റും രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) 2 സീറ്റും ആസാദ് സമാജ് പാർട്ടി (കാൻഷി റാം), അപ്നാ ദൾ (സോണിലാൽ) എന്നിവർ ഓരോ സീറ്റ് വീതവും നേടി. ഇന്‍ഡ്യ സഖ്യമാണ് യുപിയില്‍ മുന്നേറ്റമുണ്ടാക്കിയത്. 43 സീറ്റുകളാണ് സഖ്യം സ്വന്തമാക്കിയത്.

TAGS :

Next Story