അലിഗഢ് സർവകലാശാലയ്ക്ക് ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ വി.സി; പുതിയ നേട്ടത്തിൽ നൈമ ഖാത്തൂൻ
സർവകലാശാലയുടെ 103 വർഷത്തെ ചരിത്രത്തിൽ ഈ തസ്തികയിലേക്ക് നിയമിക്കപ്പെടുന്ന ആദ്യ വനിതയാണ് ഖാത്തൂൻ.
അലിഗഢ്: അലിഗഢ് മുസ്‌ലിം സർവകലാശാലയ്ക്ക് ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ വി.സി. പ്രൊഫ. നൈമ ഖാത്തൂനെ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിയമിച്ചു. 1920ൽ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി നിലവിൽ വന്ന് 103 വർഷം പിന്നിടുമ്പോൾ ആദ്യമായാണ് ഒരു വനിത വി.സി സ്ഥാനത്ത് എത്തുന്നത്.
അഞ്ച് വർഷത്തേക്കാണ് നിയമനം. രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ അനുമതി ലഭിച്ച ശേഷമായിരുന്നു നിയമനമെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചു. നിയമത്തിന് പിന്നിൽ ഒരു രാഷ്ട്രീയ നേട്ടവും ഉണ്ടാവരുത് എന്ന വ്യവസ്ഥയിൽ നിലവിൽ വിമൻസ് കോളജ് പ്രിൻസിപ്പലായ നൈമ ഖാത്തൂനെ എഎംയു വിസിയാക്കുന്നതുമായി ബന്ധപ്പെട്ട നിർദേശത്തിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയതായി ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇതോടെ, വനിതാ വൈസ് ചാൻസലർ ഉണ്ടാവുന്ന മൂന്നാമത്തെ കേന്ദ്ര സർവകലാശാലയായി അലിഗഢ് യൂണിവേഴ്സിറ്റി മാറി. ശാന്തിശ്രീ ധൂലിപ്പുടി ഡൽഹി ജവഹർലാൽ നെഹ്രു സർവകലാശാലയുടെ നിലവിലെ വി.സി ആയിരിക്കെ, നജ്മ അക്തർ 2023ൽ ജാമിയ മില്ലിയ ഇസ്‌ലാമിയയുടെ വൈസ് ചാൻസലറായി കാലാവധി പൂർത്തിയാക്കിയിരുന്നു.
അലിഗഢ് യൂണിവേഴ്സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ പിഎച്ച്ഡി പൂർത്തിയാക്കിയ നൈമ ഖാത്തൂൻ, 1988ൽ ഇതേ ഡിപ്പാർട്ട്മെന്റിൽ ലെക്ചറർ ആയി നിയമിതയായി. തുടർന്ന് 2006ൽ പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചു. സർവകലാശാലയുടെ 103 വർഷത്തെ ചരിത്രത്തിൽ ഈ തസ്തികയിലേക്ക് നിയമിക്കപ്പെടുന്ന ആദ്യ വനിതയാണ് ഖാത്തൂൻ.
1920ൽ ബീഗം സുൽത്താൻ ജഹാൻ ആണ് അലിഗഢ് യൂണിവേഴ്സിറ്റിയുടെ ആദ്യ ചാൻസലറായത്. യൂണിവേഴ്സിറ്റിയിൽ ആ സ്ഥാനം വഹിക്കുന്ന ആദ്യത്തെയും ഏക വനിതയുമാണ് ബീഗം സുൽത്താൻ ജഹാൻ. എന്നാൽ, വി.സി പദത്തിൽ ഒരു വനിതയെത്താൻ വീണ്ടും 103 വർഷം കാത്തിരിക്കേണ്ടിവന്നു. 1875ൽ സ്ഥാപിതമായ മുഹമ്മദൻ ആംഗ്ലോ-ഓറിയൻ്റൽ കോളജ് ആണ് 1920ൽ അലിഗഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി ആയി മാറിയത്.
2020 സെപ്തംബറിൽ, 100 വർഷം പൂർത്തിയാക്കിയ അലിഗഢ് യൂണിവേഴ്സിറ്റി ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സർവകലാശാലകളിൽ ഒന്നായി മാറി. സർവകലാശാലയിൽ ഇതുവരെ ഒരു വനിതാ വൈസ് ചാൻസലർ ഉണ്ടായിരുന്നില്ല. ഉത്തർപ്രദേശ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി നാമനിർദേശം ചെയ്തതിനെത്തുടർന്ന് അന്നത്തെ വി.സി താരിഖ് മൻസൂർ ആ സ്ഥാനത്ത് നിന്ന് രാജിവച്ചതിനെത്തുടർന്ന് ഖാത്തൂനിൻ്റെ ഭർത്താവ് പ്രൊഫസർ മുഹമ്മദ് ഗുൽറസിനെ എഎംയു ആക്ടിങ് വൈസ് ചാൻസലറായി നിയമിച്ചിരുന്നു.
Adjust Story Font
16