എല്ലാ മതപരിവർത്തനങ്ങളും നിയമവിരുദ്ധമല്ല: സുപ്രിംകോടതി
മതപരിവര്‍ത്തനത്തിന് മുന്‍പ് നോട്ടീസ് നൽകാത്തവര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാരിനെ തടഞ്ഞ മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചുകൊണ്ടാണ് സുപ്രിംകോടതിയുടെ ഈ നിരീക്ഷണം
ഡല്‍ഹി: എല്ലാ മതപരിവർത്തനങ്ങളും നിയമവിരുദ്ധമാണെന്ന് പറയാനാവില്ലെന്ന് സുപ്രിംകോടതി. മതപരിവര്‍ത്തനത്തിന് 60 ദിവസം മുന്‍പ് നോട്ടീസ് നൽകാത്തവര്‍ക്കെതിരെ ശിക്ഷാനടപടി സ്വീകരിക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാരിനെ തടഞ്ഞ മധ്യപ്രദേശ് ഹൈക്കോടതിയുടെ വിധി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചുകൊണ്ടാണ് സുപ്രിംകോടതി ഈ നിരീക്ഷണം നടത്തിയത്. ജസ്റ്റിസുമാരായ എം.ആർ ഷാ, സി.ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നിരീക്ഷണം.
ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മധ്യപ്രദേശ് സർക്കാരിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഹാജരായത്. മതപരിവർത്തനത്തിനോ വിവാഹത്തിനോ വിലക്കില്ലെന്നും എന്നാൽ ജില്ലാ മജിസ്‌ട്രേറ്റിനെ ഇക്കാര്യം 60 ദിവസം മുന്‍പ് അറിയിക്കണമെന്നു മാത്രമേയുള്ളൂവെന്നും തുഷാർ മേത്ത വാദിച്ചു. എന്നാൽ എല്ലാ മതപരിവർത്തനങ്ങളെയും നിയമവിരുദ്ധമായി കണക്കാക്കാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.
മധ്യപ്രദേശ് ഹൈക്കോടതിയുടെ 2022 നവംബറിലെ ഉത്തരവിനെതിരെയാണ് മധ്യപ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. പ്രായപൂര്‍ത്തിയായ പൗരന്മാർ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുകയും 2021ലെ മധ്യപ്രദേശ് മതസ്വാതന്ത്ര്യ നിയമത്തിന്റെ (എം.പി.എഫ്.ആർ.എ) സെക്ഷൻ 10 ലംഘിക്കുകയും ചെയ്താൽ അവരെ പ്രോസിക്യൂട്ട് ചെയ്യുന്നതിൽ നിന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിനെ വിലക്കിയിരുന്നു. മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപൂർ ബെഞ്ചിലെ ജസ്റ്റിസുമാരായ സുജോയ് പോൾ, പ്രകാശ് ചന്ദ്ര ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് എം.പി.എഫ്.ആർ.എയുടെ 10-ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
മതം മാറാൻ പോകുന്ന വ്യക്തികളും മതപരിവർത്തനത്തിന് കാര്‍മികത്വം വഹിക്കുന്നവരും 60 ദിവസം മുമ്പ് ജില്ലാ കലക്ടറെ അറിയിക്കണമെന്നായിരുന്നു മധ്യപ്രദേശില്‍ 2021ല്‍ പാസ്സാക്കിയ മതസ്വാതന്ത്ര്യ നിയമത്തിലെ വ്യവസ്ഥ. മതംമാറ്റം പ്രലോഭനത്താലോ ഭീഷണിയാലോ അല്ലെന്ന സത്യവാങ്മൂലമാണ് നല്‍കേണ്ടിയിരുന്നത്-
"മതപരിവർത്തനം ആഗ്രഹിക്കുന്ന ഒരു പൗരന്‍ ജില്ലാ കലക്ടറെ ഇക്കാര്യം നിര്‍ബന്ധമായും അറിയിക്കണമെന്ന് 2021ലെ നിയമത്തിലെ സെക്ഷൻ 10ല്‍ പറയുന്നു. അത് ഞങ്ങളുടെ അഭിപ്രായത്തിൽ ഭരണഘടനാ വിരുദ്ധമാണ്. അതിനാൽ കൂടുതൽ ഉത്തരവുകൾ ഉണ്ടാകുന്നതുവരെ പ്രായപൂർത്തിയായ പൗരന്മാർ സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചാൽ അവരെ പ്രോസിക്യൂട്ട് ചെയ്യരുത്. കൂടാതെ സെക്ഷൻ 10ന്‍റെ ലംഘനത്തിന് നിർബന്ധിത നടപടി സ്വീകരിക്കരുത്" എന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്.
ഇന്ന് തുഷാര്‍ മേത്തയുടെ വാദത്തിന് മറുപടിയായി, സെക്ഷൻ 10 സ്റ്റേ ചെയ്തിട്ടില്ലെന്നും സെക്ഷൻ 10 പ്രകാരമുള്ള നടപടികളാണ് സ്റ്റേ ചെയ്തതെന്നും സുപ്രിംകോടതിയുടെ ബെഞ്ച് വ്യക്തമാക്കി. സെക്ഷന്‍ 10 ലംഘിക്കുന്നവര്‍ക്ക് ശിക്ഷയില്ലെങ്കില്‍ മുന്‍കൂട്ടി അനുമതി വാങ്ങാതെയുള്ള മതംമാറ്റങ്ങള്‍ വ്യാപകമാകുമെന്ന് തുഷാര്‍ മേത്ത ആവര്‍ത്തിച്ചു. വിവാഹം മതപരിവർത്തനത്തിന് ഉപയോഗിക്കപ്പെടുന്നുവെന്നും സമൂഹമെന്ന നിലയില്‍ ഇക്കാര്യത്തോട് കണ്ണടയ്ക്കാനാവില്ലെന്നും മധ്യപ്രദേശ് സര്‍ക്കാരിനു വേണ്ടി ഹാജരായ തുഷാര്‍ മേത്ത വ്യക്തമാക്കി. മതസ്വാതന്ത്ര്യ നിയമത്തിലെ സെക്ഷന്‍ 10 പ്രകാരമുള്ള ശിക്ഷാനടപടിയുടെ സ്റ്റേയിലേക്ക് നയിച്ച ഹരജി നല്‍കിയ സാമുവല്‍ ഡാനിയലിന് സുപ്രിംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ സുപ്രിംകോടതി ഹരജി വീണ്ടും പരിഗണിക്കും.
Summary- The Supreme Court on Tuesday declined to stay the Madhya Pradesh High Court's judgement which restrained the state government from taking any coercive action against any person for not giving 60 days prior notice before converting to another religion.
Adjust Story Font
16