Quantcast

വിവാഹ പ്രായം ഉയർത്തുന്നതിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ

ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നത് തടയാൻ ഇത് കാരണമാകുമെന്നും ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോലും ക്രിമിനൽവത്കരിക്കപ്പെടുമെന്നും അസോസിയേഷൻ

MediaOne Logo

Web Desk

  • Updated:

    2021-12-17 09:09:56.0

Published:

17 Dec 2021 8:01 AM GMT

വിവാഹ പ്രായം ഉയർത്തുന്നതിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷൻ
X

പെൺകുട്ടികളുടെ വിവാഹം പ്രായം 21 ലേക്ക് ഉയർത്താനുളള തീരുമാനത്തിനെതിരെ ഇടതുപക്ഷ സംഘടനയായ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ. ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തെരഞ്ഞെടുക്കുന്നത് തടയാൻ ഇത് കാരണമാകുമെന്നും ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം പോലും ക്രിമിനൽവത്കരിക്കപ്പെടുമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ ചൂണ്ടിക്കാട്ടി.

'പെൺകുട്ടികളുടെ വിവാഹപ്രായം 18 വയസ്സിൽ നിന്ന് 21 ആക്കി ഉയർത്താനുള്ള കേന്ദ്ര കാബിനറ്റ് തീരുമാനത്തോട് അസോസിയേഷൻ ശക്തമായി വിയോജിക്കുന്നു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയവ നിറവേറ്റുന്നതിൽ സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ 'സ്ത്രീ ശാക്തീകരണ'ത്തിന് വേണ്ടിയുള്ള ഈ നീക്കം ഒരർത്ഥത്തിലും ഫലപ്രദമല്ല. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് വിവാഹത്തിലെ അവരുടെ തെരഞ്ഞെടുപ്പുകളെയും ഇഷ്ടങ്ങളെയും പ്രതികൂലമായി ബാധിക്കും. ഒരു പെൺകുട്ടിയുടെ ലൈംഗികതയെ നിയന്ത്രിക്കാനേ നിയമം ഉപകരിക്കൂ. യുവാക്കൾ തമ്മിലുള്ള ഉഭയസമ്മതത്തോടെയുള്ള ലൈംഗിക പ്രവർത്തനങ്ങൾ ക്രിമിനൽവൽക്കരിക്കുന്നത് പലപ്പോഴും തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം എന്നീ കുറ്റകൃത്യങ്ങൾക്ക് കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നു. അതുകൊണ്ടു തന്നെ ഇത്തരം നിയമങ്ങൾ സ്ത്രീകൾക്ക് ഭരണഘടന ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കും സ്വയംനിർണയാവകാശത്തിനും മേലുള്ള കടന്നുകയറ്റമാണ്.' - അസോസിയേഷൻ വ്യക്തമാക്കി.

'ലിംഗസമത്വം കൊണ്ടുവരാൻ സ്ത്രീകളുടെ വിവാഹപ്രായം ഉയർത്തണമെന്ന വാദം തെറ്റാണ്. ആൺകുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന് നേരത്തെ അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. 18-ാം നിയമ കമ്മീഷനും ഇതേ ശിപാർശ നൽകിയിരുന്നു. ക്രിമിനൽ ശിക്ഷകളിൽ നിന്ന് ആൺകുട്ടികൾക്ക് പരിരക്ഷ നൽകുന്നതാകുമിത്.' - പ്രസ്താവനയിൽ അസോസിയേഷൻ ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായ പരിധി 18 ൽ നിന്ന് 21 വയസാക്കി ഉയർത്താൻ കഴിഞ്ഞ ദിവസമാണ് കേന്ദ്രസർക്കാർ തീരുമാനിച്ചത്. സ്ത്രീ -പുരുഷ വിവാഹം പ്രായം ഏകീകരിക്കുമെന്ന് 2020 സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി പ്രഖ്യാപനം നടത്തിയിരുന്നു. പാർലമെൻറ് സമ്മേളനത്തിന് മുമ്പ് ചേർന്ന കേന്ദ്രമന്ത്രിസഭയോഗമാണ് വിവാഹ പ്രായം ഏകീകരിക്കാനുള്ള നടപടികൾക്ക് അംഗീകാരം നൽകിയിരുന്നു. വിദഗ്ധരുമായി വിപുലമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. 16 ഓളം സർവകലാശാലയിൽ നിന്ന് വിദ്യാർഥികളുടെ അഭിപ്രായമെടുത്തിരുന്നു. വിവാഹപ്രായം 22ഓ 23 വയസാക്കി വർധിപ്പിക്കണമെന്നായിരുന്നു വിദ്യാർഥികളിൽ കൂടുതലുംആവശ്യപ്പെട്ടിരുന്നത്. വിദ്യാർഥികൾക്ക് പുറമെ രക്ഷിതാക്കൾ,അധ്യാപകർ തുടങ്ങി പലരുടെയും അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ എടുത്തിരുന്നു.

വിവാഹം പ്രായം വർദ്ധിപ്പിക്കുന്ന വിഷയത്തിൽ പാർലമെന്റിൽ അടിയന്തര പ്രമേയത്തിനു മുസ്ലിം ലീഗ് നോട്ടീസ് നൽകിയിരിക്കുകയാണ്. രാജ്യസഭയിലും ലോകസഭയിലും നോട്ടീസ് നൽകിയിട്ടുണ്ട്. ലോക്സഭയിൽ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദു സമദ് സമദാനി എന്നിവരാണ് നോട്ടീസ് നൽകിയത്. രാജ്യസഭയിൽ പിവി അബ്ദുൽ വഹാബും നോട്ടീസ് നൽകി. ബിൽ വന്നാൽ ശക്തിയായി എതിർക്കുമെന്നും രാജ്യത്ത് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ് കേന്ദ്രസർക്കാറെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കുന്നത് സാധൂകരിക്കപ്പെടുന്ന രാജ്യത്ത് വിവാഹപ്രായം കൂട്ടുന്നത് എങ്ങനെയാണ് ന്യായീകരിക്കുകയെന്നും അദ്ദേഹം ചോദിച്ചു. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്ന തീരുമാനം യുക്തിഭദ്രമല്ലെന്നും വിഷയം പഠിക്കാതെയാണ് നിയമം നടപ്പാക്കാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാഹം,വിവാഹമോചനം എന്നിവയിൽ മുസ്ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലാണെന്നും ഏകീകൃത സിവിൽ കോഡിലേക്കുള്ള വഴിയാണ് സ്ത്രീകളുടെ വിവാഹപ്രായം വർദ്ധിപ്പിക്കലെന്നും അദ്ദേഹം പറഞ്ഞു.

All India Democratic Women's Association Against the decision to raise the age of marriage for girls to 21

TAGS :

Next Story