എന്താണ് പെഗാസസ്? ഇസ്രായേല്‍ സ്പൈവെയര്‍ ലക്ഷ്യമിടുന്നത് ആരെയാണ്? എന്താണ് പുതിയ വിവാദം?
പെഗാസസ് ചാരവൃത്തി വരുംദിവസങ്ങളില്‍ ദേശീയരാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിക്കുമെന്നുറപ്പാണ്. വിവാദ പെഗാസസ് സ്‌പൈവെയറിനെക്കുറിച്ചും അതിന്‍റെ പ്രവർത്തനരീതിയെക്കുറിച്ചും അറിയാം
പെഗാസസ് ഫോൺ ചോർത്തൽ പുതിയൊരു രാഷ്ട്രീയ വിവാദമായി രാജ്യത്ത് ചൂടുപിടിക്കുകയാണ്. സ്പൈവെയര്‍വഴിയുള്ള ഈ ചാരവൃത്തി വരുംദിവസങ്ങളില്‍ ദേശീയരാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിക്കുമെന്നുറപ്പാണ്. പാർലമെന്റ് വർഷക്കാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ചാരവൃത്തിയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളത്തിൽ മുങ്ങിയ പശ്ചാത്തലത്തിൽ എന്താണ് വിവാദ പെഗാസസ് സ്‌പൈവെയറെന്നും എങ്ങനെയാണ് ഇതിന്റെ പ്രവർത്തനരീതിയെന്നും മനസിലാക്കാം.
എന്താണ് പെഗാസസ് ചാരവലയം?
ചാരവൃത്തിക്കു വേണ്ടിയുള്ള അതിനൂതന മാൽവെയർ സോഫ്റ്റ്‌വെയറാണ് അല്ലെങ്കിൽ സ്‌പൈവെയറാണ് പെഗാസസ്. ഇസ്രായേൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻഎസ്ഒ കമ്പനിയാണ് ഈ സ്‌പൈവെയർ അഥവാ ചാരവലയം വികസിപ്പിച്ചെടുത്തിട്ടുള്ളത്. കംപ്യൂട്ടറുകളും സ്മാർട്ട്‌ഫോണുകളും ഹാക്ക് ചെയ്ത് വിവരങ്ങൾ ചോർത്തി മറ്റു കക്ഷികൾക്ക് കൈമാറുകയാണ് ഇവരുടെ രീതി. ഫോണിലും കംപ്യൂട്ടറിലുമുള്ള ഫോട്ടോ, ചാറ്റിങ്, ലൊക്കേഷൻ, മറ്റു വ്യക്തിവിവരങ്ങളെല്ലാം ഇതുവഴി ചോർത്തുന്നുണ്ട്.
2016ലാണ് ആദ്യമായി പെഗാസസ് ചാരവലയം വാർത്തകളിൽ ഇടംപിടിക്കുന്നത്. യുഎഇയിലെ സാമൂഹിക പ്രവർത്തകനായ അഹ്മദ് മന്‍സൂറിന്‍റെ ഐഫോണിലാണ് സംശയാസ്പദമായ മെസേജ് ആദ്യമായി ശ്രദ്ധയില്‍പെട്ടത്. ഇത് അന്താരാഷ്ട്രതലത്തില്‍ വാര്‍ത്തയായതിനു പിറകെ പെഗാസസ് ഉപയോഗപ്പെടുത്തുന്ന പഴുതുകളെല്ലാം അടച്ച് ആപ്പിൾ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് നടത്തി. സംഭവത്തിനു ശേഷം ആൻഡ്രോയ്ഡ് ഫോണുകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.
2019ൽ പെഗാസസ് ചാരവലയത്തിന്റെ നിർമാതാക്കളെന്ന നിലയ്ക്ക് എൻഎസ്ഒക്കെതിരെ ഫേസ്ബുക്ക് നിയമനടപടി സ്വീകരിച്ചു. കമ്പനിക്കു കീഴിലുള്ള വാട്‌സ്ആപ്പ് വഴി ഇന്ത്യയിലടക്കമുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും സാമൂഹിക പ്രവർത്തകരുടെയും വിവരങ്ങൾ ചോർത്തിയതായി ആക്ഷേപമുയർന്നതിനു പിറകെയായിരുന്നു ഇത്.
എങ്ങനെയാണ് ചാരപ്രവർത്തനം?
ലോകത്ത് നിലവിലുള്ള ഏറ്റവും നൂതനമായ ഹാക്കിങ് സംവിധാനമാണ് പെഗാസസ്. അതുകൊണ്ടു തന്നെ തങ്ങളുടെ ഫോണുകൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്ന സൂചന പോലും ഉപയോക്താവിന് ലഭിക്കില്ല. എങ്ങനെയാണ് പെഗാസസ് ഫോണുകളും കംപ്യൂട്ടറുകളും ഹാക്ക് ചെയ്യുന്നതെന്ന് അറിയാം:
ഐഫോണുകളെയും ആൻഡ്രോയ്ഡ് ഫോണുകളെയുമാണ് പ്രധാനമായും ഈ സ്‌പൈവെയറുകൾ ലക്ഷ്യമിടുന്നത്. ഫോണുകളിലും കംപ്യൂട്ടറുകളിലുമുള്ള സോഫ്റ്റ്‌വെയറുകളിലെ പഴുതുകളും സുരക്ഷാ വീഴ്ചകളും ചൂഷണം ചെയ്താണ് മാൽവെയർ സ്ഥാപിക്കുക.
ഒരൊറ്റ മിസ്‌കോളിലൂടെയായിരിക്കും ഈ സ്‌പൈവെയർ ഫോണുകളിൽ പ്രവേശിക്കുക. വൈറസ് പ്രവേശിച്ചുകഴിഞ്ഞാൽ കോൾലോഗിൽനിന്ന് മിസ്‌കോൾ വന്ന നമ്പർ ഡിലീറ്റ് ചെയ്യുകയും ചെയ്യും. ചാരവൃത്തിശ്രമത്തിന്റെ ഭാഗമായി ഒരു തരിമ്പും തെളിവ് അവശേഷിക്കാതിരിക്കാനാണിത്. അതിനുമാത്രം ഏറ്റവും നവീനമായ സങ്കേതങ്ങളും രഹസ്യാത്മകമായ സജ്ജീകരണങ്ങളും ഉപയോഗിച്ചാണ് ഈയൊരു സ്‌പൈവെയർ വികസിപ്പിച്ചിരിക്കുന്നത്.
മിസ്‌കോളുകൾക്കു പുറമെ ലിങ്കുകൾ, മെസേജുകൾ വഴിയെല്ലാം പെഗാസസ് ചാരവൃത്തി നടക്കുന്നുണ്ട്. ഇത്തരം ലിങ്കുകളിലോ മെസേജുകളിലോ ക്ലിക്ക് ചെയ്യുന്നതോടെ സ്‌പൈവെയർ ഫോണുകളിൽ കടന്നുകയറും. ഫോണിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്യും.
ഫോണിലുള്ള ഫോട്ടോകളും രഹസ്യവിവരങ്ങളും ചോർത്തുകയാണ് പ്രധാനമായും പെഗാസസ് ചെയ്യുന്നത്. ഇതോടൊപ്പം കാളർ ലോഗുകൾ, കോണ്ടാക്ട് ലിസ്റ്റ്, ഇ-മെയില്‍, എസ്എംഎസ്, ജിപിഎസ് തുടങ്ങി എല്ലാ വിവരങ്ങള്‍ തൊട്ട് എൻക്രിപ്റ്റ് ചെയ്യപ്പെട്ട വാട്‌സ്ആപ്പ് ചാറ്റുകൾ വരെ ഇതുവഴി ചോർത്താനാകും.
ആരെയാണ് ലക്ഷ്യമിടുന്നത്?
ഭീകരപ്രവർത്തനങ്ങളും കുറ്റകൃത്യങ്ങളും കണ്ടെത്താൻ വേണ്ടി ഭരണകൂടങ്ങളെ സഹായിക്കുക ലക്ഷ്യമിട്ടാണ് സോഫ്റ്റ്‌വെയർ വികസിപ്പിച്ചതെന്നാണ് എൻഎസ്ഒ അവകാശപ്പെടുന്നത്. ഈയൊരു താൽപര്യത്തിനായി ലഭ്യമായതില്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് മാൽവെയർ വികസിപ്പിച്ചതെന്നും ഇവർ പറയുന്നു.
ഭരണകൂടങ്ങൾക്ക് അവർ ലക്ഷ്യമിടുന്നവരെ നിരീക്ഷിക്കാനും ചാരപ്രവർത്തനം നടത്താനുമുള്ള ആയുധമാണ് പെഗാസസ് എന്ന് അതിന്റെ നിർമാതാക്കളുടെ വാദത്തിൽനിന്നു തന്നെ വ്യക്തമാണ്. അടിസ്ഥാനപരമായി പൗരന്മാരെയും തങ്ങൾക്കു ഭീഷണിയോ വെല്ലുവിളിയോ ഉയർത്തുന്നവരെയും പിന്തുടരാന്‍ ഭരണകൂടങ്ങൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും നൂതനമായ ചാരവൃത്തി മാർഗമാണിത്. തങ്ങള്‍ ആഗ്രഹിക്കുന്ന ആരുടെയും രഹസ്യവിവരങ്ങളും ഇടപെടലുകളും സമ്പർക്കങ്ങളും വിശദമായിത്തന്നെ ചോർത്താന്‍ ഭരണകൂടത്തിന് ഒരൊറ്റ മിസ്‌കോൾ മാത്രം മതിയെന്നർത്ഥം.
പുത്തന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു വികസിപ്പിച്ചതിനാൽ ഈ സ്‌പൈവെയറിന് ഭീമൻ വിലയുമുണ്ട്. നിർമാതാക്കൾ തന്നെ പറയുന്നത് ഭരണകൂട സംവിധാനങ്ങൾക്കു മാത്രമാണ് ഇപ്പോൾ അവർ പെഗാസസ് വിൽക്കുന്നതെന്നാണ്. അതുകൊണ്ടുതന്നെ ഭരണകൂടങ്ങളില്‍നിന്നല്ലാതെയുള്ള ഹാക്കിങ്ങുകള്‍ പെഗാസസ് വഴിയുണ്ടാകില്ലെന്നു മാത്രം തൽക്കാലത്തേക്ക് ആശ്വസിക്കാം.
എന്താണ് ഇപ്പോഴത്തെ രാഷ്ട്രീയ വിവാദം?
2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപാണ് ഇന്ത്യയിലും പെഗാസസിനെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങുന്നത്. 2019ൽ ആഗോളതലത്തിൽ തന്നെ നടന്ന പെഗാസസ് സൈബർ ആക്രമണത്തിൽ ഇന്ത്യയിലെ പ്രമുഖ അക്കാദമീഷ്യന്മാരും അഭിഭാഷകരും മാധ്യമപ്രവർത്തകരും സാമൂഹികപ്രവർത്തകരുമെല്ലാം ഇരയായതായി പരാതിയുയർന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് വീണ്ടും പെഗാസസ് ഇന്ത്യയിൽ രാഷ്ട്രീയവിവാദമായി ഉയര്‍ന്നിരിക്കുന്നത്. മാധ്യമസ്ഥാപനങ്ങളുടെ അന്താരാഷ്ട്ര കൂട്ടായ്മയാണ് ഇന്ത്യയിലെ പ്രമുഖരായ 300ഓളം പേരുടെ മൊബൈൽ ഫോണുകൾ പെഗാസസ് വഴി ഹാക്ക് ചെയ്യപ്പെട്ട വിവരം പുറത്തുവിട്ടത്. ഹാക്ക് ചെയ്യപ്പെട്ടവരിൽ രാഹുൽ ഗാന്ധി, പ്രമുഖ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ, കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പ്രഹ്ലാദ് സിങ് പട്ടേൽ, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണർ അശോക് ലവാസ, തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് കിഷോർ, രാഹുൽ ഗാന്ധിയുടെ അടുത്ത സുഹൃത്തായ അലങ്കാർ സവായി എന്നിവരും ഉൾപ്പെടും.
Adjust Story Font
16