ആദ്യമായി ലഭിച്ച പോളിങ് കേന്ദ്രത്തിൽ വോട്ടുചെയ്ത് മുഴുവൻ ഗ്രാമവാസികളും
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായാണ് ബുറുദ്മാൽ ഗ്രാമത്തിൽ പോളിങ് ബൂത്ത് സ്ഥാപിക്കുന്നത്
മുംബൈ: ആദ്യമായി സ്വന്തം ഗ്രാമത്തിലെ പോളിങ് കേന്ദ്രത്തിൽ വോട്ട് ചെയ്ത് മഹാരാഷ്ട്രയിലെ ബുറുദ്മാൽ ഗ്രാമത്തിലെ ജനങ്ങൾ. ബാരാമതി ലോക്സഭാ മണ്ഡലത്തിലെ ഭോർ ടൗണിൽ നിന്ന് 30 കിലോമീറ്റർ അകലെ സഹ്യാദ്രി മലനിരകളിലാണ് ബുറുദ്മാൽ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായാണ് ഗ്രാമത്തിൽ പോളിങ് ബൂത്ത് സ്ഥാപിക്കുന്നത്. കേന്ദ്രത്തിലെ മുഴുവൻ വോട്ടർമാരും വോട്ട് രേഖപ്പെടുത്തിയതോടെ 100 ശതമാനം പോളിങ് ഇവിടെ രേഖപ്പെടുത്തി.
കേന്ദ്രത്തിൽ ആകെ 40 വോട്ടർമാരാണുണ്ടായിരുന്നത്. വോട്ടർമാരിൽ ആദ്യമായി വോട്ട് ചെയ്യുന്ന ആറ് പേരും ഉൾപ്പെടുന്നു. എല്ലാവരും വോട്ട് ചെയ്തു. ഉപജീവനത്തിനായി മുംബൈ, പൂനെ തുടങ്ങിയ നഗരങ്ങളിലേക്ക് പോയ യുവ വോട്ടർമാരും ഇവിടെ വോട്ടുചെയ്യാൻ എത്തിയിരുന്നു. മൈലുകൾ സഞ്ചരിക്കാതെ ചുട്ടുപൊള്ളുന്ന വെയിലോ ദുഷ്‌കരമായ ഭൂപ്രദേശമോ സഹിക്കാതെ സ്വന്തം ഗ്രാമത്തിലെ പോളിങ് ബൂത്തിൽ തന്നെ വോട്ട് ചെയ്യാമെന്ന സന്തോഷത്തിലാണ് ഗ്രാമവാസികൾ.
നേരത്തെ ഇവിടെയുള്ള വോട്ടർമാർക്ക് വോട്ട് ചെയ്യാൻ സാങ്‌വി ഗ്രാമത്തിലേക്ക് ഭട്ഗർ അണക്കെട്ടിന്റെ കായൽ കടന്ന് 14 കിലോമീറ്റർ ദൂരം പോകണമായിരുന്നു. റോഡ് മാർഗമാണെങ്കിൽ 18 കിലോമീറ്ററും.
2019 ൽ താൻ ഗ്രാമം സന്ദർശിച്ചിരുന്നു. ഇവിടെയുള്ള ആളുകൾ അവരുടെ വോട്ടവകാശം വിനിയോഗിക്കുന്നതിന് ഒരുപാട് പ്രതിസന്ധികൾ നേരിടുകയായിരുന്നു. പ്രശ്‌നം പരിഹരിക്കാനാണ് ഇവിടെ ഒരു പോളിങ് ബൂത്ത് സ്ഥാപിച്ചത്. 40 വോട്ടർമാരാണ് പോളിങ് ബൂത്തിൽ തങ്ങളുടെ അവകാശം വിനിയോഗിച്ചത്. സാങ്കേതികമായി ഇവിടെ ആകെ 41 വോട്ടർമാരുണ്ട്. ഇതിൽ ഒരാളുടെ പേരിൽ രണ്ട് വോട്ടുകൾ ഉണ്ടായിരുന്നതിനാൽ ഇലക്ടറൽ റോൾ അനുസരിച്ച് 97.76 ശതമാനമാണ് പോളിങെന്നും സബ് ഡിവിഷണൽ ഓഫീസർ ഭോർ രാജേന്ദ്ര കചാരി പറഞ്ഞു.
Adjust Story Font
16