'വിനോദ സഞ്ചാരികളെ ഞങ്ങള്‍ തടയില്ല'; ഭാരത് ജോഡോ ന്യായ് യാത്രയെ പരിഹസിച്ച് ഹിമന്ത ബിശ്വ ശർമ
അസമിൽ സ്കൂൾ ഗ്രൗണ്ടുകൾ വേദിയാക്കാൻ വിട്ടു നൽകില്ലെന്നും അസം സർക്കാർ അറിയിച്ചു
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര അസം സർക്കാർ തടയുന്നെന്ന കോൺഗ്രസ് ആരോപണത്തെ പരിഹസിച്ച് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വിനോദ സഞ്ചാരികളെ തങ്ങൾ തടയില്ലെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. അസമിൽ സ്കൂൾ ഗ്രൗണ്ടുകൾ വേദിയാക്കാൻ വിട്ട് നൽകില്ലെന്നും അസം സർക്കാർ അറിയിച്ചു.
മണിപ്പൂരിലെ തൗബാൽ യാത്രയുടെ വേദി ആക്കുന്ന കാര്യത്തിൽ കോൺഗ്രസ് ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകും. ഗുവാഹത്തിയിൽ രാവിലെ എട്ട് മണിക്ക് മുൻപ് യാത്ര നടത്തണം എന്നാണ് വാർത്താസമ്മേളനം നടത്തി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടത്. അസമിലെ സ്കൂളുകളുടെയോ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ ഗ്രൗണ്ടുകൾ യാത്രയ്ക്കായി വിട്ട് നൽകില്ല. ദേശീയ പാതയിലൂടെ യാത്രയ്ക്ക് കടന്നു പോകാം. മറ്റ് പാതകളിൽ ആംബുലൻസുകൾ നിരന്തരം കടന്ന് പോകുന്നതിനാൽ യാത്ര അനുവദിക്കില്ല. യാത്രയെ സംബന്ധിച്ച് അപേക്ഷകൾ ലഭിച്ചിട്ടില്ലെന്നും വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്യുന്ന അസം ഭാരത്ജോഡോ ന്യായ് യാത്രയെ തടയില്ലെന്നും ഹിമന്ത ബിശ്വ ശർമ പരിഹസിച്ചു.
യാത്ര മണിപ്പൂരിലെ ഇംഫാലിൽ നിന്ന് ആരംഭിക്കാൻ സാധിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിൽ ആണ് ഉദ്ഘാടന വേദി തൗബലിലെ യുദ്ധ സ്മാരകത്തിന് സമീപത്തേക്ക് മാറ്റാൻ കോൺഗ്രസ് ആലോചിച്ചത്. മണിപ്പൂർ പിസിസിക്ക് ഇത് സംബന്ധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ നിന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ട്.
Adjust Story Font
16