ഗ്യാൻവാപി മസ്ജിദിൽ പുരാവസ്തു വകുപ്പിന്‍റെ സർവേക്ക് അനുമതി
സർവേ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജി അലഹബാദ് ഹൈക്കോടതി തളളി
അലഹബാദ്: ഗ്യാൻവാപി മസ്ജിദിലെ സർവേ തടയണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹരജി അലഹബാദ് ഹൈക്കോടതി തളളി. വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ഇതോടെ പുരാവസ്തു വകുപ്പിന് സർവേ തുടരാം.
ഹിന്ദു ക്ഷേത്രം തകർത്താണോ പള്ളി നിര്‍മിച്ചതെന്ന് നിർണയിക്കാനുള്ള ഏക മാർഗം സര്‍വേയാണെന്ന് അവകാശപ്പെട്ട് നാല് സ്ത്രീകളാണ് നേരത്തെ കോടതിയെ സമീപിച്ചത്. ജൂലൈ 21ന് വാരാണസി കോടതിയാണ് പുരാവസ്തു വകുപ്പിന്‍റെ സർവേയ്ക്ക് ഉത്തരവിട്ടത്. ജൂലൈ 24ന് സര്‍വേ തുടങ്ങി.
തുടര്‍ന്ന് മസ്ജിദ് കമ്മറ്റി സര്‍വേക്കെതിരെ ആദ്യം സുപ്രിംകോടതിയെ സമീപിച്ചു. സുപ്രിംകോടതിയുടെ നിര്‍ദേശ പ്രകാരം പിന്നീട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മസ്ജിദിന്‍റെ കെട്ടിടത്തിന് 1000 വർഷത്തിലേറെ പഴക്കമുണ്ടെന്നും സര്‍വേയുടെ ഭാഗമായുള്ള കുഴിയെടുക്കല്‍ കെട്ടിടത്തിന്‍റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു. തുടര്‍ച്ചയായ മൂന്ന് ദിവസത്തിന്‍റെ വാദം കേള്‍ക്കലിന് ശേഷമാണ് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത്. എത്രയും വേഗം സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പുരാവസ്തു വകുപ്പിന് കോടതി നിര്‍ദേശം നല്‍കി.
അതേസമയം മസ്ജിദ് കമ്മിറ്റി ഈ ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിച്ചേക്കും. നേരത്തെ മസ്ജിദില്‍ കാര്‍ബണ്‍ഡേറ്റിങ്ങിന് നല്‍കിയ അനുമതി സുപ്രിംകോടതി റദ്ദാക്കിയിരുന്നു.
Adjust Story Font
16