Quantcast

ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ; ചീഫ് ജസ്റ്റിസിന് കത്ത് നൽകി

യശ്വന്ത് വർമയുടെ ഇതുവരെയുള്ള വിധിന്യായങ്ങൾ പരിശോധിക്കണമെന്നും ആവശ്യം

MediaOne Logo

Web Desk

  • Updated:

    24 March 2025 4:20 PM

Published:

24 March 2025 2:20 PM

ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യണമെന്ന് അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ; ചീഫ് ജസ്റ്റിസിന് കത്ത് നൽകി
X

ന്യൂഡല്‍ഹി: ഔദ്യോ​ഗിക വസതിയിൽ നിന്ന് വൻതോതിൽ കണക്കിൽപ്പെടാത്ത പണം കണ്ടെടുത്ത സംഭവത്തില്‍ ഡൽഹി ഹൈക്കോടതി ജഡ്ജ് യശ്വന്ത് വർമ്മയ്‌ക്കെതിരെ ഇംപീച്ച്‌മെന്റ് നടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷൻ (എച്ച്‌സി‌ബി‌എ). ഇന്ന് ഉച്ചക്ക് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്.

കുറ്റക്കാരനായ ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണം. ഇതിനായി ചീഫ് ജസ്റ്റിസ്, ഉടൻ സർക്കാരിനോട് ശുപാർശ ചെയ്യണമെന്നും ജസ്റ്റിസ് വർമ്മ പുറപ്പെടുവിച്ച എല്ലാ വിധിന്യായങ്ങളും പുനഃപരിശോധിക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു.

ജസ്റ്റിസ് വർമ്മയ്‌ക്കെതിരെ പ്രഥമ വിവര റിപ്പോർട്ട് (എഫ്‌ഐആർ) ഫയൽ ചെയ്യണം. സിബിഐ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ‌ഡി) തുടങ്ങിയ ഏജൻസികൾ വിഷയത്തിൽ അന്വേഷണം നടത്തണമെന്നും ക്രിമിനൽ അന്വേഷണത്തിൽ നിന്ന് ജസ്റ്റിസ് വർമ്മയെ ഒഴിവാക്കരുതെന്നും എച്ച്‌സി‌ബി‌എ ആവശ്യപ്പെട്ടു.

അതേസമയം ജസ്റ്റിസ് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള സുപ്രിംകോടതി കൊളീജിയത്തിന്റെ നിർദ്ദേശത്തോടുള്ള എതിർപ്പ്, ബാർ അസോസിയേഷൻ ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ എതിര്‍പ്പ് വകവെക്കാതെ യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. സ്ഥലം മാറ്റത്തിനുള്ള പ്രമേയം കൊളീജിയം പാസാക്കി.

യശ്വന്ത് വർമ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി അലഹബാദ് ഹൈക്കോടതി ബാർ അസോസിയേഷന്‍ നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. അലഹബാദ് ഹൈക്കോടതിയെന്താ ചവറ്റുകുട്ടയാണോ എന്നാണ് ബാർ അസോസിയേഷൻ ചോദിച്ചിരുന്നത്. മാര്‍ച്ച് 14 ഹോളി ദിനത്തിലായിരുന്നു ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതായി ഫയര്‍ഫോഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. തീപ്പിടിത്തം ഉണ്ടായതിനെ തുടർന്നാണ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ജഡ്ജിയുടെ വീട്ടിൽ എത്തിയിരുന്നത്.

TAGS :

Next Story