'വിവാഹത്തിനുമുൻപുള്ള ലൈംഗികബന്ധം ഇസ്‌ലാമിൽ ഹറാം'; ലിവിങ് ടുഗെതർ പങ്കാളികളുടെ ഹരജി തള്ളി കോടതി
പൊലീസ് പീഡനത്തിൽനിന്ന് സംരക്ഷണം തേടിയാണ് പങ്കാളികൾ അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്
ലഖ്‌നൗ: വിവാഹപൂർവ ലൈംഗികബന്ധം ഇസ്‌ലാമിൽ നിഷിദ്ധമാണെന്ന് അലഹബാദ് ഹൈക്കോടതി. വിവാഹത്തിനുമുൻപ് ചുംബിക്കുന്നതും തൊടുന്നതും തുറിച്ചുനോക്കുന്നതും അടക്കമുള്ള കാമമോ സ്‌നേഹപ്രകടനമോ ഒന്നും അനുവദിക്കുന്നില്ലെന്നും കോടതി. 'ലിവിങ് ടുഗെതർ' പങ്കാളികളുടെ ഹരജി തള്ളിക്കൊണ്ടായിരുന്നു കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
പൊലീസിന്റെ പീഡനത്തിൽനിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പങ്കാളികൾ കോടതിയെ സമീപിക്കുകയായിരുന്നു. 29കാരിയായ ഹിന്ദു യുവതിയും 30കാരനായ മുസ്‌ലിം യുവാവുമാണ് കോടതിയിലെത്തിയത്. പെൺകുട്ടിയുടെ മാതാവ് നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ് പീഡിപ്പിക്കുന്നുവെന്ന് ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ, ഇവർ അടുത്ത കാലത്തൊന്നും വിവാഹം കഴിക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് അലഹബാദ് ഡിവിഷൻ ബെഞ്ച് ജഡ്ജിമാരായ സംഗീത ചന്ദ്രയും നരേന്ദ്ര കുമാർ ജോഹരിയും പറഞ്ഞു.
ഭാര്യയും ഭർത്താവും തമ്മിലുള്ളതല്ലാത്ത വിവാഹേതര, വിവാഹപൂർവ ലൈംഗികബന്ധമെല്ലാം വ്യഭിചാരമാണെന്ന് കോടതി വ്യക്തമാക്കി. അത്തരം ബന്ധങ്ങൾ ഇസ്‌ലാമിൽ അനുവദനീയമല്ല. ഇത്തരത്തിലുള്ള ലൈംഗികബന്ധവും കാമപൂർത്തീകരണവും സ്‌നേഹപ്രകടനവുമെല്ലാം വ്യഭിചാരത്തിന്റെ ഭാഗമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
'ലിവിങ് ടുഗേതർ' ബന്ധത്തെക്കുറിച്ചുള്ള സുപ്രിംകോടതിവിധി ഇവർ ഹരജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, കോടതിവിധി ഇത്തരം ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്ന് കോടതി വ്യക്തമാക്കി.
Summary: Allahabad high court says pre-marital sex haram in Islam, denies protection to interfaith live-in couple
Adjust Story Font
16