സംഭൽ മസ്ജിദ് കേസ്: സർവേ നടപടികൾ സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി
മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിൽ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെതാണ് ഉത്തരവ്.
ലഖ്‌നൗ: സംഭൽ ഷാഹി മസ്ജിദുമായി ബന്ധപ്പട്ട് കീഴ്‌ക്കോടതിയുടെ എല്ലാ നടപടിക്രമങ്ങളും അലഹബാദ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. സർവേ അടക്കമുള്ള നടപടികളാണ് ഫെബ്രുവരി 25 വരെ തടഞ്ഞത്. മസ്ജിദ് കമ്മിറ്റിയുടെ ഹരജിയിൽ ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ സിംഗിൾ ബെഞ്ചിന്റെതാണ് ഉത്തരവ്.
ഹിന്ദു സംഘടനകളുടെ ഹരജിയിൽ 2024 നവംബർ 19ന് സംഭൽ സിവിൽ കോടതിയാണ് മസ്ജിദിൽ സർവേ നടത്താൻ ഉത്തരവിട്ടത്. മുഗൾ ഭരണകാലത്ത് നിർമിച്ച മസ്ജിദ് യഥാർഥത്തിൽ ഹരിഹർ ക്ഷേത്രമായിരുന്നു എന്നാണ് ഹിന്ദു പക്ഷത്തിന്റെ വാദം. സംഭൽ കോടതിയുടെ വിധി വന്ന് മണിക്കൂറുകൾക്കകം തന്നെ മസ്ജിദിൽ പ്രാഥമിക സർവേ നടത്തിയിരുന്നു.
രമേശ് രാഘവയുടെ നേതൃത്വത്തിലുള്ള അഭിഭാഷക കമ്മീഷൻ നവംബർ 24ന് രണ്ടാംഘട്ട സർവേക്കായി മസ്ജിദിൽ എത്തിയപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. മസ്ജിദിനകത്ത് ഖനനം നടത്തുകയാണെന്ന് സംശയിച്ച് സംഘടിച്ചെത്തിയവർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളടക്കം നിരവധിപേർക്കെതിരെ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. പൊലീസിന് നേരെ കല്ലെറിഞ്ഞ 54 പേരെ അറസ്റ്റ് ചെയ്‌തെന്നും 91 പേരെ പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. സംഘർഷത്തെക്കുറിച്ച് അന്വേഷിക്കാൻ റിട്ട. ഹൈക്കോടതി ജഡ്ജി ദേവേന്ദ്ര കുമാർ അറോറയുടെ നേതൃത്വത്തിലുള്ള മൂന്നംഗ കമ്മീഷനെ യുപി സർക്കാർ നിയോഗിച്ചിരുന്നു.
അതിനിടെ ഡിസംബർ 12ന് 1991ലെ ആരാധനാലയ സംരക്ഷണനിയമം ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികൾ സമർപ്പിച്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആരാധനാലയങ്ങളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച പുതിയ ഹരജികൾ ഇനി പരിഗണിക്കരുതെന്ന് കീഴ്‌ക്കോടതികൾക്ക് നിർദേശം നൽകിയിരുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിലവിൽ പരിഗണനയിലുള്ള ഹരജികളിൽ ഇടക്കാല ഉത്തരവോ അന്തിമ ഉത്തരവോ പുറപ്പെടുവിക്കുകയോ സർവേക്ക് നിർദേശം നൽകുകയോ ചെയ്യരുതെന്നും സുപ്രിംകോടതി നിർദേശിച്ചിരുന്നു.
സുപ്രിംകോടതി ഉത്തരവ് സംഭലിനും ബാധകമാണ്. സംഭൽ മസ്ജിദിൽ സർവേ നടത്തിയ അഭിഭാഷക കമ്മീഷന്റെ റിപ്പോർട്ട് മുദ്രവെച്ച കവറിൽ പ്രാദേശിക കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. വിഷയം നിലവിൽ ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ജസ്റ്റിസ് രഞ്ജൻ അഗർവാൾ പറഞ്ഞു. വിഷയത്തിൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ജില്ലാ മജിസ്‌ട്രേറ്റിന്റെയും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെയും പ്രതികരണം തേടുകയും ചെയ്തു.
Adjust Story Font
16