‘വന്ദേഭാരത് ട്രെയിനിന്റെ നിർമാണച്ചെലവ് ഊതിപ്പെരുപ്പിക്കുന്നു’; കേന്ദ്ര സർക്കാറിനെതിരെ തൃണമൂൽ കോൺഗ്രസ് എംപി
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്ന് റെയിൽവേ
ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനുകളുടെ നിർമാണച്ചെലവ് റെയിൽവേ പെരുപ്പിച്ച് കാണിക്കുന്നതായി തൃണമൂൽ കോൺഗ്രസ് എം.പി സകേത് ഗോഖല. 2023ൽ 200 ട്രെയിനുകൾ നിർമിക്കാൻ 58,000 കോടി രൂപയുടെ കരാറാണ് റെയിൽവേ നൽകിയിരുന്നത്. കഴിഞ്ഞയാഴ്ച ഇത് 133 ട്രെയിനായി കുറച്ചു. എന്നാൽ, കരാർ തുകയിൽ മാറ്റമൊന്നുമില്ലെന്നും അദ്ദേഹം ആരോപിച്ചു.
ആദ്യത്തെ കണക്ക് പ്രകാരം ഒരു ട്രെയിനിന് 290 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. 130 കോടി നിർമാണത്തിനും 160 കോടി പരിപാലനത്തിനുമാണ്. എന്നാൽ, പുതുക്കിയ കരാർ പ്രകാരം 435 കോടി രൂപയാണ് ഒരു ട്രെയിനിന്റെ ചെലവ്. 190 കോടി നിർമാണത്തിനും 240 കോടി പരിപാലന ചെലവുമാണെന്നും സകേത് ഗോഖലെ എം.പി പറഞ്ഞു.
അതേസമയം, എം.പിയുടെ ആരോപണം നിഷേധിച്ചുകൊണ്ട് റെയിൽവേ മന്ത്രാലയം രംഗത്തുവന്നു. തെറ്റായ വിവരങ്ങളും വ്യാജ വാർത്തകളും പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
‘ഒരു കോച്ചിന്റെ വില ആകെയുള്ള കോച്ചുകളുടെ എണ്ണം കൊണ്ട് ഗുണിച്ചാൽ ലഭിക്കുന്നതാണ് ട്രെയിനിന്റെ വില. കൂടുതൽ ദൈർഘ്യമേറിയ ട്രെയിനുകൾ നിർമിക്കുന്നതിന്റെ ഭാഗമായാണ് കോച്ചുകളുടെ എണ്ണം 16ൽനിന്ന് 24 ആയി ഉയർത്തിയത്. അതിനാൽ തന്നെ പഴയ കരാറിലേതിന് സമാനമാണ് ആകെ കോച്ചുകളുടെ എണ്ണം. ട്രെയിൻ യാത്രക്കുള്ള ഉയർന്ന ഡിമാൻഡ് കാരണമാണ് ഓരോ ട്രെയിനിലും കോച്ചുകളുടെ എണ്ണം വർധിപ്പിച്ചത്’-റെയിൽവേ വ്യക്തമാക്കി.
ആദ്യത്തെ കരാറിൽ 200 ട്രെയിനുകളിലായി 16 കോച്ചുകൾ വീതമുണ്ടായിരുന്നു. അതായത് ആകെ 3200 കോച്ചുകൾ. പുതിയ കരാർ പ്രകാരം 133 ട്രെയിനുകളിലായി 24 കോച്ചുകൾ വീതമാണുള്ളത്. ആകെ കോച്ചുകളുടെ എണ്ണം 3192. റെയിൽവേ യാത്രയുടെ ഡിമാൻഡ് വർധിക്കുന്നതിനാൽ 12,000 നോൺ എസി കോച്ചുകൾ നിർമിക്കുകയാണ് ലക്ഷ്യമെന്നും റെയിൽവേ മന്ത്രാലയം വ്യക്തമാക്കി.
അതേമസയം, റെയിൽവേയുടെ വിശദീകരണത്തെയും തൃണമൂൽ എം.പി സകേത് ഗോഖല വിമർശിച്ചു. റെയിൽവേയുടെ മറുപടി പരിഹാസ്യമാണ്. കരാർ പ്രകാരം ഓരോ കോച്ചിനും അല്ല, ഓരോ ട്രെയിനിനുമാണ് തുക വകയിരുത്തിയിരിക്കുന്നത്. 58,000 കോടിയുടെ കരാറിൽ 200 ട്രെയിനുകളുടെ എണ്ണം 133 ആക്കി ചുരുക്കിയിരിക്കുന്നു. ഒരു ട്രെയിനിന്റെ ചെലവ് 290 കോടിയിൽനിന്ന് 435 കോടിയായി വർധിപ്പിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. ഇതിൽനിന്ന് ആർക്കാണ് ഗുണം ലഭിക്കുന്നതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരിക്കണമെന്നും ഗോഖലെ പറഞ്ഞു.
2023 മാർച്ചിലാണ് റഷ്യയിലെ സിജെഎസ് സി ട്രാൻസ് മാൻഷ് ഹോൾഡിങ്, റെയിൽ വികാസ് നിഗം ലിമിറ്റഡ് എന്നീ കമ്പനികൾക്കായി 120 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കാനുള്ള കരാർ നൽകുന്നത്. പുതിയ കരാർ പ്രകാരം ഇത് 80 ആയി കുറച്ചു. കേന്ദ്ര സർക്കാറിന് കീഴിലെ ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ്, ടിറ്റാഗർ വാഗൺസ് എന്നീ കമ്പനികൾക്ക് 80 ട്രെയിനകളുടെ കരാറും നൽകിയിരുന്നു. പുതുക്കിയ കരാർ പ്രകാരം ഇത് 53 ആണ്.
വന്ദേഭാരത് സ്ലീപ്പർ കോച്ചിന്റെ പ്രോട്ടോടൈപ്പ് പതിപ്പ് സെപ്റ്റംബർ ആദ്യം മന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ചിരുന്നു. വരുന്ന ആഴ്ചകളിൽ ഇതിന്റെ പരീക്ഷണ ഓട്ടം ആരംഭിക്കും. ഡിസംബറോടെ സർവീസ് തുടങ്ങുമെന്നാണ് റിപ്പോർട്ട്.
2024ന്റെ ആദ്യ പാദത്തിൽ തന്നെ ട്രെയിനുകൾ സർവീസ് ആരംഭിക്കുമെന്നായിരുന്നു റെയിൽവേ അറിയിച്ചിരുന്നത്. അതാണ് ഇപ്പോൾ വൈകി ഡിസംബറിൽ എത്തിനിൽക്കുന്നത്. 800 മുതൽ 1200 കിലോമീറ്റർ വരുന്ന ദീർഘദൂര യാത്രകൾക്കാണ് ഈ ട്രെയിൻ ഉപയോഗിക്കുക. ആദ്യത്തെ കരാർ പ്രകാരം 16 കോച്ചുകളിൽ 11 എസി 3 ടയർ, 4 എസി 2 ടയർ, ഒരു എസി ഫസ്റ്റ് ക്ലാസ് കോച്ച് എന്നിങ്ങനെയാണുണ്ടായിരുന്നത്.
Adjust Story Font
16