'തീരുമാനങ്ങളെടുക്കാൻ എന്നെ അനുവദിക്കൂ, അല്ലെങ്കില്‍'.. കോൺഗ്രസിന് അന്ത്യശാസനവുമായി സിദ്ദു
'തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾ എന്നെ അനുവദിക്കുന്നില്ലെങ്കിൽ അത് പാർട്ടിക്ക് വിനാശകരമായിരിക്കും. കാഴ്ചവസ്തുവായി ഇരിക്കുന്നതില്‍ അര്‍ഥമില്ല'
ഉപദേശകരെ ചൊല്ലിയുള്ള വിവാദത്തിന് പിന്നാലെ കോണ്‍ഗ്രസിന് അന്ത്യശാസനവുമായി പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. തീരുമാനങ്ങളെടുക്കാനുള്ള സ്വാതന്ത്ര്യം തനിക്ക് നൽകിയില്ലെങ്കിൽ അത് പാർട്ടിക്ക് വിനാശകരമാകുമെന്നാണ് സിദ്ദുവിന്‍റെ മുന്നറിയിപ്പ്.
"ഞാൻ വികസനത്തിന്‍റെ പഞ്ചാബ് മോഡലിനായി പ്രവര്‍ത്തിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാൻ എനിക്ക് കഴിയുന്നുണ്ടെങ്കില്‍, ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുകയാണ്.. ഞാൻ കോൺഗ്രസിനെ തളർത്തുകയില്ല, അടുത്ത 20 വർഷത്തെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കും. പക്ഷേ തീരുമാനങ്ങൾ എടുക്കാൻ നിങ്ങൾ എന്നെ അനുവദിക്കുന്നില്ലെങ്കിൽ അത് പാർട്ടിക്ക് വിനാശകരമായിരിക്കും. കാഴ്ചവസ്തുവായി ഇരിക്കുന്നതില്‍ അര്‍ഥമില്ല".
പഞ്ചാബ് മുഖ്യമന്ത്രി അമരിന്ദര്‍ സിങുമായുള്ള അഭിപ്രായവ്യത്യാസത്തിന് പിന്നാലെ അടുത്തിടെയാണ് സിദ്ദു കോണ്‍ഗ്രസിന്‍റെ പഞ്ചാബിലെ അധ്യക്ഷനായി നിയമിക്കപ്പെട്ടത്. സിദ്ദുവിന്‍റെ പരാമര്‍ശത്തെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞപ്പോള്‍ പഞ്ചാബിന്‍റെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് ഹരീഷ് റാവത്ത് പറഞ്ഞത് മാധ്യമങ്ങളില്‍ വരുന്ന ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ സിദ്ദുവിനെ ചോദ്യംചെയ്യാനാവില്ല എന്നാണ്. ഏത് സന്ദര്‍ഭത്തിലാണ് സിദ്ദു അങ്ങനെ പറഞ്ഞതെന്ന് പരിശോധിക്കും. സിദ്ദു പാർട്ടി അധ്യക്ഷനാണ്. അദ്ദേഹത്തിനല്ലെങ്കില്‍ പിന്നെ മറ്റാർക്കാണ് തീരുമാനങ്ങൾ എടുക്കാനാവുകയെന്നും ഹരീഷ് റാവത്ത് ചോദിച്ചു.
പാകിസ്താനെയും കശ്മീരിനെയും സംബന്ധിച്ച സിദ്ദുവിന്‍റെ ഉപദേശകരുടെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ അവരെ പുറത്താക്കണമെന്ന് ഹരീഷ് റാവത്ത് സമ്മര്‍ദം ചെലുത്തിയിരുന്നു- "ഈ ഉപദേഷ്ടാക്കളെ പാർട്ടി നിയമിച്ചതല്ല. അവരെ പിരിച്ചുവിടാൻ ഞങ്ങൾ സിദ്ദുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിദ്ദു അത് ചെയ്തില്ലെങ്കിൽ ഞാൻ ചെയ്യും. പാർട്ടിയെ ബുദ്ധിമുട്ടിക്കുന്ന ആളുകളെ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല," എന്നാണ് റാവത്ത് പറഞ്ഞത്. സിദ്ദുവിന്‍റെ ഉപദേശകരിലൊരാളായ മൽവീന്ദർ സിംഗ് മാലി കഴിഞ്ഞ ദിവസം രാജിവച്ചു. ഡോ. പ്യാരേലാൽ ഗാർഗ് ആണ് മറ്റൊരു ഉപദേശകന്‍.
ദിവസങ്ങൾക്ക് മുൻപ് ഫേസ്ബുക്കിലാണ് മൽവീന്ദർ മാലി വിവാദ കുറിപ്പിട്ടത്. ഇന്ത്യയും പാകിസ്താനും ഒരുപോലെ കശ്മീരിനെ അനധികൃതമായാണ് കൈവശം വച്ചിരിക്കുന്നതെന്നായിരുന്നു മാലിയുടെ നിലപാട്. പാകിസ്താനുമായി ബന്ധപ്പെട്ട് പഞ്ചാബ് സർക്കാർ നടത്തുന്ന പ്രസ്താവനകളെ കുറ്റപ്പെടുത്തിയതിനാണ് ഡോ. പ്യാരേലാൽ ഗാർഗിക്കെതിരെ വിമർശനങ്ങൾ ഉയര്‍ന്നത്. ഉപദേശകരുടെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ കോണ്‍ഗ്രസ് നിലപാട് വിശദീകരിച്ച് ഹരീഷ് റാവത്ത് രംഗത്തെത്തി. ജമ്മു കശ്മീർ വിഷയത്തിൽ കോണ്‍ഗ്രസിന് ഒരു നിലപാടേ ഉള്ളൂവെന്നും അത് കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്നാണെന്നും ഹരീഷ് റാവത്ത് വ്യക്തമാക്കി.
Adjust Story Font
16