Quantcast

'സംഘ് പ്രവർത്തനങ്ങളിൽ സർക്കാർ ജീവനക്കാരെ അനുവദിക്കുന്നത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും'; ആർ.എസ്.എസ്

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് 58 വർഷം പഴക്കമുള്ള ഉത്തരവ് മോദി സർക്കാർ പിൻവലിക്കുന്നത്

MediaOne Logo

Web Desk

  • Published:

    22 July 2024 11:13 AM GMT

Government Staff In Sangh ,RSS, government employees,RSSban,RSS ban lift,Sangh activities,ആര്‍.എസ്.എസ് നിരോധനം,മോദി സര്‍ക്കാര്‍
X

ന്യൂഡൽഹി: സർക്കാർ ജീവനക്കാർക്ക് ആർ.എസ്.എസിന്റെ പരിപാടികളിൽ പങ്കെടുക്കുന്നതിനുള്ള വിലക്ക് നീക്കിയ സർക്കാർ നടപടിയെ അഭിനന്ദിച്ച് ആർ.എസ്.എസ്. മുൻകാലങ്ങളിൽ നിരോധനം ഏർപ്പെടുത്തി ഭരണകൂടങ്ങൾ സ്വന്തം രാഷ്ട്രീയ താൽപ്പര്യങ്ങൾ വളർത്തിയെടുക്കുകയാണെന്നും ആർ.എസ്.എസ് കുറ്റപ്പെടുത്തി. നിരോധനം നീക്കിയതിനെക്കുറിച്ചുള്ള സർക്കാർ ഉത്തരവ് പരസ്യമായതിന് പിന്നാലെ വൻ വിമർശനമാണ് നേരിടേണ്ടിവന്നത്. കോൺഗ്രസ് നേതാക്കൾ കേന്ദ്രസർക്കാർ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.എന്നാൽ സർക്കാറിന്റെ ഇപ്പോഴത്തെ തീരുമാനം ഉചിതവും ഇന്ത്യയുടെ ജനാധിപത്യ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതുമാണെന്ന് ആർഎസ്എസ് വക്താവ് സുനിൽ അംബേക്കർ പ്രസ്താവനയിൽ പറഞ്ഞു.

'കഴിഞ്ഞ 99 വർഷമായി രാഷ്ട്രത്തിന്റെ പുനർനിർമ്മാണത്തിലും സമൂഹത്തിനായുള്ള സേവനത്തിലും രാഷ്ട്രീയ സ്വയംസേവക് സംഘം തുടർച്ചയായി പങ്കാളികളാണ്. ദേശ സുരക്ഷ,ഐക്യം,പ്രകൃതി ദുരന്തമുണ്ടായ സ്ഥലങ്ങളിലെ സേവനങ്ങൾ എന്നിവയിൽ സംഘടന നടത്തിയ സേവനം വിവിധ നേതാക്കളുടെ പ്രശംസ പിടിച്ചു പറ്റിയിട്ടുണ്ട്. രാഷ്ട്രീയ താൽപര്യങ്ങൾ മുൻനിർത്തി മുമ്പുണ്ടായിരുന്ന സർക്കാർ സർക്കാർ ജീവനക്കാരെ സംഘ് പരിവാറിനെപ്പോലെ പോലെയുള്ള ക്രിയാത്മക സംഘടനയുടെ പ്രവർത്തനങ്ങളിൽ നിന്ന് അടിസ്ഥാനരഹിതമായി വിലക്കുകയായിരുന്നു'.. ആർഎസ്എസ് വക്താവ് പ്രസ്താവനയിൽ പറയുന്നു.

സർക്കാർ ജീവനക്കാർ ആർ.എസ്.എസിന്റെ ഭാഗമാകാൻ പാടില്ലെന്ന 58 വർഷം പഴക്കമുള്ള വിലക്കാണ് കേന്ദ്രസര്‍ക്കാര്‍ നീക്കയത്. 1966 ലാണ് ആർ.എസ്.എസിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ ഉദ്യോഗസ്ഥർ പങ്കാളികളാകരുതെന്ന ഉത്തരവ് സർക്കാർ പുറത്തിറക്കുന്നത്. രാഷ്ട്രപിതാവ് മഹാത്മഗാന്ധിജിയെ 1948 ൽ വെടിവെച്ചുകൊന്നതിന് പിന്നാലെ ആർ.എസ്.എസിനെ നിരോധിക്കുകയും സർക്കാർ ജീവനക്കാരുമായി ബന്ധപ്പെട്ട സമാന ഉത്തരവിറക്കുകയും ചെയ്തിരുന്നു. പിന്നീട് ആ ഉത്തരവ് പിൻവലിച്ചിരുന്നു. പിന്നീട് 1966 ലാണ് സമാന ഉത്തരവ് കേന്ദ്ര സർക്കാർ പുറത്തിറക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെയാണ് 58 വർഷം പഴക്കമുള്ള ഉത്തരവ് മോദി സർക്കാർ പിൻവലിക്കുന്നത്. തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്കുപുറമെ ആർ.എസ്.എസും പ്രധാനമന്ത്രി മോദിയും തമ്മിൽ തുടരുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ് പിൻവലിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു. തർക്കങ്ങൾ അവസാനിപ്പിച്ച് ആർ.എസ്.എസുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് മോദിയുടെ ലക്ഷ്യമെന്ന് കോൺഗ്രസ് ആരോപിച്ചു.

അതേസമയം, കേന്ദ്ര സർക്കാർ ഉത്തരവ് പിൻവലിച്ചതിനെ കേ​ന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ല. ബി.ജെ.പി നേതാവ് അമിത് മാളവ്യ ഉത്തരവ് എക്സിൽ പങ്കുവെച്ചെങ്കിലും പിന്നീട് അത് പിൻവലിച്ചു.

TAGS :

Next Story