അല്ലു അർജുൻ ജയിലിലേക്ക്; 14 ദിവസം റിമാൻഡിൽ
തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച കേസിൽ ഇന്നു രാവിലെയാണ് അല്ലുവിനെ അറസ്റ്റ് ചെയ്തത്.
ഹൈദരാബാദ്: നടൻ അല്ലു അർജുൻ ജയിലിലേക്ക്. പുഷ്പ 2 സിനിമയുടെ പ്രീമിയർ ഷോയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തിൽ അറസ്റ്റ് ചെയ്ത നടനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഹൈദരാബാദിലെ നാമ്പള്ളി കോടതിയുടേതാണ് വിധി. ചഞ്ചൽഗുഡ ജയിലിലേക്കാണ് അല്ലു അർജുനെ മാറ്റുക.
തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച കേസിൽ ഇന്നു രാവിലെയാണ് അല്ലുവിനെ അറസ്റ്റ് ചെയ്തത്. അല്ലുവിന്റെ ജൂബിലി ഹിൽസിലെ വസതിയിലെത്തി ഹൈദരാബാദ് ചിക്കട്‌പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്. കേസ് തള്ളണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജിയിൽ അതിവേഗം വാദം കേൾക്കണമെന്ന് അല്ലുവിന്റെ അഭിഭാഷകർ ഹൈക്കോടതിയിൽ ആവശ്യമുന്നയിച്ചു.
ഈ മാസം നാലിന് ഹൈദരാബാദിലെ സന്ധ്യ തീയറ്ററിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതിയാണ് തിക്കിലും തിരക്കിലുംപെട്ട് മരിച്ചത്. പ്രീമിയർ ഷോയ്ക്കായി അല്ലു അർജുനും രശ്‌മിക മന്ദാനയും എത്തിയതിന് പിന്നാലെയാണ് തിയേറ്ററിൽ വലിയ തിരക്കുണ്ടായത്. ഭര്‍ത്താവ് ഭാസ്കറിനും രണ്ട് മക്കള്‍ക്കുമൊപ്പമാണ് രേവതി സിനിമ കാണാൻ എത്തിയത്. എന്നാൽ തിരക്ക് കൂടിയതോടെ രേവതി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ സന്ധ്യ തിയേറ്ററിന്റെ ഉടമ, തിയേറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് ശേഷമാണ് അല്ലു അർജുനെ പ്രതി ചേർത്തത്. എന്നാൽ കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു.
Adjust Story Font
16