Quantcast

'ഭർതൃവീട്ടിലുള്ള അത്രയും സൗകര്യങ്ങൾ ഒരുക്കാനാകില്ല'; അകന്നു കഴിയുന്ന ഭാര്യയുടെ ആവശ്യം തള്ളി സുപ്രിം കോടതി

ദമ്പതികളുടെ വിവാഹമോചനക്കേസ് വേഗത്തിൽ തീർപ്പു കൽപ്പിക്കാൻ കോടതി നിർദേശം നൽകി

MediaOne Logo

Web Desk

  • Published:

    5 Dec 2021 9:15 AM GMT

ഭർതൃവീട്ടിലുള്ള അത്രയും സൗകര്യങ്ങൾ ഒരുക്കാനാകില്ല; അകന്നു കഴിയുന്ന ഭാര്യയുടെ ആവശ്യം തള്ളി സുപ്രിം കോടതി
X

ന്യൂഡൽഹി: ഭർതൃവീട്ടിലേതു സമാനമായ ആഡംബരങ്ങൾ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ ഒരുക്കണമെന്ന യുവതിയുടെ ആവശ്യം തള്ളി സുപ്രിംകോടതി. ഭർത്താവുമായി അകന്നു കഴിയുന്ന യുവതിയാണ് സൗകര്യങ്ങൾ നൽകാൻ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. മുംബൈയിലെ ആഡംബര മേഖലയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. അസ്വാരസ്യങ്ങളെ തുടർന്ന് യുവതി സ്വയം മറ്റൊരു വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു.

കേസിന്റെ വിചാരണക്കിടെ മുംബൈയിൽ വാടകയ്ക്ക് ഒരു വീട് കണ്ടെത്താൻ യുവതിയോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് സഹായം ചെയ്തു നൽകാൻ മുംബൈ ബാന്ദ്രയിലെ കുടുംബ കോടതി രജിസ്ട്രാറോട് കോടതി നിർദേശം നൽകുകയും ചെയ്തു. നേരത്തെ താമസിച്ചിരുന്ന വീടിനു സമാനമായ വിലപ്പമുള്ള കെട്ടിടം കണ്ടെത്താനായിരുന്നു 2020 മാർച്ച് ആറിന് പുറപ്പെടുവിച്ച ഉത്തരവിലുണ്ടായിരുന്നത്.

കുടുംബ കോടതി നിർദേശ പ്രകാരം ആർകിടെക്ട് ബാന്ദ്രയിലും ജൂഹുവിലുമായി 17 വീടുകൾ കണ്ടെത്തി. എന്നാൽ ഭർതൃവീടിന്റെ അത്രയും സൗകര്യങ്ങളിൽ ഇല്ലെന്ന് ചൂണ്ടിക്കാട്ടി യുവതി എല്ലാം നിരാകരിക്കുകയായിരുന്നു. യുവതിയുടെ സമീപനത്തെ വിമർശിച്ച ജസ്റ്റിസ് എൽ നാഗേശ്വര റാവു, ബിആർ ഗവായ് എന്നിവടങ്ങുന്ന ബഞ്ച് അതേ സൗകര്യവും ആഡംബരവുമുള്ള വീട് തെരഞ്ഞെടുക്കാൻ കഴിയുന്നതെങ്ങനെയെന്ന് ചോദിച്ചു. അത് യാഥാർത്ഥ്യത്തിന് നിരക്കുന്നതല്ലെന്നും ബഞ്ച് ചൂണ്ടിക്കാട്ടി.

ദമ്പതികളുടെ വിവാഹമോചനക്കേസ് ആറു വർഷമായി കുടുംബകോടതിയിലാണുള്ളത്. കേസിൽ വേഗത്തിൽ തീർപ്പു കൽപ്പിക്കാൻ പരമോന്നത കോടതി നിർദേശം നൽകി.

TAGS :

Next Story