പഞ്ചാബ് മുൻമുഖ്യമന്ത്രി അമരീന്ദർ സിങ് തോറ്റു
പാട്യാല മണ്ഡലത്തിൽ ആംആദ്മി സ്ഥാനാർത്ഥി അജിത് പാൽ സിങ് കോഹ്‌ലിയോടാണ് ക്യാപ്റ്റൻ പരാജയം സമ്മതിച്ചത്
ആം ആദ്മി തരംഗം ആഞ്ഞ് വീശിയ പഞ്ചാബിൽ മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് തോറ്റു. പാട്യാല മണ്ഡലത്തിൽ ആംആദ്മി സ്ഥാനാർത്ഥി അജിത് പാൽ സിങ് കോഹ്‌ലിയോടാണ് ക്യാപ്റ്റൻ പരാജയം സമ്മതിച്ചത്. രണ്ടാം സ്ഥാനത്ത് ശിരോമണി അകാലിദൾ സ്ഥാനാർത്ഥി ഹർപാൽ ജുനേജയാണ്. കോൺഗ്രസ് സ്ഥാനാർത്ഥു വിഷ്ണു ശർമ്മയ്ക്കും പിന്നിൽ നാലാം സ്ഥാനത്താണ് ക്യാപ്റ്റൻ
കോൺഗ്രസുമായി പിരിഞ്ഞ് സ്വന്തം പാർട്ടി പ്രഖ്യാപിച്ചാണ് അമരീന്ദർ ഇത്തവണ മത്സരത്തിനിറങ്ങിയത്. പഞ്ചാബ് ലോക് കോൺഗ്രസ് എന്ന ക്യാപ്റ്റന്റെ പാർട്ടി ബിജെപി സഖ്യ കക്ഷിയാണ്.
സ്വന്തം തട്ടകമായ പഞ്ചാബിൽ കോൺഗ്രസ് നിലംപറ്റെ തകർന്നിരിക്കുന്ന കാഴ്ചക്കാണ് ദേശീയ രാഷ്ട്രീയം സാക്ഷിയായിക്കൊണ്ടിരിക്കുന്നത്. എക്‌സിറ്റ് പോളുകൾ ആപ്പിനൊപ്പമായിരുന്നെങ്കിലും പ്രതീക്ഷയിൽ തന്നെയായിരുന്നു കോൺഗ്രസ്. എന്നാൽ തുടക്കം മുതലെ എഎപി ആധിപത്യം പുലർത്തുന്ന കാഴ്ചയാണ് കണ്ടത്. 117 അംഗ പഞ്ചാബ് നിയമസഭയിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിൻറെ പാർട്ടി കുറഞ്ഞത് 90 സീറ്റുകളിലും അകാലിദളും കോൺഗ്രസും യഥാക്രമം 8, 13 സീറ്റുകളിൽ ലീഡ് ചെയ്യുകയാണ്.
ഈ ഭൂരിപക്ഷം നിലനിർത്താൻ ആം ആദ്മി പാർട്ടിക്ക് കഴിഞ്ഞാൽ, ലീഡുകൾ കാണിക്കുന്നതുപോലെ, സംഗ്രൂർ എം.പി ഭഗവന്ത് മൻ പഞ്ചാബിൻറെ പുതിയ മുഖ്യമന്ത്രിയാകും. എ.എ.പിക്ക് പഞ്ചാബ് ജയിക്കാനായാൽ ഡൽഹിക്ക് പുറത്ത് അരവിന്ദ് കേജ്രിവാളിൻറെ ആദ്യ വലിയ വിജയമായിരിക്കും ഇത്. അതേസമയം ഭരണകക്ഷിയായ കോൺഗ്രസിന് ചരിത്രത്തിൽ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിത്.
Adjust Story Font
16