'ടാർഗെറ്റ് പൂർത്തിയാകുന്നതുവരെ മൂത്രമൊഴിക്കാനോ വെള്ളം കുടിക്കാനോ പോകില്ല'; തൊഴിലാളികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് ആമസോണ്‍
ശുചിമുറി ഉപയോഗിക്കാൻ പോലും സ്ത്രീ തൊഴിലാളികൾക്ക് പലപ്പോഴും സാധിക്കുന്നില്ലെന്നും ആരോപണം
ന്യൂഡൽഹി: ഹരിയാനയിലെ മനേസറിലെ ആമസോൺ വെയർഹൗസുകളിലെ തൊഴിലാളികൾക്ക് വൻ പീഡനമെന്ന് റിപ്പോർട്ട്. ടാർഗെറ്റ് തികയുന്നതുവരെ വെള്ളം കുടിക്കുകയോ മൂത്രമൊഴിക്കുകയോ ചെയ്യില്ലെന്ന് തൊഴിലാളികളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. വലിയ ട്രക്കുകളിൽ നിന്ന് പാഴ്‌സൽ കെട്ടുകൾ മുഴുവൻ ഇറക്കുന്നതിന് മുമ്പ് ഒരു ഇടവേളകളുമെടുക്കില്ലെന്ന് തന്നെക്കൊണ്ട് പ്രതിജ്ഞയെടുപ്പിച്ചതായി 24 കാരനായ തൊഴിലാളി ഇന്ത്യൻ എക്‌സ്പ്രസിനോട് പറഞ്ഞു. കനത്ത ചൂടിൽ,താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന സമയത്ത് പോലും ഇത്തരത്തിൽ ക്രൂരമായി ജോലി ചെയ്യിപ്പിക്കുമെന്നും തൊഴിലാളി വെളിപ്പെടുത്തി.
ആഴ്ചയിൽ അഞ്ച് ദിവസങ്ങളിലായി പത്ത് മണിക്കൂറാണ് ജോലിസമയം. 10,088 രൂപയാണ് ഇവർക്ക് മാസം ശമ്പളം ലഭിക്കുന്നത്. മതിയായ ഇടവേളകളില്ലാതെയാണ് ജോലിയെടുക്കുന്നതെന്നും തൊഴിലാളികൾ പറയുന്നു. തുടർച്ചയായി ജോലി എടുത്താലും ഒരു ദിവസം നാല് ട്രക്കുകളിൽ നിന്ന് പാഴ്‌സലുകൾ ഇറക്കേണ്ടി വരാറുണ്ട്.വിശ്രമമില്ലാതെയാണ് ഈ ദിവസങ്ങളിൽ പോലും ജോലിയെടുക്കുന്നതെന്നും ഇവർ പറയുന്നു.
'ഞങ്ങൾക്ക് 30 മിനിറ്റാണ് ഉച്ചഭക്ഷണവും ചായയും ഉൾപ്പെടെ ഇടവേളക്കായി ലഭിക്കുന്നത്. എത്രയൊക്കെ ഇടവേളകളില്ലാതെ ജോലി ചെയ്താലും ഒരു ദിവസം നാല് ട്രക്കുകളിൽ നിന്നുള്ള പാഴ്‌സലുകളിൽ കൂടുതൽ ഇറക്കാനാകില്ല'...തൊഴിലാളി പറയുന്നു.
രണ്ടുദിവസം മുമ്പാണ് ടാർഗെറ്റ് തികക്കുന്നത് വരെ വെള്ളം കുടിക്കുന്നതും ശുചിമുറി ഉപയോഗിക്കുന്നതിനുമുള്ള ഇടവേളകൾ ഉപേക്ഷിക്കുമെന്ന് ഞങ്ങളെക്കൊണ്ട് പ്രതിജ്ഞയെടുപ്പിക്കുന്നതെന്നും തൊഴിലാളികൾ പറഞ്ഞു. തൊഴിലാളികൾ ഇടവേളകളെടുക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ സൂപ്പർവൈസർമാർ നിരന്തരം സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്യാറുണ്ടെന്നും ഇവർ പറയുന്നു.
മതിയായ സൗകര്യങ്ങളോ ജോലിഭാരവും കാരണം കൂടുതലും ബുദ്ധിമുട്ടനുഭവിക്കുന്നത് സ്ത്രീ തൊഴിലാളികളാണ്. 'ചില ഡിപ്പാർട്ടുമെന്റുകളിൽ വിശ്രമമുറി പോലുമില്ല. സുഖമില്ലാതായാൽ വാഷ് റൂമിലേക്കോ ലോക്കർ റൂമിലേക്കോ പോകുകമാത്രമാണ് വഴി. കിടക്കയുള്ള ഒരു വിശ്രമമുറിയുണ്ട്. എന്നാൽ 10 മിനിറ്റിൽ കൂടുതൽ അവിടെയിരിക്കാൻ തൊഴിലാളികൾക്ക് അവസരമില്ല...'സ്ത്രീ തൊഴിലാളി പറയുന്നു.
ശുചിമുറി ഉപയോഗിക്കാൻ പോലും സ്ത്രീ തൊഴിലാളികൾക്ക് പലപ്പോഴും സാധിക്കുന്നില്ല.ട്രക്കുകൾ പുറത്ത് പാർക്ക് ചെയ്യുന്നതിനാൽ കനത്ത ചൂടാണ് അനുഭവപ്പെടുക.സാധനങ്ങൾ ഇറക്കുമ്പോൾ സ്ത്രീകൾ പെട്ടെന്ന് തളർന്നുപോകുകയും ചെയ്യുന്നു...തൊഴിലാളികൾ ആരോപിച്ചു.
അതേസമയം, ഇത് ഇന്ത്യയിലെ മാത്രം പ്രശ്‌നമല്ല. ആമസോണിന്റെ വിവിധ രാജ്യങ്ങളിലുള്ള വെയർ ഹൗസുകളിലും തൊഴിലാളികൾ ഇതേ പ്രശ്‌നങ്ങൾ നേരിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഭാരമേറിയ പെട്ടികൾ എടുക്കേണ്ടിവരുന്നതിനെക്കുറിച്ച് ടിക് ടോക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് യുഎസിലെ വെയർഹൗസ് തൊഴിലാളിയെ കമ്പനി പുറത്താക്കിയതും ഈയടുത്താണ്. സിയാറ്റിലിലെ മൂന്ന് വനിതാ മാർക്കറ്റിംഗ് മാനേജർമാരും ആമസോണിനെതിരെ ലിംഗ വിവേചനത്തിന് പരാതി ഫയൽ ചെയ്തിട്ടുണ്ട്.
Adjust Story Font
16