യോഗിയെ വിട്ടു, യുപിയിൽ പ്രചാരണച്ചുമതല ഏറ്റെടുത്ത് അമിത് ഷാ
അയോധ്യയിൽ മത്സരിക്കാനുള്ള യോഗിയുടെ നീക്കത്തിന് തടയിട്ടത് കേന്ദ്രനേതൃത്വം
ലഖ്‌നൗ: യോഗി മന്ത്രിസഭയിൽനിന്ന് മന്ത്രിമാർ രാജിവച്ചതിന് പിന്നാലെ ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണം നേരിട്ട് ഏറ്റെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദ ടെലഗ്രാഫാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ബിജെപി മുൻ പ്രസിഡണ്ടായിരുന്ന ഷായുടെ നേതൃത്വത്തിലാണ് 2017ലെ തെരഞ്ഞെടുപ്പിനെ പാർട്ടി നേരിട്ടിരുന്നത്. 403 അംഗ സഭയിൽ മുന്നൂറിലേറെ സീറ്റുകൾ നേടി അന്ന് ബിജെപി അധികാരത്തിലെത്തുകയും ചെയ്തു. എന്നാൽ ഷായുടെ നേതൃത്വത്തിൽ തന്നെ തെരഞ്ഞെടുപ്പ് പോരിനിറങ്ങിയ പശ്ചിമ ബംഗാളിൽ പാർട്ടി തോറ്റിരുന്നു.
സംസ്ഥാന തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും പ്രത്യേക താത്പര്യമുണ്ട്. യുപിയിൽ നിന്നുള്ള (വാരാണസി) ലോക്‌സഭാംഗമാണ് മോദി. ഇതുമാത്രമല്ല, 2024ലെ പൊതുതെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ കൂടിയാണ് യുപിയിലെ പോരാട്ടം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രസർക്കാർ സംസ്ഥാനത്തിനായി പ്രഖ്യാപിച്ചിരുന്നത്. മിക്ക പദ്ധതികള്‍ക്കും മോദി നേരിട്ടെത്തിയാണ് ഉദ്ഘാടന മാമാങ്കങ്ങള്‍ നടത്തിയിരുന്നത്.
'ബിജെപി പ്രസിഡണ്ടായിരുന്ന കാലത്തെ പോലെ അമിത് ഷായുടെ നിയന്ത്രണത്തിലേക്ക് കാര്യങ്ങൾ വന്നിരിക്കുന്നു. പാർട്ടി ഓഫീസിൽ രാത്രി വൈകിയുള്ള ചർച്ചകൾക്കു വരെ ചുക്കാൻ പിടിക്കുന്നത് അദ്ദേഹമാണ്' - ബിജെപി നേതാവ് ദ ടെലഗ്രാഫിനോട് പറഞ്ഞു. സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതും സഖ്യകക്ഷികളുമായുള്ള സീറ്റു പങ്കുവയ്ക്കൽ ചർച്ചയും ഷായുടെ നേതൃത്വത്തിലാണ് നടക്കുന്നത്. വൈകാതെ തന്നെ ഇദ്ദേഹം സംസ്ഥാനത്തെത്തുമെന്നാണ് റിപ്പോർട്ട്.
തീവ്ര ഹിന്ദുത്വ മുഖമായ യോഗി ആദിത്യനാഥിന്റെ 'പ്രഭാവം' കുറയ്ക്കുക എന്ന ലക്ഷ്യവും കേന്ദ്ര നേതൃത്വത്തിനുണ്ട്. തെരഞ്ഞെടുപ്പിൽ അയോധ്യയിൽ നിന്ന് മത്സരിക്കാനുള്ള യോഗിയുടെ നീക്കത്തിന് ഹൈക്കമാൻഡ് തടയിട്ടത് ഇതിന്റെ ഭാഗമായാണ്. ബിജെപി വീണ്ടും അധികാരത്തിലെത്തുന്നത് മോദി-ഷാ കൂട്ടുകെട്ടിന്റെ വിജയമായി ഉയർത്തിക്കാട്ടാനാണ് കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്.
മന്ത്രിസഭയിൽനിന്ന് ഒബിസി നേതാക്കൾ കൊഴിഞ്ഞു പോയത് ബിജെപിയെ ആകുലപ്പെടുത്തുന്നുണ്ട്. പിന്നാക്ക സമുദായങ്ങളെ ഹിന്ദുത്വയ്ക്ക് കീഴിൽ ഒന്നിപ്പിച്ചു നിർത്തിയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപി നേട്ടം കൊയ്തിരുന്നത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഒബിസി നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറിയതും പാർട്ടിക്ക് ഗുണകരമായിരുന്നു. എന്നാൽ ഇത്തവണ പിന്നാക്ക സമുദായ വോട്ടുകളിൽ വലിയ വിള്ളൽ വീഴുമെന്നാണ് രാഷ്ട്രീയ വിദഗ്ധർ വിലയിരുത്തുന്നത്.
സംസ്ഥാനത്ത് 107 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചിട്ടുള്ളത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ 57 സ്ഥാനാർഥികളെയും രണ്ടാം ഘട്ടത്തിലെ 48 സ്ഥാനാർഥികളെയുമാണ് പ്രഖ്യാപിച്ചത്. ഗോരഖ്പൂരിൽ നിന്നാണ് യോഗി ആദിത്യനാഥ് മത്സരിക്കുന്നത്.
Adjust Story Font
16