Quantcast

പ്രചാരണത്തിന് കുട്ടികളെ ഉപയോ​ഗിച്ചു; എഫ്ഐആറിൽ നിന്ന് അമിത് ഷായുടെ പേര് ഒഴിവാക്കി പൊലീസ്

കഴിഞ്ഞമാസമാണ് അമിതാ ഷാ, റെഡ്ഡി ഉൾപ്പെടെ അഞ്ച് പേരെ പ്രതികളാക്കി ഹൈദരാബാദ് സിറ്റി പൊലീസ് കേസെടുത്തത്.

MediaOne Logo

Web Desk

  • Updated:

    2024-06-03 13:16:42.0

Published:

3 Jun 2024 1:15 PM GMT

പ്രചാരണത്തിന് കുട്ടികളെ ഉപയോ​ഗിച്ചു; എഫ്ഐആറിൽ നിന്ന് അമിത് ഷായുടെ പേര് ഒഴിവാക്കി പൊലീസ്
X

ഹൈദരാബാദ്: ലോക്സഭാ തെര‍ഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോ​ഗിച്ചെന്ന കേസിൽ രജിസ്റ്റർ ചെയ്യപ്പെട്ട എഫ്ഐആറിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പേര് ഒഴിവാക്കി പൊലീസ്. പെരുമാറ്റ ചട്ടലംഘനത്തിന് ഹൈദരാബാദ് സിറ്റി പൊലീസാണ് അമിത് ഷാ, ബിജെപി തെലങ്കാന അധ്യക്ഷൻ ജി കിഷൻ റെഡ്ഡി എന്നിവരുടെ പേരുകൾ നീക്കിയത്.

കഴിഞ്ഞമാസമാണ് അമിതാ ഷാ, റെഡ്ഡി ഉൾപ്പെടെ അഞ്ച് പേരെ പ്രതികളാക്കി ഹൈദരാബാദ് സിറ്റി പൊലീസ് കേസെടുത്തത്. കോൺഗ്രസ് തെലങ്കാന ഘടകം വൈസ് പ്രസിഡന്റ് ജി. നിരഞ്ജൻ തെലങ്കാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ പരാതി അദ്ദേഹം ഹൈദരാബാദ് സിറ്റി പൊലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

മെയ് ഒന്നിന് ഹൈദരാബാദിലെ ലാൽദവാസയിൽ നിന്ന് സുധ ടാക്കീസിലേക്കുള്ള ബിജെപി റാലിയുടെ വേദിയിൽ അമിത് ഷായ്‌ക്കും ബിജെപി നേതാക്കൾക്കുമൊപ്പം പ്രായപൂർത്തിയാവാത്ത കുട്ടികളെയും വേദിയിൽ കയറ്റിയത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ 'അബ് കി ബാർ, 400 പാർ' എന്ന മുദ്രാവാക്യമെഴുതി ബിജെപി ചിഹ്നമൊട്ടിച്ച പേപ്പർ പോസ്റ്റർ പതാക പിടിച്ച് നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

അമിത് ഷായുടെ മുന്നിലും പിന്നിലുമായി നിരവധി കുട്ടികളാണ് വേദിയിൽ ഉണ്ടായിരുന്നത്. പരാതിയിൽ അമിത് ഷാ, കിഷൻ റെഡ്ഡി, ഹൈദരാബാദിലെ ബിജെപി സ്ഥാനാർഥി കെ. മാധവി ലത, വിവാദ ബിജെപി എംഎൽഎ ടി. രാജാസിങ്, ബിജെപി നേതാവ് ടി. യമൻ സിങ് എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

എന്നാൽ അന്വേഷണത്തിൽ അമിത് ഷായ്ക്കും കിഷൻ റെഡ്ഡിക്കും ഈ സംഭവത്തിൽ പങ്കില്ലെന്ന് കണ്ടാണ് എഫ്ഐആറിൽ നിന്ന് പേര് ഒഴിവാക്കിയതെന്നാണ് പൊലീസ് പറയുന്നത്. കേസിന്റെ കുറ്റപത്രം കഴിഞ്ഞയാഴ്ച പ്രാദേശിക കോടതിയിൽ സമർപ്പിച്ചു.

'കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കിഷൻ റെഡ്ഡി എന്നിവരുടെ പങ്ക് കണ്ടെത്താനായില്ല. അതിനാൽ ഈ കേസിൽ നിന്ന് ഒഴിവാക്കുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്യുന്നു'- പൊലീസ് പരാതിക്കാരന് അയച്ച നോട്ടീസിൽ പറയുന്നു. എന്നാൽ ഐപിസി 188 പ്രകാരമുള്ള കേസിന്റെ നടപടികൾ മറ്റു മൂന്നുപേർക്കെതിരെ തുടരുമെന്നും ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഫെബ്രുവരിയിൽ തന്നെ രാഷ്ട്രീയ പാർട്ടികളോട് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ നേതാക്കളും സ്ഥാനാർഥികളും കുട്ടികളെ കൈകളിൽ പിടിച്ചോ വാഹനത്തിലോ കൊണ്ടുപോവരുതെന്നും റാലികൾ ഉൾപ്പെടെ ഒരു തരത്തിലുള്ള പ്രചാരണ പരിപാടികളിലും പങ്കെടുപ്പിക്കരുതെന്നും കമ്മീഷൻ നിർദേശിച്ചിരുന്നു.



TAGS :

Next Story