Quantcast

ഗവർണർ നിയമനത്തിൽ അമിത് ഷാ ചർച്ച നടത്തിയെന്ന് നിതീഷ് കുമാർ; ബിഹാറിൽ വീണ്ടും രാഷ്ട്രീയ മാറ്റം?

നിതീഷുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന ഫാഗു ചൗഹാനെ മാറ്റി രാജേന്ദ്ര അർലേക്കറെ ബിഹാർ ഗവർണറാക്കിയത് ഇരു പാർട്ടികളും തമ്മിലുള്ള വെടിനിർത്തലിന്റെ സൂചനയാണ്

MediaOne Logo

Web Desk

  • Published:

    16 Feb 2023 3:30 PM GMT

Nitish Kumar trips and falls at Teachers’ Day function in Patna University
X

Nitish Kumar

പട്‌ന: ബിഹാറിൽ പുതിയ ഗവർണറെ നിയമിക്കുന്നതിന്റെ തലേന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ താനുമായി ചർച്ച നടത്തിയെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വെളിപ്പെടുത്തൽ. നിതീഷുമായി നിരന്തരം ഏറ്റുമുട്ടിയിരുന്ന ഫാഗു ചൗഹാനെ മാറ്റി രാജേന്ദ്ര അർലേക്കറെ ബിഹാർ ഗവർണറാക്കിയത് ഇരു പാർട്ടികളും തമ്മിലുള്ള വെടിനിർത്തലിന്റെ സൂചനയായും വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.

ബിഹാർ ഗവർണറായിരുന്ന ഫാഗു ചൗഹാനെ മേഘാലയ ഗവർണറായാണ് മാറ്റി നിയമിച്ചത്. ബിഹാർ സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമന വിഷയങ്ങളിൽ മുഖ്യമന്ത്രി നിതീഷ് കുമാറും ഗവർണറും തമ്മിൽ പരസ്യമായി ഏറ്റുമുട്ടിയിരുന്നു. എന്നാൽ സർക്കാരുമായി ഏറ്റുമുട്ടേണ്ട കാര്യങ്ങളൊന്നും കാണുന്നില്ലെന്നാണ് പുതിയ ഗവർണർ രാജേന്ദ്ര അർലേക്കർ പറഞ്ഞത്. സർക്കാരിലുള്ളവർ കാര്യവിവരമുള്ളവരാണെന്നും ഗവർണർ പദവിയുടെ പരിമിതികളെ കുറിച്ച് താൻ ബോധവാനാണെന്നും അദ്ദേഹം പറഞ്ഞു.

പുതുതായി നിയമിക്കപ്പെട്ട ബംഗാൾ ഗവർണർ സി.വി ആനന്ദബോസും മുഖ്യമന്ത്രി മമതാ ബാനർജിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ബി.ജെ.പിയുടെ നയതന്ത്ര മാറ്റമാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥികളായി പരിഗണിക്കപ്പെടാൻ സാധ്യതയുള്ളവരാണ് മമതയും നിതീഷും. അവരുമായി പോരൊഴിവാക്കുക എന്ന നിലപാടും ബി.ജെ.പിക്കുണ്ട്.

ബിഹാറിൽ നിതീഷിന് പാർട്ടിക്കുള്ളിൽ തന്നെ വലിയ വിമത ശല്യമുണ്ട്. ഉപേന്ദ്ര കുശ്വാഹയുടെ നേതൃത്വത്തിൽ നടക്കുന്ന വിമത നീക്കങ്ങൾ നിതീഷിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. ജെ.ഡി.യു-ആർ.ജെ.ഡി സഖ്യവും പൂർണമായും നല്ല രീതിയിലല്ല മുന്നോട്ടുപോകുന്നത്. പല ആർ.ജെ.ഡി നേതാക്കളും നിതീഷിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു. ലാലു പ്രസാദ് യാദവിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് നിതീഷിനൊപ്പം നിൽക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ തന്റെ സഹപ്രവർത്തകർ ഉന്നയിക്കുന്ന വിമർശനങ്ങളോട് മൗനം പാലിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. സ്വന്തം പാർട്ടിയിലെ വിമതനീക്കം ചെറുക്കാനാവാതെ വന്നാൽ രാഷ്ട്രീയ സുരക്ഷിതത്വം ഉറപ്പിക്കാൻ നിതീഷ് വീണ്ടും കാലുമാറ്റം നടത്തിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

TAGS :

Next Story