മുസ്‌ലിംവേട്ട അടിയന്തരമായി അവസാനിപ്പിക്കണം: കേന്ദ്ര സർക്കാരിനോട് ആംനെസ്റ്റി
''മുസ്‌ലിംകളെ തിരഞ്ഞുപിടിച്ചും ക്രൂരവുമായാണ് കേന്ദ്രസർക്കാർ വേട്ടയാടുന്നത്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ സർക്കാർ അടിച്ചമർത്തുകയാണ്.''
ന്യൂഡൽഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചകനിന്ദയ്‌ക്കെതിരായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന ഭരണകൂട നടപടിയിൽ ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനൽ. രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണ് രാജ്യത്ത് നടക്കുന്നതെന്നും പൊലീസിനെ ഉപയോഗിച്ച് സമാധാനപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്ന നടപടി അവസാനിപ്പിക്കണമെന്നും ആംനെസ്റ്റിയുടെ ഇന്ത്യൻ ഘടകം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.
ബി.ജെ.പി നേതാക്കളായ നുപൂർ ശർമ, നവീൻ കുമാർ ജിൻഡാൽ എന്നിവരുടെ പ്രവാചകനിന്ദയ്‌ക്കെതിരായി രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങൾക്കിടെ ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ വ്യാപക മുസ്‌ലിംവേട്ടയാണ് നടക്കുന്നത്. ഉത്തർപ്രദേശിൽ 300ലേറെ പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെൽഫെയർ പാർട്ടി നേതാവ് ജാവേദ് മുഹമ്മദിന്റെ അടക്കം നിരവധി പേരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആംനെസ്റ്റി വാർത്താകുറിപ്പിലൂടെ ഭരണകൂടവേട്ടയെ വിമർശിച്ച് രംഗത്തെത്തിയത്.
പൊലീസിന്റെ അമിതാധികാര പ്രയോഗം അവസാനിപ്പിക്കണമെന്ന് വാർത്താകുറിപ്പിൽ ആവശ്യപ്പെടുന്നു. സമാധാനപരമായി പ്രതിഷേധം സംഘടിപ്പിച്ചതിന്റെ പേരിൽ അറസ്റ്റ് ചെയ്തവരെ അടിയന്തരമായും ഉപാധികളില്ലാതെയും മോചിപ്പിക്കണം. മുസ്‌ലിംകളെ തിരഞ്ഞുപിടിച്ചും ക്രൂരവുമായാണ് കേന്ദ്രസർക്കാർ വേട്ടയാടുന്നതെന്ന് ആംനെസ്റ്റി ഇന്ത്യ തലവൻ ആകാർ പട്ടേൽ വിമർശിച്ചു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ കേന്ദ്ര സർക്കാർ അടിച്ചമർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അമിതാധികാരം പ്രയോഗിച്ചും നിയമവിരുദ്ധമായി അറസ്റ്റ് ചെയ്തും വീടുകൾ പൊളിച്ചുകളഞ്ഞുമെല്ലാം പ്രതിഷേധക്കാരെ വേട്ടയാടുകയാണ് ഭരണകൂടം. ഇത് രാജ്യാന്തര മനുഷ്യാവകാശ നിയമങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധതയുടെ കൂടി ലംഘനമാണെന്നും ആംനെസ്റ്റിയുടെ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.
ഉത്തർപ്രദേശിൽ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മുസ്ലിംവേട്ടയ്ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ജഡ്ജിമാരും മുതിർന്ന അഭിഭാഷകരും സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു. പ്രവാചകനിന്ദയ്ക്കെതിരെ പ്രതിഷേധം നടത്തിയെന്ന പേരിൽ നടക്കുന്ന നിയമവിരുദ്ധമായ വ്യാപക അറസ്റ്റിലും മുസ്ലിം വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കുന്ന നടപടിയിയിലും കോടതി സ്വമേധയാ ഇടപെടണമെന്നാണ് ആവശ്യം. മുൻ സുപ്രിംകോടതി ജഡ്ജിമാരായ ജസ്റ്റിസുമാരായ ബി. സുദർശൻ റെഡ്ഡി, വി. ഗോപാല ഗൗഡ, എ.കെ ഗാംഗുലി, ഡൽഹി ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസും ലോ കമ്മീഷൻ ഓഫ് ഇന്ത്യ മുൻ ചെയർപേഴ്സനുമായ ജസ്റ്റിസ് എ.പി ഷാഹ് തുടങ്ങി പ്രമുഖരാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണയ്ക്ക് കത്തെഴുതിയിരിക്കുന്നത്.
Summary: Amnesty urges authorities to immediately end use of excessive force against protesters
Adjust Story Font
16