അതീഖുർ റഹ്മാനെ ഉടൻ മോചിപ്പിക്കണം; നടക്കുന്നത് പ്രതികാര നടപടിയെന്നും ആംനസ്റ്റി
ചികിത്സ നിഷേധിച്ചും കാലതാമസം വരുത്തിയും അദ്ദേഹത്തിന്റെ ജീവിതം ദുസ്സഹമാക്കി കൂടുതൽ തകർക്കാനുള്ള പ്രതികാര നടപടികളിലാണ് അധികാരികൾ.
ന്യൂഡൽഹി: ദലിത് പെൺകുട്ടി കൂട്ടബലാത്സംത്തിന് ഇരയായി കൊല്ലപ്പെട്ട യു.പി ഹാഥ്റസിലേക്ക് പോകവെ അറസ്റ്റിലായി യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന കാംപസ് ഫ്രണ്ട് ദേശീയ നേതാവ് അതീഖുർറഹ്മാനെ ഉടൻ മോചിപ്പിക്കണമെന്ന് ആംനസ്റ്റി ഇന്റർനാഷനൽ. അതീഖിനെതിരെ നടക്കുന്നത് പ്രതികാര നടപടിയാണെന്നും മനുഷ്യാവകാശ സംഘടന ചൂണ്ടിക്കാട്ടി.
"മനുഷ്യാവകാശങ്ങൾ സമാധാനപരമായി വിനിയോഗിച്ചതിനാണ് കള്ളക്കേസുകൾ ചുമത്തി രണ്ട് വർഷത്തോളമായി അതീഖുർ റഹ്മാനെ തടങ്കലിലാക്കിയിരിക്കുന്നത്. ഇത് ഇന്ത്യൻ അധികാരികളെ സംബന്ധിച്ചിടത്തോളം പരിഹാസ്യമാണ്. ചികിത്സ നിഷേധിച്ചും കാലതാമസം വരുത്തിയും അദ്ദേഹത്തിന്റെ ജീവിതം ദുസ്സഹമാക്കി കൂടുതൽ തകർക്കാനുള്ള പ്രതികാര നടപടികളിലാണ് അധികാരികൾ. അദ്ദേഹത്തിന്റെ ഏകപക്ഷീയ തടങ്കൽ അവസാനിപ്പിക്കണം''- ആംനസ്റ്റി ഇന്റർനാഷനൽ ഇന്ത്യ- ബോർഡ് ചെയർമാൻ ആകാർ പട്ടേൽ പറഞ്ഞു.
''അദ്ദേഹത്തെ അടിയന്തരമായി മോചിപ്പിക്കുകയും രാഷ്ട്രീയ പ്രേരിതമായി ചുമത്തിയിട്ടുള്ള എല്ലാവിധ കുറ്റങ്ങളും പിൻവലിക്കുകയും വേണം. മോചിതനാകുന്നതുവരെ, അദ്ദേഹത്തിന്റെ തടങ്കൽ സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി മെച്ചപ്പെടുത്തുന്നതും കുടുംബവുമായി സ്ഥിരമായി ബന്ധപ്പെടാനുള്ള സാഹചര്യവും ആവശ്യമായ ആരോഗ്യപരിരക്ഷയും അധികാരികൾ ഉറപ്പാക്കണം. റഹ്മാനെ മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിലേക്ക് തള്ളിയിടുന്നതും മതിയായ ചികിത്സ നൽകുന്നതിൽ പരാജയപ്പെടുന്നതും മനുഷ്യാവകാശ ലംഘനമാണ്''- അദ്ദേഹം വ്യക്തമാക്കി.
അതീഖിന്റെ ജീവൻ രക്ഷിക്കണമെന്ന് ഭാര്യ സൻജിദ റഹ്മാൻ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ജയിലിൽ കഴിയുന്ന അതീഖിന്റെ ഇടതുവശം തളർന്നുപോയെന്നും എത്രയും വേഗം ഡൽഹി എയിംസിലേക്ക് മാറ്റണമെന്നും സൻജിത മീഡിയവണിനോട് പറഞ്ഞിരുന്നു. ഹൃദയവാൽവുകളിൽ സുഷിരം അടയാത്ത അവസ്ഥയെ തുടർന്ന് 2007 മുതൽ ഡൽഹി എയിംസിൽ അതീഖ് ചികിത്സ തേടുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് അതീഖ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാൽ, ജയിലിൽ തുടർചികിത്സയോ വേണ്ട പരിചരണമോ ലഭ്യമായില്ല. ഇതോടെയാണ് ആരോഗ്യനില മോശമായത്.
അതീഖിന്റെ മുഖത്തിന്റെ ഒരു വശം കോടിയിട്ടുമുണ്ട്. ഈയവസ്ഥയിൽ അതീഖിനെ ആരോഗ്യ പ്രശ്നങ്ങൾ പരിഗണിക്കാതെ ലഖ്‌നൗവിലെ ആശുപത്രിയിൽ നിന്നും ജയിലിലേക്ക് തിരികെ കൊണ്ടുപോയിരുന്നു. അതീഖിന് ഇപ്പോൾ ആരെയും തിരിച്ചറിയാൻ സാധിക്കുന്നില്ലെന്നും ഭാര്യ പറഞ്ഞു. 'സ്വന്തം മക്കളെ പോലും അദ്ദേഹം തിരിച്ചറിയുന്നില്ല. ഉപ്പയെ കാണണമെന്ന് പറഞ്ഞു മക്കൾ വാശിപിടിക്കുകയാണ്. അവരേറെ വിഷമത്തിലാണ്. ഉപ്പ എപ്പോഴാണ് വരികയെന്ന് മക്കൾ ചോദിക്കുന്നു. അതീഖിന് എത്രയും വേഗം ജാമ്യംനൽകി പുറത്തിറക്കണമെന്ന് അപേക്ഷിക്കുകയാണ്- സന്‍ജിത പറഞ്ഞു.
യു.പിയിലെ മുസഫർനഗർ സ്വദേശിയായ അതീഖ്, ചൗധരി ചരൺ സിങ് യൂനിവേഴ്‌സിറ്റിയിലെ ലൈബ്രറി സയൻസ് ഗവേഷക വിദ്യാർഥിയാണ്. 2020 ആഗസ്റ്റ് അഞ്ചിന് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം ഹാഥ്റസിലേക്ക് പോകവെയാണ് യു.പി പൊലീസ് അതീഖുർ റഹ്മാൻ അടക്കമുള്ളവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്നത്.
Adjust Story Font
16