Quantcast

ദുബൈ എന്ന് പറഞ്ഞ് പാകിസ്താനിലെത്തിച്ച് കുടുക്കി; 22 വർഷത്തിന് ശേഷം ജന്മനാട്ടിലെത്തി ഒരു ഇന്ത്യൻ മുത്തശ്ശി

ഇതുവരെ മുത്തശ്ശിയെ കണ്ടിട്ടില്ലാത്ത പേരമകൻ ഇവരെക്കുറിച്ചുള്ള യൂട്യൂബ് വീഡിയോ കുടുംബത്തിന് കാണിച്ചുകൊടുത്തതാണ് മുത്തശ്ശിക്ക് ഇന്ത്യയിലേക്ക് വഴിതെളിച്ചത്

MediaOne Logo

Web Desk

  • Published:

    18 Dec 2024 1:28 PM GMT

ദുബൈ എന്ന് പറഞ്ഞ് പാകിസ്താനിലെത്തിച്ച് കുടുക്കി; 22 വർഷത്തിന് ശേഷം ജന്മനാട്ടിലെത്തി ഒരു ഇന്ത്യൻ മുത്തശ്ശി
X

ന്യൂഡൽഹി: 22 വർഷം മുമ്പ് പാകിസ്താനിൽ കുടുങ്ങിയ മുത്തശ്ശി ഒടുവിൽ ഇന്ത്യയിലെത്തി. പാകിസ്താനിൽ രണ്ട് പതിറ്റാണ്ട് കുടുങ്ങിയ ഇന്ത്യക്കാരിയെക്കുറിച്ചുള്ള വാർത്ത ഇതുവരെ മുത്തശ്ശിയെ കാണാത്ത പേരമകൻ കണ്ടതിന് പിന്നാലെയാണ് ഹമീദ ഭാനു (75) എന്ന സ്ത്രീക്ക് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ വഴിതെളിഞ്ഞത്.

ഖത്തറിലും ദുബൈയിലും സൗദി അറേബ്യയിലും പാചകക്കാരനായി ജോലിചെയ്തുവന്ന ഭർത്താവ് മരിച്ചതോടെയാണ് ഭാനുവിന്റെ ജീവിതം ദുരിതത്തിലായത്. നാല് മക്കളെ പോറ്റാനായി ഭാനു ഭർത്താവിന്റെ പാത പിന്തുടർന്ന് ഗൾഫിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. ജോലി അന്വേഷണത്തിനിടെ ഭാനുവിനെ ദുബൈയിൽ ജോലി വാഗ്ദാനം ചെയ്ത് ഒരു റിക്രൂട്ടിങ് ഏജന്റ് സമീപിക്കുകയായിരുന്നു. 20,000 രൂപ തന്നാൽ ദുബൈയിൽ ജോലി ഉറപ്പാക്കാം എന്ന് ഏജന്റ് ഭാനുവിനോട് പറഞ്ഞു.

ഏജന്റിന്റെ ആവശ്യപ്രകാരം പണം നൽകി മക്കളോടും ബന്ധുക്കളോടും യാത്ര പറഞ്ഞ് ദുബൈയിലേക്ക് യാത്രപുറപ്പെട്ട ഭാനു പക്ഷെ എത്തിപ്പെട്ടത് പാകിസ്താനിലെ ഹൈദരാബാദിലായിരുന്നു. അനധികൃതമായി പാകിസ്താനിലെത്തിയ ഇന്ത്യക്കാരി എന്ന പേരിൽ മൂന്ന് മാസത്തോളമാണ് ഭാനുവിനെ തടങ്കലിലിട്ടത്.

ആരോടാണ് സഹായം ചോദിക്കേണ്ടതെന്നറിയാതെ തെരുവിൽ അലഞ്ഞ ഭാനുവിനെ കറാച്ചിയിലെ ഒരു തെരുവുകച്ചവടക്കാരൻ വിവാഹം കഴിക്കുകയായിരുന്നു. ഭക്ഷണമോ വാസസ്ഥലമോ ഇല്ലാതെ വലഞ്ഞ ഭാനുവിന് വിവാഹമല്ലാതെ നിലനിൽക്കാൻ മറ്റൊരു മാർഗമില്ലായിരുന്നു.

ഒടുവിൽ 2020ൽ കൊവിഡ് ബാധിച്ച് ഭർത്താവ് മരിച്ചതോടെ ഭാനു വീണ്ടും ഒറ്റപ്പെടുകയായിരുന്നു. ഭാനുവിനെക്കുറിച്ചറിഞ്ഞ പാകിസ്താനി സോഷ്യൽ മീഡിയ ആക്ടിവിസ്റ്റായ വലിയുല്ല മറൂഫ് തന്റെ പ്ലാറ്റ്‌ഫോമിലൂടെ ഭാനുവിന്റെ വാർത്ത പുറത്തുവിടുകയായിരുന്നു. 2022ലായിരുന്നു ഇത്. വാർത്ത കണ്ട ഇന്ത്യൻ മാധ്യമപ്രവർത്തകനായ കൽഫാൻ ശൈഖ് സംഭവത്തെക്കുറിച്ച് മറ്റൊരു വീഡിയോ ചെയ്തു.

കൽഫാൻ ശൈഖിന്റെ വീഡിയോ കണ്ട ഭാനുവിന്റെ ഇന്ത്യയിലെ പേരക്കുട്ടി വാർത്ത തന്റെ അമ്മയ്ക്ക് കാണിച്ചുകൊടുക്കുകയും കുടുംബം ഭാനുവിനെ തിരിച്ചറിയുകയുമായിരുന്നു.

കുടുംബം വാർത്ത ചെയ്ത കൽഫാൻ ശൈഖിനെ സമീപിക്കുകയും ശൈഖ് ഭാനുവുമായി ഒരു വീഡിയോകോളിന് കുടുംബത്തിന് അവസരമൊരുക്കുകയുമായിരുന്നു.

'താൻ എവിടെയായിരുന്നെന്നോ എങ്ങനെയായിരുന്നെന്നോ തന്നോട് ചോദിക്കരുത്, എല്ലാവരെയും വേർപ്പെട്ടതിന്റെ വേദന താൻ അനുഭവിച്ചിരുന്നുവെന്നും താൻ കരുതിക്കൂട്ടിയല്ല ഇവിടെ നിന്നതെന്നും' ഭാനു കുടുംബത്തോട് പറഞ്ഞു.

ഉടൻ തന്നെ ഭാനുവിന്റെ പൗരത്വം തെളിയിക്കുന്നതിനായി ഇന്ത്യയും പാകിസ്താനും അന്വേഷണം നടത്തുകയും ഭാനു ഇന്ത്യൻ പൗര തന്നെയെന്നും വീഡിയൊ കണ്ട് സ്ഥിരീകരിച്ച കുടുംബം ഭാനുവിന്റെ കുടുംബം തന്നെയാണെന്നും തെളിയുകയായിരുന്നു.

നീണ്ട 22 വർഷങ്ങൾക്കൊടുവിൽ തിങ്കളാഴ്ച കര മാർഗമാണ് ഭാനുവിനെ ഇന്ത്യയിലെത്തിച്ചത്. സ്വന്തം കുടംബത്തോട് ബന്ധപ്പെടാൻ കഴിയാതെ അയൽരാജ്യത്ത് കുടുങ്ങിയ അവസരത്തിൽ 'താനൊരു ജീവിക്കുന്ന ശവമായിരുന്നു'എന്നാണ് ഭാനു പറഞ്ഞത്.

തന്റെ മക്കളുടെയും കുടുംബത്തിന്റെയും അടുത്തേക്ക് പോകാൻ തനിക്ക് അതിയായ സന്തോഷമുണ്ട് എന്നാൽ തനിക്ക് അവർക്ക് ഒരു ബാധ്യതയാകാൻ താൽപര്യമില്ല എന്നായിരുന്നു ഭാനു രാജ്യത്തെത്തിയ ഉടൻ നൽകിയ മറുപടി.

TAGS :

Next Story