ജോലി തട്ടിപ്പ്: റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ യുവാവ് യുദ്ധത്തിൽ കൊല്ലപ്പെട്ടു
ഉയർന്ന ശമ്പളമുള്ള ജോലി നൽകാമെന്ന് പറഞ്ഞാണ് പലരെയും റഷ്യയിലേക്ക് കൊണ്ടുപോയത്
ന്യൂഡൽഹി: ജോലി തട്ടിപ്പിന് ഇരയായി റഷ്യൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ യുവാവ് യുക്രൈനുമായുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ഹൈദരാബാദ് സ്വദേശി മുഹമ്മദ് അസ്ഫാനാണ് (30) കൊല്ലപ്പെട്ടതെന്ന് മോസ്കോയിലെ ഇന്ത്യൻ എംബസി അറിയിച്ചു.
‘ഇന്ത്യക്കാരനായ മുഹമ്മദ് അസ്ഫാന്റെ ദാരുണമായ മരണത്തെക്കുറിച്ച് ഞങ്ങൾ അറിഞ്ഞിട്ടുണ്ട്. കുടുംബവുമായും റഷ്യൻ അധികാരികളുമായും ബന്ധപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കും’ -എംബസി അറിയിച്ചു.
ഉയർന്ന ശമ്പളമുള്ള ജോലി നൽകാമെന്ന് പറഞ്ഞാണ് പലരെയും റഷ്യയിലേക്ക് കൊണ്ടുപോയത്. എന്നാൽ, ഇവരെ പിന്നീട് കബളിപ്പിച്ച് സൈന്യത്തിൽ ചേർക്കുകയായിരുന്നു.
റഷ്യ-യുക്രൈൻ യുദ്ധത്തിനിടയിൽ ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിരുന്നു. നിരവധി പേരെ ജോലി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച് സൈന്യത്തിൽ ചേർത്തതായും കേന്ദ്രം വെളിപ്പെടുത്തി. ഇവരുടെ മോചനത്തിനായി ഇടപെടുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ അറിയിച്ചിരുന്നു.
വിദ്യാർഥികളടക്കം നിരവധി ഇന്ത്യക്കാരെ കബളിപ്പിച്ച് റഷ്യൻ സൈന്യത്തിൽ ചേർക്കുകയായിരുന്നു. പലരും യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുകയാണ്. ജോലിക്കു വേണ്ട സഹായങ്ങൾ നൽകാമെന്നു പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു യുദ്ധമുന്നണിയിലുള്ള സൈന്യത്തിലേക്ക് റിക്രൂട്ടിങ് നടത്തുകയായിരുന്നു.
യുക്രൈനെതിരായ യുദ്ധത്തിന് തങ്ങളെ നിർബന്ധിക്കുകയാണെന്ന് കാണിച്ച് പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ഏഴ് പേർ കഴിഞ്ഞദിവസം ഇന്ത്യൻ സർക്കാറിനോട് സഹായത്തിനായി അഭ്യർഥിച്ചിരുന്നു.
Adjust Story Font
16