ആര്യൻ ഖാൻ വാട്‌സ്ആപ്പ് സന്ദേശമയച്ചത് അനന്യ പാണ്ഡ്യയ്ക്ക്? നടിയുടെ വീട്ടിൽ റെയ്ഡ്
ആര്യന്റെയും സഹോദരി സുഹാനയുടെയും പൊതുസുഹൃത്താണ് അനന്യ
മുംബൈ: ആര്യൻ ഖാൻ ഉൾപ്പെട്ട ആഡംബരക്കപ്പലിലെ ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ വീട്ടിൽ നാർക്കോട്ടിക് ബ്യൂറോ (എൻസിബി) റെയ്ഡ്. നടൻ ചങ്കി പാണ്ഡെയുടെയും ഭാവന പാണ്ഡെയും മകളാണ് 22കാരിയായ അനന്യ. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ നടിക്ക് വാട്‌സ് ആപ്പ് ചാറ്റ് അയച്ചിരുന്നു എന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ എന്‍സിബി കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ആര്യന്റെയും സഹോദരി സുഹാനയുടെയും പൊതുസുഹൃത്താണ് അനന്യ. നടിക്ക് എൻസിബി സമൻസ് അയച്ചിട്ടുണ്ട്. ഫോണും ലാപ്‌ടോപ്പം എൻസിബി പിടിച്ചെടുത്തിട്ടുണ്ട്. അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ് എന്നും വീട്ടിൽ റെയ്ഡ് നടത്തിയതു കൊണ്ട് ആരും കുറ്റവാളികളാകില്ലെന്നും എൻസിബി ഉദ്യോഗസ്ഥൻ പറഞ്ഞു.
2019ൽ പുറത്തിറങ്ങിയ, ടൈഗർ ഷ്‌റോഫ് നായകനായ സ്റ്റുഡന്റ് ഓഫ് ദ ഇയർ 2വിലൂടെയാണ് നടി ബോളിവുഡിലെത്തിയത്. മികച്ച യുവനടിക്കുള്ള ഫിലിംഫെയർ അവാർഡും ഇവർ നേടിയിരുന്നു. ഇതുവരെ ആറു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
കേസിൽ ഷാരൂഖ് ഖാന്റെ വസതിയിലും എൻസിബി പരിശോധന നടത്തിയിരുന്നു. ഇന്ന് രാവിലെ മകനെ കാണാൻ ഷാരൂഖ് മുംബൈ ആർതർ റോഡിലെ ജയിലിലെത്തിയിരുന്നു. ആര്യന് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെയായിരുന്നു നടന്റെ സന്ദർശനം.
എൻസിബിയുടെ 'കുറ്റപത്രം' ഇങ്ങനെ
അതിനിടെ, കേസിൽ ആര്യൻ ഖാന് ജാമ്യം നൽകാതിരിക്കാൻ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) കോടതിയിൽ ഉന്നയിച്ചത് ഗുരുതരമായ ആരോപണങ്ങളാണ്. പുറത്തിറങ്ങിയാൽ തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രതിക്ക് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്നും എൻസിബിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വാദിച്ചു.
വാദങ്ങൾ ഇപ്രകാരം;
പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെങ്കിലും നിയമപരമല്ലാത്ത ലഹരി പ്രവർത്തനങ്ങളിൽ പ്രതി (ആര്യൻഖാൻ) ഉൾപ്പെട്ടിട്ടുണ്ടെന്ന് വാട്സ് ആപ്പ് ചാറ്റുകൾ തെളിയിക്കുന്നു. ആരോപണ വിധേയരെല്ലാം ഏറെ സ്വാധീനമുള്ള വ്യക്തികളാണ്. അതുകൊണ്ടു തന്നെ ഇവർ പുറത്തിറങ്ങിയാൽ തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ട്.
ആര്യൻഖാന് വിദേശ പൗരന്മാരുമായും മറ്റു അന്താരാഷ്ട്ര ലഹരിക്കടത്തുകാരുമായും ബന്ധപ്പെട്ടിട്ടുണ്ട്. ഇതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഘട്ടത്തിൽ ജാമ്യം അനുവദിച്ചാൽ അത് അന്വേഷണത്തെ ബാധിക്കും. ചോദ്യം ചെയ്യലിനിടെ പ്രതി ആരുടെയും പേരു വെളിപ്പെടുത്തിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ നൽകാൻ ഒന്നാം നമ്പർ പ്രതിക്കു മാത്രമേ ആകൂ.
വലിയ ലഹരി ശൃംഖലയുടെ ഭാഗമാണ് പ്രതികൾ എന്നു കരുതാനുള്ള തെളിവുകളുണ്ട്. ആര്യനിൽ നിന്ന് ഒന്നും കണ്ടെടുത്തില്ലെങ്കിലും അർബാസ് മർച്ചന്റിന്റെ ഷൂവിന് അടിയിൽ ലഹരിവസ്തുക്കൾ ഉണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ആറു ഗ്രാം ചരസാണ് അർബാസിൽ നിന്ന് കണ്ടെടുത്തത്. ഇവർ തമ്മിൽ ദീർഘകാല സുഹൃത്തുക്കളാണ്.
Adjust Story Font
16