45 ദിവസംകൊണ്ട് നാലുകോടി രൂപ; തക്കാളി വിറ്റ് കോടീശ്വരനായി കർഷകൻ
കഴിഞ്ഞവർഷം തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞതിന്റെ ഫലമായി ഒന്നരകോടി രൂപയുടെ ബാധ്യതയാണ് തനിക്കും കുടുംബത്തിനും ഉണ്ടായതെന്ന് മുരളി പറയുന്നു
വിജയവാഡ: കഴിഞ്ഞ ഒന്നുരണ്ട് മാസത്തിനിടെ രാജ്യത്ത് തക്കാളിയുടെ വില കുതിച്ചുയരുകയാണ്. തക്കാളി വിറ്റ് ജീവിതം രക്ഷപ്പെട്ട അനേകം കർഷകർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അതിലൊരാളാണ് ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിലെ കർഷകനായ മുരളി . വെറും 45 ദിവസം കൊണ്ട് നാലുകോടി രൂപയാണ് 48 കാരനായ മുരളി സമ്പാദിച്ചത്. ഏപ്രിൽ ആദ്യവാരമാണ് 22 ഏക്കർ കൃഷിയിടത്തിൽ തക്കാളി കൃഷി ചെയ്തത്. ജൂൺ അവസാനത്തോടെ വിളവെടുക്കുകയും ചെയ്തു. 130 കിലോമീറ്ററിലധികം സഞ്ചരിച്ച് കോലാറിലെ ചന്തയിലാണ് തക്കാളി വിറ്റത്.
ഇന്ന് ഇത്ര രൂപ സമ്പാദിക്കാനായെങ്കിലും ഏറെ കഷ്ടപ്പാടുകൾ താൻ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് മുരളി പറയുന്നു. കഴിഞ്ഞവർഷം തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞതിന്റെ ഫലമായി ഒന്നരകോടി രൂപയുടെ ബാധ്യതയാണ് തനിക്കും കുടുംബത്തിനുമുണ്ടായത്. കർഷകനായ തന്റെ പിതാവിന് ഒരു വർഷം വെറും 50,000 മാത്രമായിരുന്നു കൃഷിയിൽ നിന്ന് നേടാൻ കഴിഞ്ഞിരുന്നത്.
തക്കാളിയുടെ വില കുതിച്ചുയർന്നത് തനിക്കും കുടുംബത്തിനും ലഭിച്ച ഭാഗ്യമാണ്. ഇപ്പോഴുള്ള കടങ്ങൾ വീട്ടിയാലും രണ്ടുകോടി രൂപയോളം മിച്ചമുണ്ടാകും. ഈ പണം ഉപയോഗിച്ച് കൃഷി കൂടുതൽ വിപുലീകരിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് മുരളി പറയുന്നു. പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് കൃഷി ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നത്. ഇതിന് പുറമെ 20 ഏക്കർ സ്ഥലം വാങ്ങി അവിടെ കൃഷി ചെയ്യാനും ഉദ്ദേശിക്കുന്നുണ്ടെന്നും മുരളി പറയുന്നു. കൃഷിയെ ബഹുമാനിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവർക്ക് നിരാശപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറയുന്നു.
Adjust Story Font
16