Quantcast

'ജഗയുഗാന്ത്യം', ഇനി നായിഡുവിന്റെ തെലുങ്കുദേശം; ആന്ധ്രയിൽ ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ അധികാരത്തിലേക്ക്

ജൂൺ 9ന് ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ

MediaOne Logo

Web Desk

  • Updated:

    2024-06-04 16:22:02.0

Published:

4 Jun 2024 12:29 PM GMT

chandrababu naidu
X

അമരാവതി: നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന ആന്ധ്രാപ്രദേശിൽ ചന്ദ്രബാബു നായിഡുവിൻ്റെ തെലുങ്ക് ദേശം പാർട്ടി (ടിഡിപി) വീണ്ടും അധികാരത്തിലേക്ക്. ഭരണകക്ഷിയായ വൈഎസ്ആർ കോൺഗ്രസിനെ വീഴ്ത്തി ടിഡിപിയുടെ നേതൃത്വത്തിൽ എൻഡിഎ മുന്നണി അധികാരം ഉറപ്പിച്ചു. ആകെയുള്ള 175 സീറ്റുകളിൽ 132 സീറ്റുകളിലാണ് ടിഡിപി ലീഡ് ചെയ്യുന്നത്.

ഇതോടെ ആന്ധ്രയിൽ ജഗൻ മോഹൻ റെഡ്ഡി യുഗത്തിന് അന്ത്യമായിരിക്കുന്നു. മുഖ്യമന്ത്രി കസേരയിൽ തിരിച്ചെത്താൻ ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു ഒരുങ്ങിക്കഴിഞ്ഞു. ജൂൺ 9ന് ചന്ദ്രബാബു നായിഡു ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. നിയമസഭയിൽ 18 സീറ്റിൽ ഒതുങ്ങിയത് വൈഎസ്ആർ കോൺഗ്രസ് പാർട്ടിക്കും സിറ്റിംഗ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്കും നൽകുന്ന പ്രഹരം ചെറുതല്ല.

2019 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 151 എംഎൽഎമാരുടെ ശക്തമായ ഭൂരിപക്ഷത്തോടെ ഭരണം പിടിച്ച വൈഎസ്ആർസിപി ഇത്തവണ അതിവേഗതയിൽ തന്നെ അധികാരത്തിൽ നിന്ന് പുറത്തേക്ക് പോകുന്ന കാഴ്ചയാണ് കായനുന്നത്. 2019ൽ 151 സീറ്റുകൾ നേടിയാണ് വൈഎസ്ആർ കോൺഗ്രസ് അധികാരത്തിലെത്തിയത്. അന്ന് ടിഡിപിക്ക് 23 സീറ്റും ജനസേനയ്ക്ക് ഒരു സീറ്റും മാത്രമാണ് നേടാനായത്. ഇത്തവണ വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകൾ ശർമിളയെ പാർട്ടിയിലെത്തിച്ച് കോൺഗ്രസ് നടത്തിയ പരീക്ഷണവും പാളി.

അതേസമയം, 2024ലെ ആന്ധ്രാപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതോടെ ഒരു പ്രാദേശിക പാർട്ടിയിൽ നിന്ന് ദേശീയ തലത്തിൽ കിംഗ് മേക്കറായി ഉയർന്നുവന്നിരിക്കുകയാണ് ടിഡിപി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് അലയൻസിലെ (എൻഡിഎ) രണ്ടാമത്തെ വലിയ കക്ഷിയാണ് തെലുങ്കുദേശം പാർട്ടി (ടിഡിപി). , ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം നേടാനായില്ലെങ്കിൽ ടിഡിപിയുടെ വിലപേശൽ ശക്തിയാകും വർധിക്കുക.

ആന്ധ്രാപ്രദേശിലെ എൻഡിഎ സഖ്യത്തിൻ്റെ മികച്ച പ്രകടനത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ചന്ദ്രബാബു നായിഡു ചർച്ച നടത്തി. ഇരുവരും നായിഡുവിനെ അഭിനന്ദിച്ചു. അമരാവതിയിൽ നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്നാണ് സൂചന. ടിഡിപി പാർട്ടി ആസ്ഥാനത്ത് ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം മെയ് 13നാണ് ആന്ധ്രാപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പും നടന്നത്. അധികാരത്തുടർച്ച തേടി വൈഎസ്ആർസിപി 174 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ ടിഡിപി 144 സീറ്റുകളിൽ സ്ഥാനാർത്ഥികളെ നിർത്തി. ബിജെപിയുമായും പവൻ കല്യാണിൻ്റെ ജനസേനാ പാർട്ടിയുമായും സഖ്യത്തിലാണ് ടിഡിപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പവൻ കല്യാണിൻ്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടി (ജെഎസ്പി) 21 സീറ്റുകളിലും ബിജെപി 10 സീറ്റുകളിലുമാണ് മത്സരിച്ചത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആന്ധ്രയിൽ വൻ നേട്ടമുണ്ടാക്കാൻ ടിഡിപിക്ക് കഴിഞ്ഞു. നിലവിൽ 16 സീറ്റുകളിൽ ടിഡിപി സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നുണ്ട്. നാലിടത്ത് ലീഡുമായി വൈഎസ്ആർ കോൺഗ്രസ് ഏറെ പിന്നിലാണ്.

TAGS :

Next Story