500 കോടി വില വരുന്ന കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് ആന്ധ്ര പൊലീസ്
രാജ്യത്തെ ഏറ്റവും കൂടിയ അളവിലുള്ള മയക്കുമരുന്ന് നശീകരണമാണ് ആന്ധ്ര പൊലീസ് സംഘടിപ്പിച്ചത്
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം ജില്ലയിൽ 500 കോടി രൂപ വിലമതിക്കുന്ന 2 ലക്ഷം കിലോ കഞ്ചാവ് പൊലീസ് കൂട്ടിയിട്ട് കത്തിച്ച് നശിപ്പിച്ചു. കത്തിച്ച കഞ്ചാവ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഓപ്പറേഷന്‍ പരിവര്‍ത്തനയിലൂടെ സംസ്ഥാനത്ത് നിന്നും പിടികൂടിയതായിരുന്നു. പിടികൂടിയ കഞ്ചാവ് വിശാഖപട്ടണത്തെ അനകപ്പള്ളിക്കടുത്തുള്ള കോഡൂർ ഗ്രാമത്തിൽ വെച്ചാണ് കത്തിച്ചത്. സംസ്ഥാന പൊലീസ് മേധാവി ഡി.ഗൗതം സാവങ്ങിന്‍റെ സാന്നിധ്യത്തിലാണ് മയക്കുമരുന്ന് കത്തിച്ചത്. അഞ്ച് ടൺ കഞ്ചാവുകള്‍ വീതം 60 മുതൽ 70 വരെ വാനുകളിലായി സ്ഥലത്തേക്ക് മാറ്റാൻ പൊലീസിന് രണ്ട് ദിവസമെടുക്കേണ്ടി വന്നു. ടെന്‍റുകള്‍, ഡ്രോൺ ക്യാമറകൾ, ശബ്ദ സംവിധാനങ്ങൾ എന്നിവ സ്ഥാപിച്ചാണ് നശീകരണ പരിപാടി സംഘടിപ്പിച്ചത്. ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും വലിയ പൊലീസ് സന്നാഹവും പരിപാടിയില്‍ സന്നിഹിതരായിരുന്നു. രാജ്യത്തെ ഏറ്റവും കൂടിയ അളവിലുള്ള മയക്കുമരുന്ന് നശീകരണമാണ് ആന്ധ്ര പൊലീസ് സംഘടിപ്പിച്ചത്.
കഴിഞ്ഞ വർഷം ഒക്ടോബർ 31 നാണ് ഓപ്പറേഷൻ പരിവർത്തൻ ആരംഭിച്ചത്. 2021 നവംബർ മുതൽ 2022 ഫെബ്രുവരി വരെ 8,500 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കഞ്ചാവ് ചെടികൾ ആണ് ആന്ധ്രാപ്രദേശ് പൊലീസ് വിളവെടുപ്പിന് മുമ്പേ പിടിച്ചെടുത്തത്. ഓപ്പറേഷൻ പ്രകാരം, മൊത്തം 1,363 കേസുകൾ രജിസ്റ്റർ ചെയ്യുകയും 1,500 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിൽ 562 പേർ ഇതര സംസ്ഥാനക്കാരാണ്. സംസ്ഥാനത്തെ ചില പ്രദേശങ്ങൾ കഞ്ചാവ് കൃഷിയുടെ കേന്ദ്രമായി മാറുന്നതായി പരാതി ഉയർന്നതിനെ തുടർന്ന് ആന്ധ്ര പൊലീസ് അടുത്തിടെ നടപടി ശക്തമാക്കിയിരുന്നു.
Adjust Story Font
16