Quantcast

അമരാവതി ഇനി ആന്ധ്രയുടെ സ്ഥിരം തലസ്ഥാനം; 'മൂന്ന് തലസ്ഥാന ബില്ല്' റദ്ദാക്കി

വിശാഖപട്ടണം, അമരാവതി, കർണൂൽ എന്നിവയെ ഭരണനിർവഹണ, നിയമനിർമാണ, നീതിന്യായ തലസ്ഥാനങ്ങളായി വിഭജിക്കാനുള്ള നീക്കത്തിൽനിന്നാണ് വൈ.എസ് ജഗൻമോഹൻ റെഡ്ഡി സർക്കാർ പിന്തിരിഞ്ഞത്

MediaOne Logo

Web Desk

  • Published:

    22 Nov 2021 4:11 PM GMT

അമരാവതി ഇനി ആന്ധ്രയുടെ സ്ഥിരം തലസ്ഥാനം; മൂന്ന് തലസ്ഥാന ബില്ല് റദ്ദാക്കി
X

ആന്ധ്രപ്രദേശിന് മൂന്ന് തലസ്ഥാനമെന്ന വിവാദ ബില്ല് വൈ.എസ് ജഗൻമോഹൻ റെഡ്ഡി സർക്കാർ റദ്ദാക്കി. ഇനി അമരാവതിയായിരിക്കും ആന്ധ്രയുടെ സ്ഥിരം തലസ്ഥാനം. വിശാഖപട്ടണം എക്‌സിക്യൂട്ടീവ്(ഭരണനിർവഹണ) തലസ്ഥാനമായും അമരാവതി ലെജിസ്ലേറ്റീവ്(നിയമനിർമാണ) തലസ്ഥാനമായും കർണൂൽ ജുഡീഷ്യൽ(നീതിന്യായ) തലസ്ഥാനമായും തിരിച്ചുള്ള എ.പി ഡീസെൻട്രലൈസേഷൻ ആൻഡ് ഇംക്ലൂസീവ് ഡെവലപ്‌മെന്റ് ബിൽ ആണ് ആന്ധ്ര സർക്കാർ പിൻവലിച്ചത്.

കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇക്കാര്യം അഡ്വക്കറ്റ് ജനറൽ ആന്ധ്ര ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. വിശാഖപട്ടണത്ത് പുതിയ സെക്രട്ടറിയേറ്റ് നിർമിക്കാനുള്ള ഒരുക്കത്തിനിടെയാണ് ജഗൻമോഹൻ സർക്കാരിന്റെ 'യു-ടേൺ'.

അമരാവതിയെ ആന്ധ്രയുടെ തലസ്ഥാനമാക്കിക്കൊണ്ടുള്ള ചന്ദ്രബാബു നായിഡു സർക്കാർ തീരുമാനം കഴിഞ്ഞ വർഷമാണ് വൈഎസ്ആർ സർക്കാർ റദ്ദാക്കിയത്. ഇതിനു പകരമായാണ് മൂന്നു തലസ്ഥാനങ്ങൾ എന്ന നിർദേശം മുന്നോട്ടുവച്ചത്. മൂന്നു മേഖലകൾക്കും തുല്യ പരിഗണനയും വികസനവും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു നീക്കമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്.

എന്നാൽ, തീരുമാനത്തിനെതിരെ സംസ്ഥാനത്തുടനീളം വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയർന്നത്. മൂന്ന് തലസ്ഥാന നീക്കത്തിനെതിരെ 700 ദിവസത്തോളം കർഷകരുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടന്നു. വിശാഖപട്ടണത്തും കർണൂലിലുമെല്ലാം കൃഷിഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ നീക്കവും വൻപ്രതിഷേധം വിളിച്ചുവരുത്തി. ഈ മാസം ആദ്യത്തിൽ കർഷകരുടെ നേതൃത്വത്തിൽ ആരംഭിച്ച അമരാവതിയിൽനിന്ന് തിരുപ്പതിയിലേക്കുള്ള 45-ദിന കാൽനട യാത്ര തുടരുന്നതിനിടെയാണ് പുതിയ സർക്കാർ തീരുമാനം വരുന്നത്.

Summary: YS Jagan Mohan Reddy goverment in Andhra Pradesh announced it is withdrawing the controversial three-capital bill, and declared Amaravati as permanent capital

TAGS :

Next Story