'ഇന്ത്യയിലെ മുസ്‌ലിം-ക്രിസ്ത്യൻ വേട്ടയെ കുറിച്ച് ആശങ്ക പറഞ്ഞപ്പോൾ മോദി ശക്തമായി നിഷേധിച്ചു'-ആത്മകഥയിൽ ആംഗെല മെർക്കൽ
ഇന്ത്യൻ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ശതമാനം വരുന്ന ഗ്രാമീണജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയായിരുന്നു മന്‍മോഹന്‍ സിങ്ങിന്റെ പ്രാഥമിക ലക്ഷ്യമെന്നും മെർക്കൽ പുസ്തകത്തിൽ പറയുന്നുണ്ട്
ബെർലിൻ: ഇന്ത്യയിൽ മുസ്‌ലിംകൾക്കും ക്രിസ്ത്യാനികൾക്കുമെതിരെ നടക്കുന്ന ഹിന്ദുത്വ ആക്രമണങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ട് ആശങ്ക രേഖപ്പെടുത്തിയെന്നു വെളിപ്പെടുത്തലുമായി മുൻ ജർമൻ ചാൻസലർ ആംഗെല മെർക്കൽ. മോദി അധികാരമേറ്റ ശേഷം ഹിന്ദു ദേശീയവാദികളുടെ നേതൃത്വത്തിൽ മറ്റു മതവിഭാഗങ്ങൾക്കെതിരെ ശക്തിയാർജിക്കുന്ന വേട്ടയെ കുറിച്ചാണ് ഉണർത്തിയത്. എന്നാൽ, രാജ്യത്ത് ഇത്തരത്തിലൊരു സംഭവവും നടക്കുന്നില്ലെന്നു പറഞ്ഞ് മോദി ശക്തമായി തള്ളിക്കളയുകയാണു ചെയ്തതെന്നും അവർ പറഞ്ഞു.
അടുത്തിടെ പുറത്തിറങ്ങിയ 'ഫ്രീഡം: മെമോയേഴ്‌സ് 1954-2021' എന്ന ആത്മകഥയിലാണ് ആംഗെല മനസ്സുതുറന്നത്. ജർമൻ ചാൻസലറായിരുന്ന കാലത്ത് ഇന്ത്യൻ പ്രധാനമന്ത്രിമാരായിരുന്ന മൻമോഹൻ സിങ്, നരേന്ദ്ര മോദി എന്നിവരുമായി ബന്ധപ്പെട്ട ഓർമകളാണ് അവർ വെളിപ്പെടുത്തിയത്. 'സെർവിങ് ജർമനി' എന്ന ഭാഗത്തിൽ ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചകൾ വിവരിക്കുന്നതിനിടയിലാണ് ഇന്ത്യയിലെ ന്യൂനപക്ഷവേട്ടയെ കുറിച്ചും അവർ സൂചിപ്പിക്കുന്നത്.
മോദി അധികാരമേറ്റ ശേഷം പ്രധാനമായും മുസ്‌ലിംകളും ക്രിസ്ത്യാനികളും ഉൾപ്പെടുന്ന ഇതര മതവിഭാഗക്കാർക്കെതിരെ ഹിന്ദു ദേശീയവാദികളുടെ നേതൃത്വത്തിൽ വർധിച്ചുകൊണ്ടിരിക്കുന്ന ആക്രമണങ്ങളെ കുറിച്ച് അദ്ദേഹത്തോട് ആശങ്ക രേഖപ്പെടുത്തി. എന്നാൽ, മോദി അത്തരം സംഭവങ്ങളെല്ലാം ശക്തമായി നിഷേധിക്കുകയാണു ചെയ്തത്. ഇന്ത്യ എന്നും മതസഹിഷ്ണുതയുടെ നാടാണെന്നും ഇനിയും അങ്ങനെത്തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തതായി പുസ്തകത്തിൽ മെർക്കൽ വെളിപ്പെടുത്തി.
എന്നാൽ, മോദിയുടെ വാദം അംഗീകരിക്കാൻ താൻ തയാറായില്ലെന്നും മെർക്കൽ പറയുന്നുണ്ട്. മോദി പറയുന്നതല്ല വസ്തുതയെന്നും ഇക്കാര്യത്തിൽ യോജിക്കാൻ കഴിയില്ലെന്നും അവർ തുറന്നടിച്ചു. മതസ്വാതന്ത്ര്യമാണ് എല്ലാ ജനാധിപത്യത്തിന്റെയും സുപ്രധാന ഘടകമെന്ന് മെർക്കൽ ഓർമിപ്പിക്കുകയും ചെയ്തത്രെ. അതേസമയം, എല്ലായിടത്തും നിലനിൽക്കുന്ന ഉദ്യോഗസ്ഥ പ്രതിബന്ധങ്ങൾ മറികടന്ന് മോദി ഇന്ത്യയുടെ സമ്പദ്ഘടനയ്ക്ക് ഊർജം പകർന്നെന്നും അവർ അഭിപ്രായപ്പെടുന്നുണ്ട്.
വിഎഫ്എക്‌സ് ഉൾപ്പെടെയുള്ള ദൃശ്യസാങ്കേതികവിദ്യകളെ ഇഷ്ടപ്പെടുന്നയാളാണ് മോദിയെന്നും മെർക്കൽ പറയുന്നുണ്ട്. ജർമനിയിലെ 'ഹാനോവർ മെസ്' വ്യാപാരമേളയ്ക്കിടെ നടന്ന നിക്ഷേപക സംഗമത്തിൽ ത്രീഡി ഹോളോഗ്രാം സാങ്കേതികവിദ്യ ഉപയോഗിച്ച് മോദി അവതരിപ്പിച്ച 'മേക്ക് ഇൻ ഇന്ത്യ' സിംഹം സൂചിപ്പിച്ചായിരുന്നു അവർ ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നടത്തിയ 'ത്രീഡി വിർച്വൽ റാലി'യെ കുറിച്ച് മോദി മെർക്കലിനോട് സൂചിപ്പിച്ചത്രെ. താൻ ഒരു സ്റ്റുഡിയോയിൽ ഇരുന്ന് നടത്തിയ പ്രസംഗം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ 50ലേറെ സ്ഥലങ്ങളിൽ ഹോളോഗ്രാം സംവിധാനം ഉപയോഗിച്ച് പ്രദർശിപ്പിക്കുകയും പതിനായിരങ്ങൾ അതു തത്സമയം കാണുകയും ചെയ്ത കാര്യമാണ് മോദി ജർമൻ ചാൻസലറോട് പങ്കുവച്ചത്.
മൻമോഹൻ സിങ്ങിനെ ഇന്ത്യയുടെ ആദ്യത്തെ ഹിന്ദുവല്ലാത്ത പ്രധാനമന്ത്രി എന്നാണ് പുസ്തകത്തിൽ മെർക്കൽ പരിചയപ്പെടുത്തുന്നത്. 2006ൽ നടന്ന ആദ്യ കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ സാംസ്‌കാരിക ബഹുസ്വരതയെ കുറിച്ചാണ് സിങ് സംസാരിച്ചത്. ഇന്ത്യാ ഉപഭൂഖണ്ഡത്തിന് 5,000ത്തിലേറെ വർഷം പഴക്കമുള്ള ചരിത്രം പറയാനുണ്ടെന്നു പറഞ്ഞ കോൺഗ്രസ് നേതാവ്, ഇന്ത്യൻ ഭരണഘടന തന്നെ 22 ഭാഷകൾക്ക് ഔദ്യോഗികമായ അംഗീകാരം നൽകിയ കാര്യവും ചൂണ്ടിക്കാട്ടി. നാനാത്വത്തിലാണ് രാജ്യത്തിന്റെ ഏകത്വമെന്നും ഇക്കാര്യത്തിൽ ഇന്ത്യയെ യൂറോപ്യൻ യൂനിയനുമായെല്ലാം താരതമ്യപ്പെടുത്താനാകുമെന്നും മൻമോഹൻ സിങ് അഭിപ്രായപ്പെട്ടു.
ഗ്രാമീണ മേഖലയിൽ ജീവിക്കുന്ന, ഇന്ത്യൻ ജനസംഖ്യയുടെ മൂന്നിൽ രണ്ടു ശതമാനം വരുന്ന ജനതയുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയായിരുന്നു സിങ്ങിന്റെ പ്രാഥമിക ലക്ഷ്യമെന്നും മെർക്കൽ പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്. 80 കോടിയോളം വരുന്ന ഈ ജനവിഭാഗം ജർമനിയുടെ ആകെ ജനസംഖ്യയുടെ എട്ടിരട്ടി വരുമെന്നും അവർ പറയുന്നു. വികസ്വരരാജ്യങ്ങൾ ജർമനിയെ പോലെയുള്ള സമ്പന്നരാജ്യങ്ങളോടു പുലർത്തുന്ന സന്ദേഹങ്ങളെ കുറിച്ചും മൻമോഹൻ സിങ്ങിന്റെ സംസാരത്തിലൂടെ മനസിലാക്കാനായി. കൂടിക്കാഴ്ചയ്ക്കുശേഷം വികസ്വരരാജ്യങ്ങൾ നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് കൂടുതൽ സൂക്ഷ്മമായി പഠിക്കാൻ തുടങ്ങിയെന്നും ആംഗെല മെർക്കൽ വെളിപ്പെടുത്തി.
Summary: Former German Chancellor Angela Merkel reveals that she raised the issue of 'increasing number of Muslims, Christians were attacked by Hindu nationalists' with Indian PM Narendra Modi
Adjust Story Font
16