റെയ്ഡിനിടെ യുവതിയേയും കുട്ടിയേയും മർദിച്ചെന്ന്; പൊലീസുകാരെ അടിച്ചോടിച്ചും വളഞ്ഞിട്ട് ആക്രമിച്ചും നാട്ടുകാർ
അടികൊണ്ട പൊലീസുകാരിൽ ഒരാൾ സഹാത്തിനായി നിലവിളിച്ചോടുന്നതും വീഡിയോയിൽ കാണാം.
പട്ന: റെയ്ഡിനിടെ പ്രതിയുടെ ഭാര്യയേയും കുട്ടിയേയും മർദിച്ചെന്നാരോപിച്ച് പൊലീസുകാരെ വളഞ്ഞിട്ടാക്രമിച്ചും അടിച്ചോടിച്ചും നാട്ടുകാർ. ബിഹാറിലെ നൗഗച്ചിയയിലെ ദിമഹ ഗ്രാമത്തിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം.
ഇവിടുത്തെ ഒരു വീട്ടിൽ പ്രതിയെ അന്വേഷിച്ചെത്തിയ പൊലീസ് ഇയാളുടെ ഭാര്യയേയും കുട്ടിയേയും മർദിച്ചു എന്നാണ് നാട്ടുകാർ പറയുന്നത്. തുടർന്ന് പൊലീസുകാരെ വളഞ്ഞ നാട്ടുകാർ അടിച്ചോടിക്കുകയും താഴെ വീണതോടെ കൂട്ടമായി മർദിക്കുകയുമായിരുന്നു.
പൊലീസുകാരെ നാട്ടുകാർ ചോദ്യം ചെയ്യുന്നതിന്റെയും ആക്രമിക്കുന്നതിന്റേയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. വടികളുൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. താഴെ വീഴുമ്പോൾ ചവിട്ടുന്നതും വീഡിയോയിൽ കാണാം.
പുറത്തുവന്ന ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ നാട്ടുകാർ പൊലീസുമായി തർക്കിക്കുന്നതാണ് ആദ്യം കാണുന്നത്. പൊലീസുകാരുടെ കൈയിൽ പിടിച്ച് കൂട്ടിക്കൊണ്ടുപോവുന്നതിനിടെ ഉദ്യോഗസ്ഥർ ഓടിരക്ഷപ്പെടാൻ ശ്രമിക്കുകയും ആളുകൾ അവരെ പിന്തുടരുകയും ആക്രമിക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ഒടുവിൽ, അടികൊണ്ട പൊലീസുകാരിൽ ഒരാൾ സഹാത്തിനായി നിലവിളിച്ചോടുന്നതും വീഡിയോയിൽ കാണാം. അതേസമയം, പൊലീസ് ആരെ പിടിക്കാനാണ് ദിമഹ ഗ്രാമത്തിലേക്ക് പോയത് എന്നതുൾപ്പെടെയുള്ള വിശദാംശങ്ങൾ പുറത്തുവരാനുണ്ട്.
Adjust Story Font
16