Quantcast

ബം​ഗാളിൽ പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധത്തിനിടെ പൊലീസുകാർക്ക് നേരെ ആക്രമണം; സ്റ്റേഷന് തീയിട്ടു; പിന്നിൽ ബിജെപിയെന്ന് ആരോപണം

പ്രായപൂർത്തിയാവാത്ത പെൺകുട്ടി ബലാത്സം​ഗത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യാജ വാർച്ച പ്രചരിപ്പിച്ചതിന് പിന്നാലെയായിരുന്നു പ്രതിഷേധവും അക്രമവും.

MediaOne Logo

Web Desk

  • Published:

    26 April 2023 4:20 PM GMT

Angry over minor girls death, mob beats cops inside police station in Bengal
X

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് പശ്ചിമബംഗാളിലെ ഉത്തർ ദിനാജ്പൂർ ജില്ലയിലെ കാളിയഗഞ്ചിൽ നടന്ന അക്രമങ്ങൾക്കിടെ പൊലീസുകാർക്ക് ക്രൂര മർദനം. പൊതുസ്വത്ത് നശിപ്പിച്ച പ്രതിഷേധക്കാർ കാളിയഗഞ്ച് പൊലീസ് സ്റ്റേഷനും വാഹനങ്ങൾക്കും തീയിടുകയും ചെയ്തു. ചൊവ്വാഴ്ചയായിരുന്നു സംഭവം.

അക്രമികൾ സ്റ്റേഷനകത്തു വച്ച് പൊലീസുകാരെ ആക്രമിക്കുന്ന വീഡിയോകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്. ദിനാജ്പൂരിൽ ഗോത്രവർഗക്കാരിയായ രാജ്ബോങ്ഷി പെൺകുട്ടിയുടെ മരണത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രതിഷേധ മാർച്ച് അക്രമാസക്തമായതിന് പിന്നാലെയാണ് സംഭവം. പ്രായപൂർത്തിയാവാത്ത പെൺകുട്ടി ബലാത്സം​ഗത്തിന് ഇരയായാണ് മരിച്ചതെന്ന് വ്യാജ വാർച്ച പ്രചരിപ്പിച്ചതിന് പിന്നാലെയായിരുന്നു പ്രതിഷേധവും അക്രമവും.

ഗോത്രവർഗ കാംതപുരി സംഘടനകൾ കാളിഗഞ്ച് പൊലീസ് സ്റ്റേഷൻ ഘരാവോ ചെയ്ത ശേഷമായിരുന്നു അഴി‍ഞ്ഞാട്ടം. സ്റ്റേഷന് തീയിട്ട അക്രമികൾ നിരവധി പൊലീസ് വാഹനങ്ങളും സ്റ്റേഷനോട് ചേർന്നുള്ള ക്വാർട്ടേഴ്‌സുകളും അ​ഗ്നിക്കിരയാക്കുകയും ചെയ്തു. ബഹളത്തിനിടെ സമരക്കാർ പൊലീസുകാർക്ക് നേരെ കല്ലേറും നടത്തി.

ആക്രമണത്തെ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അപലപിച്ചു. ഇന്നലെ നടന്ന ഗുണ്ടായിസവും പൊലീസിനെതിരായ ആക്രമണവും പൊതുസ്വത്ത് നശിപ്പിക്കലും സംബന്ധിച്ച് അന്വേഷണം നടത്തി നടപടിയെടുക്കാൻ ഞാൻ പൊലീസിനോട് ആവശ്യപ്പെടും- മമത ബാനർജി പറഞ്ഞു. കാളിയഗഞ്ച് പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ചയുണ്ടായ അക്രമത്തിന് പിന്നിൽ ബിജെപിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

ബിജെപി ബീഹാറിൽ നിന്ന് ആളുകളെ കൊണ്ടുവന്ന് പൊലീസ് സ്റ്റേഷൻ തീയിട്ട് അക്രമത്തിന് പ്രേരിപ്പിച്ചു. അതവരുടെ ​ഗൂഢ പദ്ധതിയായിരുന്നു. കേന്ദ്രം അവർക്കു പിന്നിൽ ഉള്ളതിനാൽ ബിജെപി ഗുണ്ടായിസം കാണിക്കുകയാണ്- മമത ആരോപിച്ചു. കാളിയഗഞ്ചിലെ കനാലിൽ മൃതദേഹം കണ്ടെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മരണം വിഷം കഴിച്ചായിരുന്നെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചിട്ടുണ്ടെന്നും മമത പറഞ്ഞു. പ്രണയബന്ധത്തിലെ പ്രശ്നങ്ങളെ തുടർന്നായിരുന്നു ഇത്.

അതേസമയം, പ്രതിഷേധക്കാരുടെ ഗുണ്ടായിസം ഉണ്ടായിട്ടും പൊലീസ് ഉദ്യോഗസ്ഥർ സംയമനം പാലിച്ചെന്നും ഇടതുമുന്നണി ഭരണകാലത്തേതു പോലെ വെടിയുതിർത്തില്ലെന്നും ആക്രമണത്തിന്റെ വീഡിയോ പങ്കുവച്ച് തൃണമൂൽ കോൺഗ്രസ് വക്താവ് കുനാൽ ഘോഷ് പറഞ്ഞു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബലാത്സംഗത്തിനിരയായെന്ന് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും പ്രദേശത്ത് അനാവശ്യമായി സംഘർഷം പടർത്തുകയും ചെയ്യുന്നവരെ പിടികൂടണമെന്നും കുനാൽ ഘോഷ് ആവശ്യപ്പെട്ടു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ട്യൂഷനു പോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായത്. തുടർന്ന് മൃതദേഹം ഒരു കനാലിന് സമീപം കണ്ടെത്തിയതിന് അടുത്ത ദിവസം കാളിയഗഞ്ചിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയായിരുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നായിരുന്നു പലരുടേയും പ്രചരണം.




TAGS :

Next Story