Quantcast

ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ് ക്രമേക്കട്: സുപ്രിംകോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞ് അനിൽ മസിഹ്

അനിൽ മസിഹ് പ്രിസൈഡിങ് ഓഫിസറായ തെരഞ്ഞെടുപ്പിലെ ഫലം റദ്ദാക്കിയ സുപ്രിംകോടതി എ.എ.പി സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-04-05 12:32:54.0

Published:

5 April 2024 12:28 PM GMT

BJP leader and former presiding officer Anil Masih issues unconditional apology to Supreme Court in Chandigarh mayoral polls rigging case
X

ചണ്ഡിഗഢ്: സുപ്രിംകോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞ് ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പിലെ പ്രിസൈഡിങ് ഓഫിസർ. തെരഞ്ഞെടുപ്പിൽ കൃത്രിമം നടത്തിയത് പിടികൂടിയതിനു പിന്നാലെയാണ് ബി.ജെ.പി നേതാവ് കൂടിയായ അനിൽ മസിഹ് ഇപ്പോൾ കോടതിയിൽ മാപ്പുപറഞ്ഞത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥിയെ വിജയിയായി പ്രഖ്യാപിച്ച നടപടി നേരത്തെ സുപ്രിംകോടതി റദ്ദാക്കിയിരുന്നു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ.ബി പാർദിവാല, മനോജ് മിശ്ര എന്നിവർക്കുമുൻപാകെയാണു മാപ്പപേക്ഷ. മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലുമായ മുകുൾ റോഹത്ഗിയാണ് ബി.ജെ.പി നേതാവിനു വേണ്ടി കോടതിയിൽ ഹാജരായത്. അനിൽ മസിഹുമായി ദീർഘമായി സംസാരിച്ചിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നിരുപാധികം മാപ്പുപറയുന്നതെന്നും റോഹത്ഗി പറഞ്ഞു. ആദ്യത്തെ സത്യവാങ്മൂലം പിൻവലിച്ച് കോടതിയുടെ മഹാമനസ്‌കതയ്ക്കുമുന്നിൽ കീഴടങ്ങുകയാണെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ ജനുവരി 30നായിരുന്നു ചണ്ഡിഗഢ് മേയർ തെരഞ്ഞെടുപ്പ് നടന്നത്. ആം ആദ്മി പാർട്ടിയും കോൺഗ്രസും കൈക്കോർത്ത തെരഞ്ഞെടുപ്പ് ഇൻഡ്യ മുന്നണിയുടെ ആദ്യ സഖ്യ പരീക്ഷണമായാണു വിലയിരുത്തപ്പെട്ടിരുന്നത്. ഇരു പാർട്ടികളും ഒന്നിച്ചതോടെ എ.എ.പിയുടെ കുൽദീപ് കുമാറിന്റെ വിജയം ഉറപ്പിച്ചിരുന്നു. ആകെ 45 അംഗ മുനിസിപ്പൽ കോർപറേഷനിൽ എ.എ.പിക്കും ബി.ജെ.പിക്കും 14 വീതം അംഗങ്ങളാണുള്ളത്. കോൺഗ്രസിന് ആറും കൗൺസിലർമാരുണ്ട്.

എന്നാൽ, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ബി.ജെ.പിയുടെ മനോജ് സോങ്കർ ആയിരുന്നു വിജയി. ഇതിനു പിന്നാലെ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി ആരോപിച്ച് എ.എ.പി സുപ്രിംകോടതിയെ സമീപിച്ചു. തുടർന്ന് സി.സി.ടി.വി കാമറ ദൃശ്യങ്ങൾ ഉൾപ്പെടെ നടത്തിയ പരിശോധനയിലാണ് പ്രിസൈഡിങ് ഓഫിസറായിരുന്ന അനിൽ മസിഹിന്റെ ക്രമക്കേട് പുറത്തായത്. എട്ട് ഇൻഡ്യ കൗൺസിലർമാരുടെ ബാലറ്റ് പേപ്പറുകൾ ഇയാൾ നശിപ്പിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നതോടെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ സുപ്രിംകോടതി എ.എ.പിയുടെ കുൽദീപ് കുമാറിനെ വിജയിയായി പ്രഖ്യാപിക്കുകായിരുന്നു.

സംഭവത്തിൽ കടുത്ത ഭാഷയിലാണ് കോടതി സംസാരിച്ചത്. ജനാധിപത്യത്തെ കശാപ്പ് ചെയ്യാൻ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. അനിൽ മസിഹ് കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും വിമർശനമുണ്ടായി. ഇയാൾക്കെതിരെ സെക്ഷൻ 340 പ്രകാരം നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. കേസ് അടുത്ത വാദംകേൾക്കലിനായി ജൂലൈ രണ്ടാം വാരത്തിലേക്കു മാറ്റിയിട്ടുണ്ട്.

Summary: BJP leader and former presiding officer Anil Masih issues unconditional apology to Supreme Court in Chandigarh mayoral polls rigging case

TAGS :

Next Story