Quantcast

'ടിവികെ കിച്ചടിപ്പാര്‍ട്ടി, രസവും സാമ്പാറും തൈരും കൂട്ടിക്കുഴച്ചാല്‍ പുതിയൊരു ഡിഷ് ആകില്ല'; വിജയിനെതിരെ അണ്ണാമലെ

പെരിയാർ, അംബേദ്കർ, കാമരാജ്, വേലു നാച്ചിയാർ, അഞ്ജലൈ അമ്മാള്‍ തുടങ്ങിയ നേതാക്കളെ ടിവികെയുടെ പ്രത്യയശാസ്ത്ര സ്തംഭങ്ങളായി വിജയ് ഉയർത്തിക്കാട്ടിയിരുന്നു

MediaOne Logo

Web Desk

  • Published:

    2 Dec 2024 5:04 AM GMT

Annamalai
X

ചെന്നൈ: തമിഴ് നടന്‍ വിജയുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിനെ(ടിവികെ) പരിഹസിച്ച് തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈ. കോയമ്പത്തൂരിൽ നടന്ന ഒരു കോൺക്ലേവിൽ സംസാരിച്ച അണ്ണാമലൈ, ടിവികെയുടെ പ്രത്യയശാസ്ത്ര സമീപനത്തെ 'കിച്ചടി രാഷ്ട്രീയം' എന്നാണ് പരിഹസിച്ചത്.

''എല്ലാ സിദ്ധാന്തങ്ങളിൽ നിന്നും കുറച്ചെടുത്ത് ഒരു പാർട്ടിയുണ്ടാക്കിയിരിക്കുന്നു. പല നേതാക്കളുടെ ഫോട്ടോ എടുത്ത് വച്ച് ഇവരൊക്കെ തങ്ങളുടെ നേതാക്കളാണന്ന് പറയുന്നു. സാമ്പാർ സാദവും തൈര് സാദവും രസ സാദവും കൂട്ടിക്കുഴച്ചാൽ പുതിയൊരു ഡിഷ് ഉണ്ടാകില്ല. രസം സാദമെന്നോ തൈര് സാദമെന്നോ സാമ്പാര്‍ സാദമെന്നോ ഇതിനെ വിളിക്കാം. പക്ഷെ ആളുകള്‍ ഒരിക്കലും ഇത് കഴിക്കില്ല. ലോകത്ത് ഒരിടത്തും ഇത്തരമൊരു രാഷ്ട്രീയം വിജയിച്ചിട്ടില്ല,” അണ്ണാമലൈ ചൂണ്ടിക്കാട്ടി. ടിവികെയുടെ ആദ്യ സംസ്ഥാനതല സമ്മേളനത്തിന് പിന്നാലെയാണ് ബിജെപി നേതാവിന്‍റെ പ്രതികരണം.

പെരിയാർ, അംബേദ്കർ, കാമരാജ്, വേലു നാച്ചിയാർ, അഞ്ജലൈ അമ്മാള്‍ തുടങ്ങിയ നേതാക്കളെ ടിവികെയുടെ പ്രത്യയശാസ്ത്ര സ്തംഭങ്ങളായി വിജയ് ഉയർത്തിക്കാട്ടിയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ ബദലായി സ്വയം സ്ഥാപിക്കാനുള്ള വിജയ്‌യുടെ ശ്രമമായിട്ടാണ് പലരും ഇതിനെ കണ്ടത്. ടിവികെക്കെതിരെ ആഞ്ഞടിക്കുമ്പോഴും വിജയ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിനെ അണ്ണാമലൈ സ്വാഗതം ചെയ്തു. ''അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനു മുന്‍പ് തന്നെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്ന ഏതൊരു വ്യക്തിയെയും സ്വാഗതം ചെയ്യുന്നതായി ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു. അദ്ദേഹം പ്രശസ്തനായ നടനാണ്. കരിയറിന്‍റെ ഉന്നതിയില്‍ നില്‍ക്കുന്ന ഒരാളുടെ രാഷ്ട്രീയ പ്രവേശനത്തില്‍ തെറ്റായി ഒന്നുമില്ല'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഇതൊരു പുതിയ യുഗമാണ്. ഏതെങ്കിലും ഒരു പാര്‍ട്ടി ഒറ്റക്ക് അധികാരത്തിലെത്താന്‍ സാധ്യതയില്ല. ഒരു സഖ്യ സര്‍ക്കാരായിരിക്കും തമിഴ്നാട്ടില്‍ അധികാരത്തിലെത്തുക. ഞങ്ങള്‍ ഇത് നേരത്തെ പറഞ്ഞതാണ്. അതാണ് വിജയും പറയുന്നത്. ദ്രാവിഡ പ്രമുഖർ ദുർബലമാകുന്നതും ഞങ്ങൾ ഇപ്പോൾ കാണുന്നു," അണ്ണാമലൈ പറഞ്ഞു. ബിജെപിയുടെ സമീപകാല വിജയങ്ങളിൽ, മഹാരാഷ്ട്രയിലെയും ഹരിയാനയിലെയും പാർട്ടിയുടെ പ്രകടനത്തെ അണ്ണാമലൈ പരാമര്‍ശിച്ചു. "ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം, ബിജെപി വീണ്ടും റെക്കോഡ് വിജയം രേഖപ്പെടുത്തി. മഹാരാഷ്ട്രയില്‍ ചരിത്രം തിരുത്തിക്കുറിച്ചു, ഹരിയാനയിൽ ഞങ്ങൾ ഭരണവിരുദ്ധ ഘടകത്തെ പരാജയപ്പെടുത്തി. ഇത് കാണിക്കുന്നത് ഉത്തരേന്ത്യയിലും മഹാരാഷ്ട്രയിലും ദക്ഷിണേന്ത്യയിലും ജനങ്ങൾ റെക്കോഡ് വിജയത്തിലൂടെ ബിജെപിയെ തിരിച്ചുകൊണ്ടുവരുന്നുവെന്നാണ്'' അദ്ദേഹം വിശദമാക്കി.

TAGS :

Next Story