ശംഭു അതിർത്തിയിൽ വീണ്ടും കർഷക ആത്മഹത്യ; മൂന്നാഴ്ചക്കിടെ രണ്ടാമത്തെ സംഭവം
കർഷക പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ പരിഹരിക്കാത്തതിൽ ഇദ്ദേഹം അസ്വസ്ഥനായിരുന്നു
ചണ്ഡീഗഢ്: പഞ്ചാബിനും ഹരിയാനക്കും ഇടയിലെ അതിർത്തിയായ ശംഭുവിൽ വീണ്ടും കർഷക ആത്മഹത്യ. കർഷക നേതാവായ രേഷാം സിങ് (55) ആണ് മരിച്ചത്. മൂന്നാഴ്ചക്കിടെയുണ്ടായ രണ്ടാമത്തെ സംഭവമാണിത്.
കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധത്തിൽ ഇദ്ദേഹവും സജീവമായി പങ്കെടുത്തിരുന്നു. കർഷക പ്രശ്നങ്ങൾ കേന്ദ്ര സർക്കാർ പരിഹരിക്കാത്തതിൽ ഇദ്ദേഹം അസ്വസ്ഥനായിരുന്നു. പ്രതിഷേധത്തിനിടെ വിഷം കഴിച്ചതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് കർഷക സംഘടനാ നേതാക്കൾ പറഞ്ഞു. ഡിസംബർ 18നും സമാന രീതിയിൽ കർഷകൻ ശംഭു അതിർത്തിയിൽ ആത്മഹത്യ ചെയ്തിരുന്നു.
കാർഷിക വിളകൾക്ക് മിനിമം താങ്ങുവില വേണമെന്നാശ്യപ്പെട്ട് ശംഭു അതിർത്തിയിൽ കർഷകർ സമരം തുടങ്ങിയിട്ട് ഏതാണ്ട് ഒരു വർഷമായി. സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിൽ 2024 ഫെബ്രുവരി 13-നാണ് കർഷകർ സമരം ആരംഭിച്ചത്.
കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഖൗരി അതിർത്തിയിൽ 70കാരനായ ജഗ്ജിത് സിങ് ദല്ലേവാൾ നിരാഹാര സമരം തുടരുകയാണ്. നവംബർ 26നാണ് ഇദ്ദേഹം നിരാഹാരം തുടങ്ങിയത്.
Adjust Story Font
16