കർണാടകയിൽ ഒരു ജെ.ഡി.എസ് എംഎൽഎ കൂടി രാജിവെച്ചു; കോൺഗ്രസിൽ ചേരുമെന്ന് സൂചന
ജെ.ഡി.എസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ശിവലിംഗ ഗൗഡ ഏതാനും മാസങ്ങളായി പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു.
ശിവലിംഗ ഗൗഡ
ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ഒരു ജെ.ഡി.എസ് എംഎൽഎ കൂടി രാജിവെച്ചു. അർസികെരെ മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ആയ കെ.എം ശിവലിംഗ ഗൗഡയാണ് പാർട്ടിവിട്ടത്. അദ്ദേഹം കോൺഗ്രസിൽ ചേരുമെന്നാണ് വിവരം.
ശിവലിംഗ ഗൗഡ നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെക്ക് രാജിക്കത്ത് കൈമാറി. ജെ.ഡി.എസ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് ഗൗഡ ഏതാനും മാസങ്ങളായി പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. ഹസൻ ജില്ലയിലെ അർസികെരെ മണ്ഡലത്തിൽനിന്ന് മൂന്നുതവണ എം.എൽ.എ ആയിട്ടുള്ള നേതാവാണ് ശിവലിംഗ ഗൗഡ.
താൻ കോൺഗ്രസിൽ ചേരുമെന്ന് ഗൗഡ അടുത്തിടെ സൂചന നൽകിയിരുന്നു. അടുത്ത മാസം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അർസികെരെയിൽനിന്ന് കോൺഗ്രസിൽ സ്ഥാനാർഥിയായി അദ്ദേഹം മത്സരിച്ചേക്കുമെന്നാണ് വിവരം.
കഴിഞ്ഞ ഒരാഴ്ചക്കിടെ പാർട്ടി വിടുന്ന മൂന്നാമത്തെ ജെ.ഡി.എസ് എംഎൽഎ ആണ് ശിവലിംഗ ഗൗഡ. ഗബ്ബി എം.എൽ.എ എസ്.ആർ ശ്രീനിവാസ് മാർച്ച് 27-ന് പാർട്ടിയിൽനിന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. അർകൽഗുഡ് എം.എൽ.എ ആയിരുന്ന എ.ടി രാമസ്വാമി രാജിവെച്ച് ബി.ജെ.പിയിലാണ് ചേർന്നത്.
Adjust Story Font
16