Quantcast

സ്ത്രീവിരുദ്ധ പരാമര്‍ശം; പത്താം ക്ലാസ് ചോദ്യപ്പേപ്പറിലെ വിവാദ ചോദ്യം സി.ബി.എസ്.ഇ പിന്‍വലിച്ചു

ചോദ്യത്തിന്റെ മുഴുവൻ മാർക്കും വിദ്യാർഥികൾക്ക് നൽകുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2021-12-13 11:34:46.0

Published:

13 Dec 2021 11:24 AM GMT

സ്ത്രീവിരുദ്ധ പരാമര്‍ശം; പത്താം ക്ലാസ് ചോദ്യപ്പേപ്പറിലെ വിവാദ ചോദ്യം സി.ബി.എസ്.ഇ പിന്‍വലിച്ചു
X

സ്ത്രീ വിരുദ്ധ പരാമർശമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് വിവാദമായ പത്താം ക്ലാസ്സ് ഇംഗ്ലീഷ് ചോദ്യപേപ്പറിലെ ചോദ്യം സി.ബി.എസ്.ഇ ഒഴിവാക്കി. ചോദ്യത്തിന്റെ മുഴുവൻ മാർക്കും വിദ്യാർഥികൾക്ക് നൽകുമെന്ന് സി.ബി.എസ്.ഇ അറിയിച്ചു. ചോദ്യപേപ്പർ സ്ത്രീ വിരുദ്ധമാണെന്നും ഇക്കാര്യത്തിൽ മോദി സർക്കാർ മാപ്പ് പറയണമെന്നും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. വിവാദമായ ചോദ്യപേപ്പർ ഉടൻ പിൻവലിക്കണമെന്നും ഇത്തരമൊരു ചോദ്യം എങ്ങനെ അച്ചടിച്ചു വന്നു എന്നതിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷം രാവിലെ സഭ വിട്ടിറങ്ങിപ്പോയി.

സ്ത്രീ പുരുഷ തുല്യത കുടുംബങ്ങളിൽ അച്ചടക്കം ഇല്ലാതാക്കി എന്ന ആശയം വരുന്ന പാരഗ്രാഫാണ് ചോദ്യപേപ്പറിലുണ്ടായിരുന്നത്. ഒരിക്കലും തെറ്റുപറ്റാത്ത അധികാരി എന്ന സ്ഥാനം പുരുഷന് ത്യജിക്കേണ്ടി വന്നതും രക്ഷിതാക്കൾക്ക് കൗമാരക്കാരായ മക്കളിൽ ആധിപത്യം ഇല്ലാതായതും സ്ത്രീ പുരുഷ തുല്യത വന്നതോട് കൂടിയാണ്. ഭാര്യ ഭർത്താവിനെ അനുസരിക്കണം. രക്ഷിതാക്കളിൽ ഭർത്താവാണ് എല്ലാത്തിലും ചുമതല വഹിക്കേണ്ട വ്യക്തി. 20 ാം നൂറ്റാണ്ടോട് കൂടി സ്ത്രീയുടെ തുല്യത വരികയുംകുടുംബത്തിൽ അച്ചടക്കം ഇല്ലാതായതായും അച്ഛന്റെ സ്ഥാനത്തിന് വില ഇല്ലാതാകുകയും കുടുംബത്തിലെ എല്ലാം വഴി തെറ്റി എന്നതുമായിരുന്നു ചോദ്യപേപ്പറിൽ നൽകിയിരുന്ന പാരഗ്രാഫിലെ ഉള്ളടക്കം. ഈ പാരഗ്രാഫിന് തലക്കെട്ട് നൽകുക, ഈ പാരഗ്രാഫ് എഴുതിയ വ്യക്തി എങ്ങനെയുള്ള ആളാണ് എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ.

എഴുത്തുകാരനെ കുറിച്ചുള്ള ചോദ്യത്തിന് മെയിൽ ഷോവനിസ്റ്റ് അല്ലെങ്കിൽ അഹങ്കാരി, ജീവിതത്തെ ലഘുവായി സമീപിക്കുന്നയാൾ. അസംതൃപ്തനായ ഭർത്താവ്, കുടുംബത്തിന്റെ ക്ഷേമം മാത്രം ആഗ്രഹിക്കുന്നവൻ ഇതായിരുന്നു ഉത്തരങ്ങളായി നൽകിയിരുന്നത്. സി.ബി.എസ്.ഇ ഉത്തര സൂചികയിൽ ജീവിതത്തെ ലഘുവായി സമീപിക്കുന്ന ആൾ എന്നതായിരുന്നു ശരിയായ ഉത്തരം.

TAGS :

Next Story