Quantcast

എൻ.ഡി.എ 400 സീറ്റ് നേടിയാൽ ഭരണഘടന തിരുത്തുമെന്ന പ്രചാരണം തിരിച്ചടിയായി: കേന്ദ്രമന്ത്രി അനുപ്രിയ പട്ടേൽ

നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ഇപ്പോഴും ജനങ്ങൾ അംഗീകരിക്കുന്നുണ്ട്. എന്നാൽ യോ​ഗി സർക്കാറിന്റെ ചില നടപടികൾ തിരിച്ചടിക്ക് കാരണമായെന്നും അനുപ്രിയ പട്ടേൽ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    9 July 2024 12:50 PM GMT

Anupriya patel about up election result
X

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടം കഴിഞ്ഞപ്പോൾ തന്നെ ഉത്തർപ്രദേശിൽ എൻ.ഡി.എ കനത്ത തിരിച്ചടി നേരിടുമെന്ന് തിരിച്ചറിഞ്ഞിരുന്നുവെന്ന് കേന്ദ്രമന്ത്രിയും അപ്‌നാദൾ നേതാവുമായ അനുപ്രിയ പട്ടേൽ. എൻ.ഡി.എക്ക് 400 സീറ്റ് ലഭിച്ചാൽ ഭരണഘടന തിരുത്തുമെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം ജനങ്ങൾ വിശ്വസിച്ചതാണ് തിരിച്ചടിക്ക് കാരണമായതെന്ന് ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. 400 സീറ്റ് നേടിയാൽ തങ്ങൾ അത് ചെയ്യും, ഇത് ചെയ്യുമെന്നെല്ലാം ചില എൻ.ഡി.എ നേതാക്കൾ വീരവാദം മുഴക്കിയത് പ്രതിപക്ഷത്തിന്റെ പ്രചാരണത്തിന് കരുത്തായെന്നും അവർ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ ഇപ്പോഴും ജനങ്ങൾ അംഗീകരിക്കുന്നുണ്ട്. അതുകൊണ്ടാണ് എൻ.ഡി.എക്ക് മൂന്നാമൂഴം ലഭിച്ചത്. അതേസമയം യോഗി സർക്കാറിന്റെ ചില നടപടികൾ തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് കാരണമായെന്ന് അനുപ്രിയ പട്ടേൽ ചൂണ്ടിക്കാട്ടി. 69,000 അധ്യാപകരെ നിയമിച്ചതുമായി ബന്ധപ്പെട്ട അഴിമതി അതിൽ പ്രധാനപ്പെട്ടതാണ്. പിന്നാക്ക വിഭാഗത്തെ കാര്യമായി ബാധിച്ച ഈ പ്രശ്‌നം പരിഹരിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവർ പറഞ്ഞു.

ജാതിസെൻസസ് നടത്തുന്നതിൽ പ്രതിപക്ഷത്തിന് ആത്മാർഥതയില്ലെന്ന് അനുപ്രിയ പട്ടേൽ ആരോപിച്ചു. സമാജ്‌വാദി പാർട്ടി നാലുതവണ യു.പി ഭരിച്ചു. മൂന്ന് പ്രാവശ്യവും മുലായം സിങ് യാദവ് ആയിരുന്നു മുഖ്യമന്ത്രി. ഒരു തവണ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായി. നിതീഷ് കുമാർ ബിഹാറിൽ ജാതിസെൻസസ് നടത്തിയതുപോലെ എന്തുകൊണ്ടാണ് അവർ നടത്താതിരുന്നതെന്ന് അനുപ്രിയ ചോദിച്ചു. ജാതിസെൻസസ് നടത്തണമെന്ന് അവർ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഉണ്ടായിരുന്നെങ്കിൽ അധികാരം കയ്യിലുള്ളപ്പോൾ അത് ചെയ്യുമായിരുന്നുവെന്നും അവർ പറഞ്ഞു.

എൻ.ഡി.എയിൽ ഒരു അസ്വാരസ്യങ്ങളുമില്ലെന്ന് അനുപ്രിയ പട്ടേൽ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമുള്ള ആദ്യ മുന്നണിയോഗത്തിൽ എത്രയും പെട്ടെന്ന് അധികാരമേൽക്കണമെന്നാണ് എല്ലാവരും ആവശ്യപ്പെട്ടത്. സ്പീക്കർ തെരഞ്ഞെടുപ്പ് മുന്നണിയിലെ ഐക്യം വെളിപ്പെടുത്തുന്നതാണെന്നും അവർ പറഞ്ഞു.

അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബി.ജെ.പിയുടെ പരാജയത്തിന് പല കാരണങ്ങളുണ്ട്. ബി.ജെ.പി സ്ഥാനാർഥിയായ ലല്ലു സിങ്ങിനോടുള്ള അമർഷം അതിലൊന്നാണ്. ഭരണഘടന തിരുത്തുമെന്ന് അദ്ദേഹത്തിന്റെ പ്രസ്താവന കനത്ത തിരിച്ചടിയായി. ലല്ലു സിങ് തങ്ങളുടെ പാർട്ടിയുടെ പ്രധാനപ്പെട്ട നേതാവാണ് എന്നതിൽ സംശയമില്ല. എന്നാൽ ഭരണഘടന സംബന്ധിച്ച അദ്ദേഹത്തിന്റെ പരാമർശം വലിയ വിഡ്ഢിത്തമായിപ്പോയി. ഇത് പ്രതിപക്ഷം കൃത്യമായി ഉപയോഗപ്പെടുത്തിയെന്നും അനുപ്രിയ പട്ടേൽ പറഞ്ഞു.

TAGS :

Next Story