'കലാപകാരികൾ എസ്പിയിലും നല്ല വ്യക്തിത്വമുള്ളവരും കലാപകാരികളെ പിടികൂടുന്നവരും ബിജെപിയിലും ചേരുന്നു': കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ
കയ്യിൽ രക്തം പുരണ്ട കലാപകാരികളാണ് എസ്പിയിൽ ചേരുന്നതെന്നും വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ മന്ത്രി പ്രതികരിച്ചു
കലാപകാരികൾ സമാജ്‌വാദി പാർട്ടിയിലും നല്ല വ്യക്തിത്വമുള്ളവരും കലാപകാരികളെ പിടികൂടുന്നവരും ബിജെപിയിലും ചേരുമെന്ന് വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. ബിജെപി വിട്ട മൂന്നു മന്ത്രിമാരടക്കം യുപിയിലെ ആറു എംഎൽഎമാർ എസ്പിയിൽ ചേർന്നതിനെ തുടർന്നാണ് ലഖ്‌നൗവിലെത്തിയ മന്ത്രിയുടെ പ്രതികരണം. കയ്യിൽ രക്തം പുരണ്ട കലാപകാരികളാണ് എസ്പിയിൽ ചേരുന്നതെന്നും മുൻ കാൺപൂർ കമ്മീഷണർ അസിം അരുൺ ബിജെപിയിൽ ചേരുന്ന ചടങ്ങിൽ മന്ത്രി പ്രതികരിച്ചു. ദിവസങ്ങൾക്കുമുൻപ് ബിജെപി വിട്ട മന്ത്രിമാരിൽ മൂന്നാമത്തെയാളുംഎസ്പിയിൽ ചേർന്നതിന് പിന്നാലെയാണ് പ്രസ്താവന നടത്തിയത്. യോഗി മന്ത്രിസഭയിൽ വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ദാരാ സിങ് ചൗഹാനാണ് എസ്പിയിൽ അംഗത്വമെടുത്തത്. ബിജെപി സഖ്യകക്ഷിയായ അപ്നാദൾ എംഎൽഎ ആർകെ വർമയും എസ്പിയിൽ ചേർന്നിട്ടുണ്ട്. മുൻ തൊഴിൽമന്ത്രി സ്വാമി പ്രസാദ് മൗര്യയും ഭക്ഷ്യ സുരക്ഷാ മന്ത്രിയായിരുന്ന ധരം സിങ് സൈനിയുമടക്കം ബിജെപി വിട്ട ആറ് നിയമസഭാ സാമാജികർ വ്യാഴാഴ്ച എസ്പിയുടെ ഭാഗമായിരുന്നു.
#WATCH| People joining SP do riots, people joining BJP catch rioters. SP MLAs are either in jail or on bail, that's their original game. It's clear people with clean characters join BJP, & rioters including many with blood-covered hands join SP: Union Min Anurag Thakur in Lucknow pic.twitter.com/ceMHG9Wx9z
— ANI UP/Uttarakhand (@ANINewsUP) January 16, 2022
അതേസമയം, എസ്പിയുടെ സ്ഥാനാർത്ഥി പട്ടികയിലെ ആദ്യ പേരുകാരൻ ജയിലിലും രണ്ടാമത്തെയാൾ ജാമ്യത്തിലുമാണെന്നും അനുരാഗ് താക്കൂർ പരിഹസിച്ചു. എസ്പിയുടെ യഥാർത്ഥ കളി ജയിലിലോ ജാമ്യത്തിലോയാണെന്നും അദ്ദേഹം കളിയാക്കി. കഴിഞ്ഞ വെള്ളിയാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കാനിറങ്ങിയ കൈറാനയിലെ എസ്പി എംഎൽഎ നാഹിദ് ഹസ്സൻ അറസ്റ്റിലാണുള്ളത്. യുപി ഗാങ്‌സ്റ്റർ നിയമപ്രകാരം കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ് നടത്തിയത്. സ്ഥാനാർത്ഥി പട്ടികയിൽനിന്ന് ഹസനെ നീക്കിയ എസ്പി നേതാവ് അഖിലേഷ് യാദവ് ബിജെപി തന്റെ പാർട്ടിയുടെ നേതാക്കളെ വേട്ടയാടുകയാണെന്ന് കുറ്റപ്പെടുത്തി. വിവിധ പാർട്ടികൾ വിട്ട് എസ്പിയിൽ ചേർന്ന നേതാക്കളെ അഖിലേഷ് യാദവ് സ്വാഗതം ചെയ്തു. ഡൽഹിയിലും ലഖ്നൗവിലുമുള്ള ഇരട്ട എൻജിനുള്ള സർക്കാരുമായുള്ള പോരാട്ടമാണിതെന്ന് അഖിലേഷ് പറഞ്ഞു. വിധ്വംസരാഷ്ട്രീയം മാത്രമാണ് അവർ ചെയ്തിട്ടുള്ളത്. നമ്മൾ വികസനത്തിന്റെ രാഷ്ട്രീയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മന്ത്രിമാരുടെ കൂട്ടരാജി; ഒബിസി വോട്ടിൽ ചോർച്ചയുണ്ടാക്കും- യുപിയിൽ ബിജെപിക്ക് ആധി
മൂന്നു മന്ത്രിമാരടക്കം ആറു എംഎൽഎമാർ പാർട്ടിവിട്ടത് ബിജെപിയിൽ സമീപകാലത്തുണ്ടായ ഏറ്റവും വലിയ കൊഴിഞ്ഞു പോക്കാണ്. പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട നേതാക്കളാണ് ഇപ്പോൾ രാജി സമർപ്പിച്ചവരിൽ മിക്കവരും. തെരഞ്ഞെടുപ്പിൽ ഒബിസി വോട്ടുകൾ എങ്ങോട്ടു പോകുമെന്ന സൂചന കൂടിയാണ് രാജികൾ. ഒബിസി വിഭാഗങ്ങൾക്ക് സർക്കാറിൽ നിന്ന് നീതി കിട്ടിയില്ല എന്നാണ് പുറത്തു പോകുന്നവരുടെ പ്രധാന ആരോപണം.
തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിക്കപ്പെടുന്ന എംഎൽഎമാർ ഇനിയും പാർട്ടി വിടുമെന്നാണ് സൂചന. ഭരണവിരുദ്ധ വികാരം മറികടക്കാൻ 25-35 ശതമാനം എംഎൽഎമാർക്കും ബിജെപി ടിക്കറ്റ് നൽകില്ലെന്നാണ് കരുതപ്പെടുന്നത്. മികച്ച പ്രകടനം നടത്താത്ത സിറ്റിങ് എംഎൽഎമാർക്ക് ഇതോടെ സീറ്റു നഷ്ടപ്പെട്ടേക്കും. എംഎൽഎമാർക്കെതിരെ ഭരണവിരുദ്ധ വികാരം ഉണ്ടെന്ന് ജൻകി ബാത് അഭിപ്രായ സർവേ വ്യക്തമാക്കിയിരുന്നു. മൗര്യ (ഖുഷ്വാഹ) സമുദായത്തിൽനിന്നുള്ള മുതിർന്ന നേതാവാണ് സ്വാമി പ്രസാദ് മൗര്യ. ഈ സമുദായത്തെ കൂടെ നിർത്താനാണ് മൗര്യയ്ക്ക് കാബിനറ്റിൽ ഇടം നൽകിയിരുന്നത്. മറ്റൊരംഗം കേശവ് പ്രസാദ് മൗര്യ സംസ്ഥാന ഉപമുഖ്യമന്ത്രിയാണ്.
മൗര്യ സമുദായത്തിൽ നിന്നുള്ള പാർട്ടിയായ മഹാൻ ദളുമായി അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി സഖ്യമുണ്ടാക്കിയിട്ടുണ്ട്. കിഴക്കൻ ഉത്തർപ്രദേശിൽ (പൂർവ്വാഞ്ചൽ) ബിജെപിക്ക് ശക്തമായ വെല്ലുവിളി ഉയർത്താൻ മൗര്യയിലൂടെ എസ്പിക്ക് ആകുമെന്ന് കരുതപ്പെടുന്നു. സംസ്ഥാന ജനസംഖ്യയിൽ ആറു ശതമാനത്തോളമാണ് മൗര്യ സമുദായം. ലോധ്, കുർമി, മൗര്യ, നിഷാദ്, പട്ടേൽ, പ്രജാപതി സമുദായങ്ങൾ ഉൾക്കൊള്ളുന്നതാണ് ബിജെപിയുടെ വോട്ടുബാങ്ക്. ഇവരിൽ എഴുപതിലേറെ ഉപജാതികളുണ്ട്. സംസ്ഥാന ജനസംഖ്യയുടെ 30 ശതമാനം വരുമിത്. ഹിന്ദുത്വ ബാനറിന് കീഴിൽ യാദവ വിരുദ്ധ സഖ്യമായാണ് ബിജെപി ഈ ചെറുസംഘങ്ങളെ പരിചയപ്പെടുത്തുന്നത്. ഈ ജാതികളിൽ നിന്നുള്ള അംഗങ്ങൾക്കെല്ലാം മന്ത്രിസഭാ പുനഃസംഘടനയിൽ ബിജെപി ഇടം നൽകിയിരുന്നു.
പിന്നാക്ക വിഭാഗങ്ങളിൽപ്പെട്ട നുനിയ സമുദായത്തിൽ നിന്നുള്ള അംഗമാണ് ദാരാ സിങ് ചൗഹാൻ. കിഴക്കൻ യുപിയിലെ പ്രബല സമുദായമാണിത്. സമുദായത്തിൽ മായാവതിയുടെ ബിഎസ്പിക്ക് വേരുകളുണ്ട്. 28 ജില്ലകളിൽ പടർന്നു കിടക്കുന്ന പൂർവ്വാഞ്ചലിൽ 164 നിയമസഭാ സീറ്റുകളാണുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്സഭാ മണ്ഡലമായ വാരാണസിയും യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരും ഇവിടെയാണ്. 2017ലെ തെരഞ്ഞെടുപ്പിൽ 164ൽ 115 സീറ്റിലും വിജയിച്ചത് ബിജെപിയായിരുന്നു. 17 സീറ്റു മാത്രമാണ് മുഖ്യപ്രതിപക്ഷമായ എസ്.പിക്ക് കിട്ടിയത്. ബിഎസ്പിക്ക് 15 ഉം കോൺഗ്രസിന് രണ്ടും സീറ്റു കിട്ടി. 15 സീറ്റിൽ സ്വതന്ത്രർ വിജയിച്ചു. എസ്പിയുടെ ശക്തികേന്ദ്രമായ അസംഗഢും ബിഎസ്പി കേന്ദ്രമായ അംബേദ്കർ നഗറും പൂർവ്വാഞ്ചലിലാണ്. 2017ൽ വാരാണസിയിലെ ഏഴു സീറ്റും ജയിച്ചത് ബിജെപിയാണ്. 2012ൽ എസ്.പി 80 സീറ്റു നേടിയ മേഖല കൂടിയാണിത്.
Union Minister Anurag Thakur has said that the rioters will join the Samajwadi Party and those with good personalities and those who catch the rioters will join the BJP.
Adjust Story Font
16