എപിജെ അബ്ദുൽ കലാമിനെ ഓർമിച്ച് രാഷ്ട്രം; മുൻ രാഷ്ട്രപതിയുടെ പത്ത് ഉദ്ധരണികൾ
ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്ന കലാം ചെറുപ്പത്തിൽ പത്രം വിതരണം ചെയ്താണ് പഠിക്കാനുള്ള പണം കണ്ടെത്തിയത്
മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാമിന്റെ ഏഴാം ഓർമദിനമാണിന്ന്. ഇന്ത്യക്കാർക്ക് പ്രചോദനത്തിന്റെ മറുവാക്കാണ് കലാം. രാമേശ്വരത്തെ മുക്കുവക്കുടിലിൽ നിന്ന് റൈസിന കുന്നിലെ രാഷ്ട്രപതി ഭവനിലേക്ക് നടന്നു കയറിയ അദ്ദേഹത്തിന്റെ ജീവിതം എല്ലാവരെയും വിസ്മയിപ്പിക്കുന്നതാണ്. 1931 ഒക്ടോബർ 15ന് ജനിച്ച കലാമിന്റെ മരണം 2015 ജൂലൈ 27നായിരുന്നു.
ഇന്ത്യയുടെ മിസൈൽ മാൻ എന്നറിയപ്പെടുന്ന കലാം ചെറുപ്പത്തിൽ പത്രം വിതരണം ചെയ്താണ് പഠിക്കാനുള്ള പണം കണ്ടെത്തിയത്. മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ നിന്ന് എയനോട്ടിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദം നേടി. ഡിആർഡിഒയിൽ ജോലി ചെയ്ത അദ്ദേഹം സൈന്യത്തിന് വേണ്ടി ഹെലികോപ്ടർ ഡിസൈൻ ചെയ്തിട്ടുണ്ട്.
ലോകത്തുടനീളമുള്ള നാൽപ്പതിലേറെ സർവകലാശാലകളാണ് അദ്ദേഹത്തിന് ഡോക്ടറേറ്റ് സമ്മാനിച്ചിട്ടുള്ളത്. ഇന്ത്യൻ സേനയുടെ അഭിമാനമായ പൃത്ഥ്വി, അഗ്നി മിസൈലുകളുടെ മസ്തിഷ്‌കം കലാമായിരുന്നു. ഇന്ത്യയുടെ ആണവ പരീക്ഷണത്തിലും നിർണായകമായ പങ്കുവഹിച്ചു. രാജ്യം പരമോന്നത ബഹുമതിയായ ഭാരത രത്‌ന നൽകി ആദരിച്ചിട്ടുണ്ട്.
എപിജെ അബ്ദുല്‍ കലാമിന്റെ 10 പ്രധാന ഉദ്ധരണികൾ
- ഒരു മികച്ച പുസ്തകം ആയിരം സുഹൃത്തുക്കൾക്ക് തുല്യമാണ്. എന്നാൽ ഒരു മികച്ച സുഹൃത്ത് ഒരു ലൈബ്രറിക്ക് തുല്യവും.
- ആദ്യ വിജയത്തിന് ശേഷം വിശ്രമിക്കരുത്. രണ്ടാമത്തേതിൽ പരാജയപ്പെട്ടാൽ ആദ്യത്തേത് വെറും ഭാഗ്യമാണ് എന്നു പറയാൻ ഒരുപാട് പേർ കാത്തിരിക്കുന്നുണ്ട്.
- ഞാനൊരു സുന്ദരനല്ല, എന്നാൽ സഹായം ആവശ്യമുള്ളവർക്ക് ഞാൻ കരം നീട്ടി നൽകും. സൗന്ദര്യം ഹൃദയത്തിലാണ്, മുഖത്തല്ല.
- രാജ്യത്തെ ഏറ്റവും മികച്ച മസ്തിഷ്‌കങ്ങൾ ക്ലാസ് മുറികളിലെ അവസാന ബഞ്ചിലുമുണ്ടാകും.
- നിങ്ങളുടെ ഭാവിയെ നിങ്ങൾക്ക് മാറ്റാനാകില്ല. എന്നാൽ ശീലങ്ങൾ മാറ്റാനാകും. ശീലങ്ങൾ തീർച്ചയായും നിങ്ങളുടെ ഭാവിയെ മാറ്റിമറിക്കും.
- അവസാനത്തെ പിഴവാണ് നിങ്ങളുടെ ഏറ്റവും മികച്ച ഗുരു.
- ഓരോ നോവും ഓരോ പാഠമാണ്. ഓരോ പാഠവും ഒരു വ്യക്തിയെ മാറ്റിമറിക്കുന്നു.
- സൂര്യനെപ്പോലെ പ്രശോഭിക്കണമെങ്കിൽ , ആദ്യം സൂര്യനെപ്പോലെ കത്തണം.
- ഉറക്കത്തിൽ കാണുന്നതല്ല സ്വപ്നം, നിങ്ങളെ ഉറങ്ങാൻ അനുവദിക്കാത്തതാണ് സ്വപ്നം.
- വിദ്യാർത്ഥിയുടെ ഏറ്റവും വലിയ സവിശേഷത ചോദ്യങ്ങൾ ചോദിക്കുക എന്നതാണ്. നമുക്ക് വിദ്യാർത്ഥികളെ ചോദിക്കാൻ അനുവദിക്കാം.
Adjust Story Font
16