Quantcast

സർക്കാരും ഗവർണറും തമ്മിലുള്ള പോരിനിടെ ആരിഫ് മുഹമ്മദ്ഖാൻ മുഖ്യപ്രതിയായ ജെയിൻ ഹവാല കേസ് വീണ്ടും ചർച്ചയാകുന്നു

ജെയിൻ ഹവാല കേസിലെ മുഖ്യപ്രതിയായിരുന്നു ആരിഫ് മുഹമ്മദ് ഖാനെന്ന പഴയ വാർത്തകളും മുതിർന്ന മാധ്യമപ്രവർത്തകൻ സഞ്ജയ് കപൂറിന്റെ പുസ്തകവുമുയർത്തിയാണ് ചർച്ചകൾ നടക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2024-10-11 10:35:32.0

Published:

11 Oct 2024 6:26 AM GMT

സർക്കാരും ഗവർണറും തമ്മിലുള്ള പോരിനിടെ ആരിഫ് മുഹമ്മദ്ഖാൻ മുഖ്യപ്രതിയായ ജെയിൻ ഹവാല കേസ് വീണ്ടും ചർച്ചയാകുന്നു
X

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഹവാല പരാമർശവുമായി ബന്ധപ്പെട്ട് സംസ്ഥാനസർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നതിനിടെ വീണ്ടും ചർച്ചയായി ആരിഫ് മുഹമ്മദ്ഖാൻ മുഖ്യപത്രിയായ 90 കളിൽ രാജ്യത്തെ പിടിച്ചുലച്ച ജെയിൻ ഹവാല കേസ്. ദ ഹിന്ദുവിൽ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രി പിണറായി വിജയ​ന്റെ അഭിമുഖത്തിലെ ഹവാല, സ്വർണക്കള്ളക്കടത്ത് പരാമർശ​ത്തിൽ റിപ്പോർട്ട് തേടുകയും ചീഫ് സെക്രട്ടറിയും സംസ്ഥാന പൊലീസ് മേധാവിയും രാജ്ഭവനിലെത്തി വിശദീകരിക്കണമെന്ന് ഗവർണർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഗവർണറുടെ നടപടി ഭരണഘടനാപരമായി തെറ്റാ​ണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഉന്ന​തഉദ്യോഗസ്ഥർക്ക് ഗവർണറെ സന്ദർശിക്കാൻ അനുമതി നൽകിയതുമില്ല. ഇതോടെയാണ് ഒരിടവേളക്ക് ശേഷം വീണ്ടും സർക്കാരും ഗവർണറും തമ്മിലുള്ള പോര് ആരംഭിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഹവാല പരാമർശത്തിൽ പിടിച്ചു ഗവർണർ സർക്കാരിനെതിരെയിറങ്ങിയതിന് പിന്നാലെയാണ് 90 കളിൽ രാഷ്ട്രിയ കോളിളക്കമുണ്ടാക്കിയ ജെയിൻ ഹവാല കേസിലെ മുഖ്യപ്രതിയായിരുന്നു ആരിഫ് മുഹമ്മദ്ഖാനെന്ന പഴയ വാർത്തകളും മുതിർന്ന മാധ്യമപ്രവർത്തകൻ സഞ്ജയ് കപൂർ 1996 ൽ പുറത്തിറക്കിയ ‘ബാഡ് മണി ബാഡ് ​പൊളിറ്റിക്സ്- ദി അൺടോൾഡ് ഹവാല സ്റ്റോറി’ എന്ന പുസ്തകമുയർത്തിയും ചർച്ചകൾ നടക്കുന്നത്. ആരിഫ് മുഹമ്മദ് ഖാൻ ഉൾപ്പടെയുള്ളവർ നടത്തിയ ഹവാല ഇടപാടിന്റെ ഉള്ളറകൾ തുറക്കുന്നതാണ് പുസ്തകം. കോളിളക്കം സൃഷ്ടിച്ച ജെയിൻ ഹവാല ഇടപാടിൽ ഏറ്റവും കൂടുതൽ പണം കൈപ്പറ്റിയ രാഷ്ട്രീയ നേതാവായിരുന്നു ആരിഫ് മുഹമ്മദ് ഖാൻ. ഏഴ് കോടിയോളം രൂപ വിവിധ ഘട്ടങ്ങളിലായി കൈപ്പറ്റിയെന്നാണ് പുസ്തകത്തിലുള്ളത്. 115 രാഷ്ട്രീയ നേതാക്കൾക്ക് പണം നൽകിയെന്ന മുഖ്യപ്രതി ജെയിൻ സിബിഐക്ക് നൽകിയ മൊഴിയും പുസ്തകത്തിൽ ഉദ്ധരിക്കുന്നുണ്ട്. പാർട്ടികൾക്കും നേതാക്കൾക്കുമായി 65 കോടി രൂപ കള്ളപ്പണം നൽകിയെന്നായിരുന്നു വെളിപ്പെടുത്തൽ.

കള്ളപ്പണ ഇടപാടുകളെ പറ്റിയുള്ള അന്വേഷണം രാജ്യത്തെ പ്രമുഖ രാഷ്ട്രിയ ​വമ്പന്മാരിലേക്കെത്തുകയും പിന്നീട് അട്ടിമറിക്കപ്പെടുകയും തെളിവുകളില്ലാത്തതിന്റെ പേരിൽ കുറ്റാരോപിതരെയെല്ലാം കോടതി വെറുതെ വിട്ടുവെന്നതും ചരിത്രം. ഹവാല ഇടപാടുകാരായ എസ്.കെ ജെയിനിന്റെയും സഹോദരങ്ങളുടെയും ബന്ധുക്കളുടെയും വസതികളിലും ഓഫീസുകളിലും സിബിഐ 1991 ൽ നടത്തിയ റെയ്ഡാണ് രാഷ്ട്രിയക്കാരുടെ ഹവലാബന്ധം പുറത്തുകൊണ്ടുവന്നത്. അവരുടെ വീടുകളിൽ റെയ്ഡ് നടത്തുന്നതിന് പിന്നിൽ ഭീകരവാദ ബന്ധം കൂടിയുണ്ടായിരുന്നു. കശ്മീരില്‍ നിന്ന് പിടികൂടിയ ഭീകരവാദികളെ ചോദ്യംചെയ്യുന്നതിൽ നിന്നാണ് വിവിധ ഏജൻസികളുടെ അന്വേഷണത്തിനൊപ്പം സി​ബിഐ റെയ്ഡിലെത്തുന്നതും ഹവാല ഇടപാടുകൾ പുറത്തുവരുന്നതും. കസ്റ്റഡിയിലെടുത്ത അഷ്ഫാക് ഹുസൈന്‍ ലോണ്‍ എന്ന ഭീകരവാദിയിൽ നിന്നാണ് എസ്.കെ ജെയിനുമായുള്ള ബന്ധം ലഭിക്കുന്നത്. ഭീകരവാദികൾക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിൽ ജെയിൻ സഹോദരന്മാർക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തി. തുടർന്നാണ് സിബിഐ ​െജയിൻ സഹോദരങ്ങളുടെയും ബന്ധുക്കളുടെയും വീടുകളിലും ഓഫീസുകളിലും റെയ്ഡ് നടത്തുന്നത്. അനധികൃതമായി സൂക്ഷിച്ച വിദേശ,ഇന്ത്യൻ കറൻസികൾ പിടിച്ചെടുത്ത അന്വേഷണ സംഘം രണ്ട് ഡയറികളും നോട്ട് ബുക്കുകളും പരിശോധിച്ചപ്പോഴാണ് ദേശീയരാഷ്ട്രിയത്തിലെ പ്രമുഖർക്ക് കോടികൾ കള്ളപ്പണമായി നൽകിയതിന്റെ തെളിവുകൾ കണ്ടെത്തിയത്. കള്ളപ്പണത്തിനെതിരെ സംസാരിച്ച പലരുടെയും മുഖംമൂടി അഴിഞ്ഞുവീണതായിരുന്നു ആ ഡയറിയിലെ വിവരങ്ങൾ.

സിബിഐ പിടിച്ചെടുത്ത ഡയറികളി​ൽ ​െജയിനെഴുതി സൂക്ഷിച്ചിരുന്ന കുറിപ്പുകളാണ് ആരിഫ് മുഹമ്മദ് ഖാനടക്കമുള്ളവര​ുടെ ഹവാല ബന്ധത്തിലേക്കെത്തിച്ചതെന്നാണ് പുറത്തുവന്ന വിവരം. അതികായൻമാർക്കെതിരെ ഉയർന്ന കള്ളപ്പണ ആരോപണം രാഷ്ട്രിയ പാർട്ടികളെയും പിടിച്ചുലച്ചു. പലർക്കും പണം നൽകിയതിന്റെ നിർണായകവിവരങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. പണം കൈപ്പറ്റിയവരുടെ പണത്തിനൊപ്പം പേരുകളോ പേരുകളുടെ ചുരുക്കരൂപങ്ങളോ, ഇനീഷ്യലുകളോ ആയിരുന്നു ഡയറികളിൽ ഉണ്ടായിരുന്നത്. രാജ്യത്തെ ഏറ്റവും വലിയ പണക്കാരിലൊരാളാകാൻ വൻകിട കരാറുകളും പദ്ധതികളും കിട്ടുന്നതിനാണ് രാഷ്ട്രിയക്കാർക്ക് കോടികൾ നൽകിയതെന്നായിരുന്നു ​ജെയിൻ വെളിപ്പെടുത്തിയത്​. 1987 മുതൽ 1991 വരെ വിവിധ രാഷ്ട്രീയക്കാർക്കും ഉന്നത സ്ഥാനമുള്ള പൊതുപ്രവർത്തകർക്കും പണം നൽകിയെന്നും വെളിപ്പെടുത്തി.

ആരിഫ് മുഹമ്മദ് ഖാന് പുറമെ എല്‍.കെ അദ്വാനി, മദന്‍ ലാല്‍ ഖുറാന, മാധവറാവു സിന്ധ്യ, ബല്‍റാം ഝാക്കര്‍, അര്‍ജുന്‍ സിങ്, വി.സി ശുക്ല ദേവിലാല്‍, ശരദ് യാദവ് എന്നിവർക്കും പണം നൽകിയെന്നായിരുന്നു സി​ബിഐയുടെ കണ്ടെത്തൽ. രാഷ്ട്രിയ ഇടനാഴിയിൽ നടന്ന കള്ളപ്പണ ഇടപാടുകൾ വെളിപ്പെടുത്തുന്ന റിപ്പോർട്ടുകൾ ബ്ലിറ്റ്സ്, ഔട്ട് ലുക്ക് തുടങ്ങിയ മാധ്യമങ്ങൾ അന്ന് റിപ്പോർട്ട് ചെയ്തിരുന്നു. പേരുകൾ പുറത്തുവന്നതോടെ രാഷ്ട്രിയ പാർട്ടികൾക്കുള്ളിലും പുറത്തും വൻ കോളിളക്കം ഉണ്ടായി.

ജെയിനിൽ നിന്ന് ഏറ്റവും കൂടുതൽ ഹവാലപ്പണം കൈപ്പറ്റി​യത് അന്ന് കേന്ദ്ര ഊർജ, വ്യോമയാന മന്ത്രിയായിരുന്ന ആരിഫ് മുഹമ്മദ് ഖാനാണെന്ന ആരോപണം ഉയർന്നു. 1988 മെയ് മുതൽ 1991 ഏപ്രിൽ വരെ ആരിഫ് മുഹമ്മദ് ഖാൻ ഏഴ് കോടിയോളം രൂപ കൈപ്പറ്റിയെന്നായിരുന്നു റിപ്പോർട്ടുകൾ. സഞ്ജയ് കപൂറിന്റെ പുസ്തകത്തിൽ പരാമർശിക്കുന്നതിനൊപ്പം ഇന്ത്യാ ടുഡെ അടക്കമുള്ള ദേശീയ മാധ്യമങ്ങളും ഇക്കാര്യം റിപ്പോർട്ട് ചെയ്തിരുന്നു. ഡയറിയിലുണ്ടായിരുന്ന എഎം എന്നീ അക്ഷരങ്ങള്‍ ആരിഫ് മുഹമ്മദ് ഖാനെ സൂചിപ്പിക്കുന്നത് ആയിരുന്നുവെന്നാണ് പുറത്തുവന്ന വിവരം. ഗുജറാത്തിലെ കവാസ് പവര്‍ പ്ലാന്റുമായി ബന്ധപ്പെട്ട കരാര്‍ ഫ്രഞ്ച് കമ്പനിയായ അല്‍സ്‌തോമിന് നല്‍കിയതുമായി ബന്ധപ്പെട്ട ഇടപാടുകളിലാണ് ആരോപണം ഉയർന്നത്. എസ്.കെ ജെയിനായിരുന്നു അൽസ്തോമിന് കരാർ കിട്ടുന്നതിന് ഇടനിലക്കാരനായത്. കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്താണ് ജെയിന് സഹായം നൽകിയതെന്നായിരുന്നു അന്ന് പുറത്തുവന്ന വിവരം. ആരിഫ് മുഹമ്മദ് ഖാൻ തൻ്റെ അടുത്ത സുഹൃത്താണെന്നും പണം ഡൽഹിയിലെ വസതിയിലെത്തിച്ചുകൊടുത്തുവെന്നും ജെയിൻ സിബിഐയോട് സമ്മതിച്ചിരുന്നു. എന്നാൽ കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്ത് ജെയിനിന് സഹായം നൽകിയെന്ന് തെളിയിക്കാൻ സിബിഐക്ക് ആയില്ലെന്നായിരുന്നു ആരിഫ് മുഹമ്മദ് ഖാനെ വെറുതെവിട്ടുകൊണ്ടുള്ള ഉത്തരവിൽ കോടതി പറഞ്ഞത്.

മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ അദ്വാനി ജെയിനില്‍നിന്ന് 60 ലക്ഷം വാങ്ങിയെന്നായിരുന്നു ആരോപണം. എൽകെഎ എന്നീ അക്ഷരങ്ങളാണ് ജെയിനിന്റെ ഡയറിയില്‍ ഉണ്ടായിരുന്നത്. ധനകാര്യ മന്ത്രിയും ബിജെപി നേതാവു​മായിരുന്ന യശ്വന്ത സിന്‍ഹ 21 ലക്ഷം കൈപ്പറ്റി. വൈഎസ് എന്നീ അക്ഷരങ്ങളും വൈ സിൻഹ എന്ന പേരും ഡയറിയിലുണ്ടായിരുന്നുവെന്നാണ് അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

കോൺഗ്രസ് നേതാവായിരുന്ന മാധവറാവു സിന്ധ്യ 75 ലക്ഷം കൈപ്പറ്റിയെന്നായിരുന്നു ആരോപണങ്ങളിലൊന്ന്. എംആർഎസ് എന്ന അക്ഷരങ്ങൾക്കൊപ്പം മാധവറാവു സിന്ധ്യ എന്ന പേരും ജെയിനിന്റെ ഡയറിയിലുണ്ടായിരുന്നു. റെയില്‍വെയുടെ സ്വതന്ത്ര ചുമതല ഉണ്ടായിരുന്ന സഹമന്ത്രിയായിരുന്ന 1986 - 89 കാലത്ത് നടന്ന ലക്ഷങ്ങളുടെ ഇടപാടുകളുടെ വിവരങ്ങളായിരുന്നു ഡയറിയിൽ ഉണ്ടായിരുന്നത്.

83.24 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു ലോക്‌സഭാ സ്പീക്കറും കൃഷി മന്ത്രിയുമായിരുന്ന ബല്‍റാം ഝാക്കറിനെതിരെ ഉയര്‍ന്നത്. ജെയിൻ സഹോദരന്മാർക്കൊപ്പമുള്ള ചിത്രം കണ്ടെത്തിയ സംഘം ഡയറിയിൽ അദ്ദേഹത്തിന്റെ പേരും കണ്ടെത്തിയിരുന്നു. ഒരു ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു രണ്ടു തവണ ഉപപ്രധാനമന്ത്രി ആയ ദേവിലാലിനെതിരെ ഉയർന്ന ആരോപണം. 10.5 ലക്ഷം രൂപ കൈപ്പറ്റിയെന്നായിരുന്നു അര്‍ജുന്‍ സിങ്ങിനെതിരെ ഉയര്‍ന്ന ആരോപണം. എഎസ് എന്ന ചുരുക്കപ്പേരിന് പുറമെ പൂർണമായ പേരും ഡയറിയില്‍ ഉണ്ടായിരുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു.എന്നാൽ സിബിഐ ജെയിനി​ന്റെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഡയറികളടക്കമുള്ള രേഖകൾ രാഷ്ട്രിയക്കാരെ പ്രതികളാക്കാൻ മതിയായ തെളിവില്ലെന്ന് കണ്ടെത്തി കോടതി എല്ലാവരെയും വെറുതെ വിട്ടു.

TAGS :

Next Story