കാണാമറയത്ത് അർജുൻ; ഏഴാം ദിനവും വിഫലം: ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു
തിരച്ചിൽ നാളെ പുഴയിലേക്ക്, എൻ.ഡി.ആർ.എഫ് സംഘമെത്തും
അങ്കോല: കർണാടകയിലെ അങ്കോലയിൽ മണ്ണിടിഞ്ഞ് കാണാതായ അർജുനായി ഏഴാം ദിനം നടത്തിയ തിരച്ചിലും വിഫലം. മണ്ണിടിഞ്ഞ ഭാഗത്ത് ഇന്ന് നടത്തിയ തിരച്ചിലിൽ അർജുനിനെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ മുതൽ ആരംഭിച്ച തിരച്ചിൽ വൈകീട്ടോടെ അവസാനിപ്പിച്ച് സൈന്യം ഷിരൂറിൽ നിന്ന് മടങ്ങും. ഇതോടെ കരയിലെ തിരച്ചിൽ അവസാനിപ്പിച്ചു.
നാളെ ഗംഗാവലി നദിയിലേക്ക് തിരച്ചിൽ വ്യാപിപിക്കുമെന്ന് കാർവാർ എം.എൽ.എ സതീഷ് സെയ്ൽ പറഞ്ഞു. വാഹനം പുഴയിലേക്ക് ഒഴുകി പോയതാണ് നിഗമനമെന്നും ആയതിനാലാണ് തിരച്ചിൽ പുഴയിലേക്ക് വ്യാപിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരച്ചിൽ ശക്താക്കുന്നതിന്റെ ഭാഗമായി എൻ.ഡി.ആർ.എഫിന്റെ വിദഗ്ധ സംഘം നാളെ രാവിലെ സ്ഥലം സന്ദർശിക്കും.
അതേസമയം ഇപ്പോൾ നടക്കുന്ന തിരച്ചിലിൽ അതൃപ്തിയുമായി അർജുന്റെ കുടുംബം രംഗത്തുവന്നു. മിലിട്ടറി വേണ്ടവിധത്തിൽ ഇടപെട്ടില്ലെന്നും ഒരു ആയുധവുമില്ലാതെ മിലിട്ടറി എന്തിന് വന്നു? എന്നും കുടുംബം ചോദിച്ചു. പട്ടാളത്തെക്കുറിച്ച് അഭിമാനം ഉണ്ടായിരുന്നുവെങ്കിലും അത് നഷ്ട്ടപ്പെട്ടെന്നും കുടുംബം പറഞ്ഞു. കേരളത്തിൽ നിന്നെത്തിയ രക്ഷാപ്രവർത്തകരെ കടത്തിവിടാത്തതിൽ അതൃപ്തി അറിയിച്ച കുടുംബം കർണാടക സർക്കാരിൽ വിശ്വാസമില്ലെന്നും പറഞ്ഞു.
കേരളത്തിൽ നിന്ന് രക്ഷ പ്രവർത്തനത്തിനെത്തിയവരോട് തിരിച്ചു പോകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. രഞ്ജിത് ഇസ്രായേലിന്റെ നേതൃത്വത്തിലുള്ള സംഘത്തോടാണ് മടങ്ങി പോകാൻ ആവശ്യപ്പെട്ടത്. രഞ്ജിത്തിനെ പൊലീസ് മർദ്ദിച്ചതായും പരാതി ഉയർന്നിരിന്നു. പിന്നീട് എം.കെ രാഘവൻ എം.പി അടക്കമുള്ളവർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. എന്നാൽ അർജുനെ കണ്ടെത്തുംവരെ ദൗത്യം തുടരുമെന്ന് എം.കെ രാഘവൻ എംപി.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് കർണാടകയിലെ അങ്കോലയിൽ മണ്ണിടിച്ചിലുണ്ടായത്. കണ്ണാടിക്കൽ സ്വദേശിഅർജുൻ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്. കർണാടകയിൽ നിന്ന് മരവുമായി കേരളത്തിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്.
Adjust Story Font
16