യുഎൻ ദൗത്യത്തിന് ഗോലാൻ കുന്നുകളിൽ നിയോഗിക്കപ്പെട്ട ഇന്ത്യൻ സൈനികന് ഗുരുതര പരിക്ക്; തിരികെയെത്തിച്ച് സേന
കൃത്യനിർവഹണത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സൈനികനെ ആദ്യം ഇസ്രായേലിലെ ഹൈഫയിലെ റാംബാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
തെൽ അവീവ്/ ന്യൂഡൽഹി: ഗസ്സയ്ക്കു നേരെ ഇസ്രായേലിന്റെ വ്യോമാക്രമണം തുടരുന്ന സാഹചര്യത്തിൽ ഗോലാൻ കുന്നിൽ യുഎൻ സമാധാന ദൗത്യത്തിനായി നിയോഗിക്കപ്പെട്ട ഇന്ത്യൻ സൈനികന് പരിക്ക്. യുഎൻ ഡിസ്എൻഗേജ്‌മെൻ്റ് ഒബ്‌സർവർ ഫോഴ്‌സിന് (യുഎൻഡിഒഎഫ്) കീഴിൽ സേവനമനുഷ്ഠിച്ച 33കാരനായ ഹവിൽദാർ സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹത്തെ സൈനിക നേതൃത്വം തിരികെ ഇന്ത്യയിലെത്തിച്ചു.
ലഫ്. കേണൽ അനുജ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സുരേഷിനെ നാവികസേനയുടെയും വിദേശകാര്യ മന്ത്രാലയത്തിന്റേയും മറ്റ് ഏജൻസികളുടേയും പിന്തുണയോടെ സി-130 എയർ ആംബുലൻസിൽ ഇന്ത്യയിലെത്തിച്ചത്. കൃത്യനിർവഹണത്തിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹവിൽദാർ സുരേഷിനെ ആദ്യം ഇസ്രായേലിലെ ഹൈഫയിലെ റാംബാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അവിടെ ആഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 20 വരെ ചികിത്സയിലായിരുന്നു.
തുടർന്ന് സെപ്റ്റംബർ 20ന് അദ്ദേഹത്തെ ലെവൽ-1 ആശുപത്രിയിലേക്ക് മാറ്റി. യുഎൻഡിഒഎഫിന്റെ ഇസ്രായേൽ മേഖലയിലാണ് ഈ ആശുപത്രി. അവിടെയും ആരോഗ്യനില ഗുരുതരമായി തുടരുകയും മാനസികനില തെറ്റുകയും ചെയ്തു. തുടർന്നാണ് ഇന്ത്യയിലേക്ക് തിരികെയെത്തിക്കാൻ തീരുമാനിച്ചത്.
ലെഫ്റ്റനൻ്റ് കേണൽ അനുജ് സിങ്ങിനൊപ്പം ഡൽഹി കൻ്റോൺമെൻ്റിലെ ബേസ് ഹോസ്പിറ്റലിൽ നിന്നുള്ള പരിശീലനം ലഭിച്ച രണ്ട് പാരാമെഡിക്കുകൾ അടങ്ങുന്ന ക്രിട്ടിക്കൽ കെയർ എയർ ഇവാക്വേഷൻ മെഡിക്കൽ ടീമാണ് എയർ ആംബുലൻസിലുണ്ടായിരുന്നത്. ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ സൈനികന് അത്യാധുനിക മെഡിക്കൽ ശുശ്രൂഷ ഇവർ ഉറപ്പാക്കുകയും ചെയ്തു.
തെൽ അവീവിൽനിന്നും ഇന്ത്യൻ സമയം പുലർച്ചെ 1.20ന് പുറപ്പെട്ട എയർ ആംബുലൻസ് സെപ്റ്റംബർ 26 രാവിലെ 10 മണിക്ക് ജാംനഗറിൽ ലാൻഡ് ചെയ്തു. തുടർന്ന് സൈനികനെ വിമാനമാർഗം ന്യൂഡൽഹിയിലെ പാലം എന്ന സ്ഥലത്തേക്ക് ഉച്ചയ്ക്ക് രണ്ടു മണിയോടെ എത്തിച്ചു. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ സുരക്ഷിതമായി ന്യൂഡൽഹിയിലെ ആർമി ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ ഇവിടെ ചികിത്സയിലാണ് ഹവിൽദാർ സുരേഷ്.
Adjust Story Font
16