യോഗി മന്ത്രിസഭയിൽ നിന്ന് രാജിവെച്ച സ്വാമി പ്രസാദ് മൗര്യയ്ക്ക് അറസ്റ്റ് വാറന്‍റ്; നടപടി 2014ലെ കേസില്‍
മതവിദ്വേഷം വളർത്തിയെന്ന കേസിൽ ജനുവരി 24ന് കോടതിയിൽ ഹാജരാകാനാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്
യോഗി മന്ത്രിസഭയിൽ നിന്ന് രാജിവെച്ച സ്വാമി പ്രസാദ് മൗര്യയ്ക്ക് അറസ്റ്റ് വാറന്‍റ്. 2014ലെ വിദ്വേഷ പ്രസംഗത്തിലാണ് കേസ്. സുല്‍ത്താന്‍പൂര്‍ കോടതിയുടേതാണ് നടപടി.
കേസിൽ ഇന്ന് കോടതിയിൽ ഹാജരാകാൻ മൗര്യയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. മതവിദ്വേഷം വളർത്തിയെന്ന കേസിൽ ജനുവരി 24ന് കോടതിയിൽ ഹാജരാകാനാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവം നടക്കുമ്പോള്‍ അദ്ദേഹം മായാവതിയുടെ ബഹുജൻ സമാജ് പാർട്ടിയിൽ ആയിരുന്നു. 2016ല്‍ അലഹബാദ് ഹൈക്കോടതി ഇദ്ദേഹത്തിന്‍റെ അറസ്റ്റ് തടഞ്ഞിരുന്നു. അതിനുശേഷം നിരവധി തവണ കോടതി വാദം കേട്ടു.
"വിവാഹ സമയത്ത് ഗൗരി ദേവിയെയോ ഗണപതി ഭഗവാനെയോ ആരാധിക്കരുത്. ദലിതരെയും പിന്നാക്ക വിഭാഗക്കാരെയും തെറ്റിദ്ധരിപ്പിക്കാനും അടിമകളാക്കാനുമുള്ള സവർണ മേധാവിത്വ വ്യവസ്ഥിതിയുടെ ഗൂഢാലോചനയാണിത്"- ഈ പരാമര്‍ശമാണ് കേസിനാധാരം.
യു.പി ഗവർണർ ആനന്ദിബെൻ പട്ടേലിന് നൽകിയ രാജിക്കത്തിൽ സ്വാമി പ്രസാദ് മൗര്യ വ്യക്തമാക്കിയതിങ്ങനെ- "തൊഴിൽ മന്ത്രിയെന്ന നിലയിൽ പ്രതികൂല സാഹചര്യങ്ങളില്‍ പോലും ഞാൻ ഉത്തരവാദിത്വം വളരെ ഏകാഗ്രതയോടെ നിർവഹിച്ചു, എന്നാൽ ഞാൻ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുകയാണ്. ദലിതർ, പിന്നാക്കക്കാർ, കർഷകർ, തൊഴിൽരഹിതരായ യുവാക്കൾ, ചെറുകിട ഇടത്തരം വ്യാപാരികൾ എന്നിവരോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് രാജി".
തന്‍റെ രാജി ബി.ജെ.പിയെ പിടിച്ചുകുലുക്കിയെന്ന് സ്വാമി പ്രസാദ് മൗര്യ പ്രതികരിച്ചു. കൂടുതൽ മന്ത്രിമാരും എം.എൽ.എമാരും തനിക്കൊപ്പം പാർട്ടി വിടുമെന്നും അദ്ദേഹം പറഞ്ഞു. മൗര്യ തന്‍റെ രാജിക്കത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെ സമാജ്‍വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് അദ്ദേഹത്തോടൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തു. മൗര്യയെയും അദ്ദേഹത്തിന്‍റെ അനുയായികളെയും സമാജ്‍വാദി പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു- "അഖിലേഷ് യാദവ് എന്നെ അഭിനന്ദിച്ചു. എന്‍റെ അടുത്ത രാഷ്ട്രീയ നീക്കം ഈ മാസം 14ന് വെളിപ്പെടുത്തും. എന്‍റെ തീരുമാനവും എന്‍റെ കൂടെ ആരൊക്കെ വരുമെന്നും ഞാൻ നിങ്ങളോട് പറയും"- മൗര്യ വ്യക്തമാക്കി.
മൗര്യക്ക് പിന്നാലെ വനം, പരിസ്ഥിതി വകുപ്പ് മന്ത്രി ദാരാ സിങ് ചൗഹാനും രാജിവെച്ചു. ഒ.ബി.സി വിഭാഗത്തോട് യോഗി സർക്കാർ നീതി പുലർത്തിയില്ലെന്ന് ദാരാ സിംഗ് ചൗഹാൻ ആരോപിച്ചു. യു.പിയില്‍ തെരഞ്ഞെടുപ്പ് കാലത്ത് നാല് എം.എല്‍.എമാരുടെ കൂടി ബി.ജെ.പി വിട്ടു. റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭാഗവതി സാഗർ, വിനയ് ശാഖ്യ എന്നിവരാണ് പാർട്ടി വിട്ട എം.എല്‍.എമാര്‍.
Adjust Story Font
16