ക്രിസ്ത്യൻ പ്രാർത്ഥനാ കേന്ദ്രത്തിൽ എത്തിയത് മതപരിവർത്തനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ: ബജ്‌റംഗാദൾ
ഡിസംബർ 13 മുതൽ 24 വരെ നടക്കുന്ന കർണാടക നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ വിവാദ മതപരിവർത്തന നിരോധന ബില്ല് അവതരിപ്പിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്
സംഘ്പരിവാർ അതിക്രമത്തെ തുടർന്ന് ഞായറാഴ്ച പ്രാർത്ഥന അലങ്കോലമായ കർണാടകയിലെ ക്രിസ്ത്യൻ പ്രാർത്ഥനാ കേന്ദ്രത്തിൽ എത്തിയത് മതപരിവർത്തനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണെന്നും അവിടെ നിർബന്ധ മതപരിവർത്തനം നടക്കുന്നുണ്ടെന്നും ബജ്‌റംഗാദൾ നേതാവ്. ഹാസൻ ജില്ലയിലെ പ്രാർത്ഥനാ കേന്ദ്രത്തിൽ ഞായറാഴ്ച പ്രാർത്ഥനക്കിടെ നടന്ന ബജ്‌റംഗാദൾ പ്രതിഷേധത്തെ കുറിച്ച് ഇന്ത്യൻ എക്‌സ്പ്രസ് തയാറാക്കിയ വിഡിയോയിലാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്.
അനധികൃതമായി പ്രാർത്ഥനാ കേന്ദ്രം നിർമിച്ചതായി തങ്ങൾക്ക് വിവരം ലഭിച്ചെന്നും തുടർന്ന് അവിടെയെത്തിയ തങ്ങൾ ജനങ്ങളോട് മാന്യമായാണ് പെരുമാറിയതെന്നും പ്രാർത്ഥനാ കേന്ദ്രത്തെ കുറിച്ച് അന്വേഷിക്കുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു. അവർ തങ്ങളോട് മോശമായി പെരുമാറിയെന്നും തങ്ങൾ സമാധാന പൂർവമായാണ് പെരുമാറിയതെന്നും ഇയാൾ വ്യക്തമാക്കി. ശേഷം സ്ഥലം സന്ദർശിക്കാനും അന്വേഷണം നടത്താനും പൊലിസിനോട് പറഞ്ഞതായും ഇയാൾ അറിയിച്ചു. എന്നാൽ മതപരമായ ചടങ്ങ് മുടക്കിയതിനെ തുടർന്ന് സ്ത്രീകൾ ഇവരോട് കയർക്കുന്നത് വിഡിയോയിൽ കാണാം. ബേലൂർ പൊലിസ് സ്ഥലത്തെത്തിയെങ്കിലും കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ല.
ഞായറാഴ്ച പ്രാർത്ഥന ബജ്‌റംഗാദൾ അലങ്കോലമാക്കുന്ന വിഡിയോ 'ടൈംസ് നൗ' പ്രത്യേക ലേഖകനായ ഇമ്രാൻ ഖാൻ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. ഹിന്ദുക്കളെ വ്യാപകമായി നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് സംഘം ഇവിടെയെത്തി പ്രാർത്ഥനകൾ തടസപ്പെടുത്തിയതെന്നും ട്വീറ്റിൽ പറഞ്ഞിരുന്നു. പ്രാർത്ഥനയ്ക്കെത്തിയിരുന്ന സ്ത്രീകൾ അക്രമികളെ തടയുകയും ചോദ്യം ചെയ്യുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.
#BajrangDal disturbed a #Christian prayer meet at #Belur #Hassan alleging #Hindus are being forcibly converted & prayer hall constructed is illegal. Women at the church fought back saying who are they to question them.Cops had to intervene to stop further escalation. No case regd pic.twitter.com/hF97yvlXKe
— Imran Khan (@KeypadGuerilla) November 29, 2021
സംഘ്പരിവാർ ആക്രമണത്തിന് സാധ്യതയുണ്ടെന്നും ഇതിനാൽ ഞായറാഴ്ച പ്രാർത്ഥന ഒഴിവാക്കണമെന്നും കർണാടകയിൽ പലയിടങ്ങളിലും ക്രിസ്ത്യൻ പുരോഹിതന്മാരോട് പൊലിസ് ആവശ്യപ്പെട്ടിരുന്നു. കർണാടകയിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ സമൂഹത്തിനെതിരെ വലിയ തോതിൽ സംഘ്പരിവാർ ആക്രമണം നടക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് പൊലിസ് മതപുരോഹിതന്മാരെ സമീപിച്ചത്. സംഘ്പരിവാർ സംഘങ്ങളുടെ ആക്രമണമുണ്ടാകാൻ സാധ്യതയുണ്ട്. ഇതിനാൽ പ്രാർത്ഥനാ സംഗമങ്ങൾ ഒഴിവാക്കണമെന്നും തങ്ങൾക്ക് സംരക്ഷണം നൽകാനാകില്ലെന്നുമാണ് പൊലിസ് പ്രദേശത്തെ പുരോഹിതന്മാരെ വിളിച്ച് അറിയിച്ചതെന്ന് വൈദികനായ തോമസ് ജോൺസൻ 'ന്യൂസ് മിനുട്ടി'നോട് പറഞ്ഞു. വൈദികനായ ചെറിയാൻ ആക്രമിക്കപ്പെട്ട സംഭവത്തെ തുടർന്ന് ചർച്ചുകളല്ലാത്ത സ്വകാര്യ വസതിയിലും വാടകയ്‌ക്കെടുത്ത കെട്ടിടങ്ങളിലുമെല്ലാമുള്ള പ്രാർത്ഥനാ ചടങ്ങുകൾ ഒഴിവാക്കണമെന്ന് പൊലിസ് നിർദേശിച്ചിരുന്നുവെന്നും തോമസ് ജോൺസൻ പറയുന്നു. ബെലഗവിയിൽ നടക്കുന്ന കർണാടക നിയമസഭയുടെ ശീതകാല സമ്മേളനം തീരുന്നതുവരെ പ്രാർത്ഥനാ സംഗമങ്ങൾ ഒഴിവാക്കാനാണ് പൊലിസ് നിർദേശം. ഡിസംബർ 13 മുതൽ 24 വരെ നടക്കുന്ന സമ്മേളനത്തിൽ വിവാദ മതപരിവർത്തന നിരോധന ബില്ല് അവതരിപ്പിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്.
സംസ്ഥാനത്ത് ക്രിസ്ത്യൻ സമൂഹത്തിനെതിരെ നടക്കുന്ന അക്രമസംഭവങ്ങളിൽ ആശങ്കയുമായി മതപുരോഹിതന്മാർ രംഗത്തെത്തിയിട്ടുണ്ട്. ഇക്കാര്യം ഉന്നയിച്ച് റവ. നന്ദുകുമാർ, റവ. ഡെറെക് ഫെർണാണ്ടസ് അടങ്ങുന്ന ബിഷപ്പുമാരുടെയും ക്രിസ്ത്യൻ നേതാക്കളുടെയും സംഘം ബെലഗവി പൊലിസ് കമ്മീഷണറെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചിരുന്നു. പുതിയ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ തങ്ങൾക്ക് പ്രത്യേക സുരക്ഷ നൽകണമെന്നായിരുന്നു ആവശ്യം. സുരക്ഷ നൽകുന്നതിനു പകരം പ്രാർത്ഥനകളും മറ്റു പരിപാടികളും നിർത്തിവയ്ക്കാൻ ആവശ്യപ്പെടുന്നത് അപകടകരമാണെന്ന് നിവേദനത്തിൽ സൂചിപ്പിച്ചു.
Adjust Story Font
16