മുമ്പ് ലഖ്‌നൗവിലെത്തുന്നത് മഹാഭാരത യുദ്ധം ജയിക്കുന്നത് പോലെയായിരുന്നു: നരേന്ദ്രമോദി
പൂർവാഞ്ചൽ എക്‌സ്പ്രസ് വേ സമാജ്‌വാദി എക്‌സ്പ്രസ് വേ ആണെന്നും ബി.ജെ.പി ക്രെഡിറ്റ് അടിച്ചു മാറ്റുകയാണെന്നും സമാജ്‌വാദി തലവൻ അഖിലേഷ് യാദവ്
മുമ്പ് കിഴക്കൻ ഉത്തർപ്രദേശിലുള്ളവർക്ക് ലഖ്‌നൗവിലെത്തുന്നത് മഹാഭാരത യുദ്ധം ജയിക്കുന്നത് പോലെയായിരുന്നുവെന്നും യു.പിയിലെ മുൻ സർക്കാറുകളുടെ കാലത്ത് പുരോഗതി അവരുടെ കുടുംബത്തിന് മാത്രമായിരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 341 കിലോമീറ്റർ ദൂരമുള്ള പൂർവാഞ്ചൽ എക്‌സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 2017 ൽ യു.പിയിൽ അധികാരത്തിലെത്തിയ ബി.ജെ.പി കോവിഡ് രണ്ടാം തരംഗം നേരിടുന്നതിൽ പരാജയപ്പെട്ട് ഏറെ പഴി കേട്ടിരുന്നു. സംസ്ഥാന തെരഞ്ഞെടുപ്പിന് മുമ്പ് ഈ ക്ഷീണം മാറ്റാനുള്ള ശ്രമത്തിലാണ് പാർട്ടി. എന്നാൽ തെരഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ സർക്കാറിന് അവകാശപ്പെടാൻ മാത്രം നേട്ടങ്ങളൊന്നുമില്ലെന്ന് വിമർശനമുണ്ട്.
''മുൻ സർക്കാറുകൾ യു.പിയിൽ നല്ല റോഡുകൾ ഉണ്ടാക്കിയില്ല. അന്നത്തെ പവർകട്ടുകളും നിയമവാഴ്ചയും ആരോഗ്യസംവിധാനവും മറക്കാനാകുമോ. യുപിയിലെ ജനങ്ങളെ സർക്കാറുകൾ എങ്ങനെ പരിഗണിച്ചെന്ന് എനിക്കറിയാം'' മോദി പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരെയടക്കം പരിഹസിച്ച് സ്ഥിരം ചേരുവകളോടെയായിരുന്നു മോദിയുടെ പ്രസംഗം.
പൂർവാഞ്ചൽ എക്‌സ്പ്രസ് വേക്കു പുറമേ, ഗംഗ എക്‌സ്പ്രസ് വേ, ഗൊരഖ്പൂർ എക്‌സ്പ്രസ് വേ, ബുന്ദേൽഖണ്ഡ് എക്‌സ്പ്രസ് വേ എന്നിവയുടെ നിർമാണം നടക്കുന്നുണ്ടെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. എന്നാൽ പൂർവാഞ്ചൽ എക്‌സ്പ്രസ് വേ സമാജ്‌വാദി എക്‌സ്പ്രസ് വേ ആണെന്നും ബി.ജെ.പി ക്രെഡിറ്റ് അടിച്ചു മാറ്റുകയാണെന്നും സമാജ്‌വാദി തലവൻ അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
ഉദ്ഘാടന ചടങ്ങ് കേവലം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് ബി.എസ്.പി വിമർശിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ എക്‌സ്പ്രസ് വേയും മറ്റു വികസന പദ്ധതികളും ഓർക്കുന്നു, കഴിഞ്ഞ നാലര കൊല്ലം അവർ ഒന്നും ചെയ്തില്ലെന്നും ബി.എസ്.പി നേതാക്കൾ പറഞ്ഞു. നോയിഡയെയും കിഴക്കൻ യു.പിയെയും ബന്ധിപ്പിക്കാനുള്ള പദ്ധതി തന്റെ കാലത്ത് തുടങ്ങിയതാണെന്ന് മായാവതി പറഞ്ഞു. എന്നാൽ അയോധ്യ രാമക്ഷേത്രം നിർമിച്ചതിന്റെ ക്രെഡിറ്റ് വരെ സമാജ്‌വാദി പാർട്ടി ഏറ്റെടുത്തു കളയുമെന്ന് ബി.ജെ.പി ട്വിറ്ററിലെഴുതിയ കുറിപ്പിൽ പരിഹസിച്ചു.
Tomorrow is a special day for Uttar Pradesh's growth trajectory. At 1:30 PM, the Purvanchal Expressway will be inaugurated. This project brings with it multiple benefits for UP's economic and social progress. https://t.co/7Vkh5P7hDe pic.twitter.com/W2nw38S9PQ
— Narendra Modi (@narendramodi) November 15, 2021
Adjust Story Font
16