കെജ്‌രിവാളിന് വീട്ടിലെ ഭക്ഷണം, ഭഗവത്ഗീത സൂക്ഷിക്കാം; അനുമതി
കെജ്‌രിവാളിന് ഭാര്യയെയും അഭിഭാഷകരെയും കാണാൻ ദിവസവും ഒരു മണിക്കൂർ സമയവും അനുവദിച്ചിട്ടുണ്ട്
ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ സിബിഐ കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീട്ടിൽ നിന്നുള്ള ഭക്ഷണം കഴിക്കാനും ഭഗവത്ഗീത കയ്യിൽ സൂക്ഷിക്കാനും അനുമതി. കെജ്‌രിവാളിന്റെ അഭ്യർഥനപ്രകാരം ഡൽഹി റോസ് അവന്യൂ കോടതിയാണ് അനുമതി നൽകിയത്. അതേസമയം പാന്റ് ടൈറ്റാക്കാൻ ബെൽറ്റ് വേണമെന്ന അഭ്യർഥന കോടതി നിഷേധിച്ചു.
ബുധനാഴ്ചയാണ് ഡൽഹി റോസ് അവന്യൂ കോടതി കെജ്‌രിവാളിനെ മൂന്ന് ദിവസത്തെ സിബിഐ കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡിയിലിരിക്കെ കെജ്‌രിവാളിന് ഭാര്യയെയും അഭിഭാഷകരെയും കാണാൻ ദിവസവും ഒരു മണിക്കൂർ സമയവും സ്‌പെഷ്യൽ ജഡ്ജ് അമിതാഭ് റാവത്ത് അനുവദിച്ചിട്ടുണ്ട്. ഡോക്ടർമാർ നിർദേശിച്ച മരുന്നുകളും കഴിക്കാം. ജൂൺ 29നാണ് കെജ്‌രിവാളിനെ കോടതിയിൽ ഹാജരാക്കുക.
ബുധനാഴ്ചയാണ് സിബിഐ കെജ്‌രിവാളിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ വിചാരണ കോടതി ജാമ്യം നൽകിയതിന് പിന്നാലെയായിരുന്നു സിബിഐയുടെ അറസ്റ്റ്. വിചാരണക്കോടതിയുടെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു.
മദ്യനയ അഴിമതിക്കേസിൽ മാർച്ചിലാണ് കെജ്‌രിവാൾ അറസ്റ്റിലായത്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നാഴ്ചത്തെ താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു. സുപ്രീം കോടതി അനുവദിച്ച ഇടക്കാല ജാമ്യകാലാവധി തീർന്നതിനു പിന്നാലെ രണ്ടുദിവസത്തിന് മുൻപ് കെജ്‌രിവാൾ തിഹാർ ജയിലിലേക്ക് മടങ്ങുകയും ചെയ്തു.
Adjust Story Font
16